മഞ്ചേരി: കാഞ്ഞങ്ങാട്ടെ വേദിയിൽ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി വേദി പങ്കിട്ടതിന് പിന്നാലെ യോജിപ്പിന്‍റെ സ്വരം ആവർത്തിച്ച് സമസ്ത പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. വെള്ളിയാഴ്ച മഞ്ചേരിയിൽ നടന്ന സമസ്ത സംഗമത്തിൽ വിവാദ വിഷയങ്ങളിലൊന്നും തൊടാതെ ആയിരുന്നു അദ്ദേഹത്തിന്‍റെ സംസാരം. എന്നാൽ സമസ്ത - ലീഗ് തമ്മിലുള്ള ഭിന്നിപ്പിന് ആക്കം കൂട്ടുന്ന പ്രവൃത്തിയെ അദ്ദേഹം പരോക്ഷമായി എതിർത്തു.
പണ്ഡിതന്മാർ ഭിന്നിപ്പിക്കുന്ന സ്വരങ്ങൾ ഉണ്ടാക്കരുതെന്നും പ്രവൃത്തിയിലും പ്രസംഗത്തിലും ഇത് ഒഴിവാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ എടവണ്ണപ്പാറയിൽ നടത്തിയ പ്രസംഗം വിവാദമായ സാഹചര്യത്തിലാണ് സമസ്ത പ്രസിഡന്‍റിന്‍റെ ഇടപെടലെന്നതും ശ്രദ്ധേയം. ഉമർ ഫൈസിയുടെ പ്രസംഗത്തിന് ശേഷം സമസ്ത - ലീഗ് പ്രവർത്തകർക്കിടയിൽ അനൈക്യം രൂക്ഷമാണ്. ഇരുവിഭാഗത്തിലെയും നേതാക്കളും പ്രതികരണങ്ങളുമായി രംഗത്തെത്തിയരുന്നു. ഉമർ ഫൈസിയുടെ പ്രസ്ഥാവനയുമായി സമസ്തക്ക് ബന്ധമില്ലെന്ന് നേതാക്കൾ വ്യക്തമാക്കിയെങ്കിലും കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കൾ ഇതിനെതിരെ ഉറച്ച നിലപാടാണ് സ്വീകരിച്ചത്.
സമസ്ത - ലീഗ് ബന്ധം വഷളാകുന്നത് ഇരുവിഭാഗത്തിനും ദോഷം ചെയ്യുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പ്രശ്ന പരിഹാരത്തിന് ശ്രമം നടത്തുന്നത്. ഇതിന്‍റെ ഭാഗമായാണ് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സുവർണ ജൂബിലി ഉദ്ഘാടന ചടങ്ങിൽ ഇരുസംഘടനകളുടെയും പ്രസിഡന്‍റുമാർ നിലപാട് മയപ്പെടുത്തിയത്. സമസ്തക്ക് ഒരു കോട്ടം വരുമ്പോൾ മുസ്ലിം ലീഗിന് വേദനിക്കുമെന്നായിരുന്നു സാദിഖലി തങ്ങൾ പറഞ്ഞത്. സംഘടനകളും നേതാക്കളും തമ്മിലുള്ള ഐക്യം തകർക്കുന്നതിനെ ജിഫ്രി തങ്ങളും വിമർശിച്ചിരുന്നു. വാക്കിലും പ്രവൃത്തിയിലും ഈ രീതി തുടർന്ന് ലീഗ് - സമസ്ത ബന്ധത്തിലുണ്ടായ വിള്ളലിന് പരിഹാരം കാണാനാണ് നേതൃത്വം ശ്രമിക്കുന്നത്. കാഞ്ഞങ്ങാട്ടെ പ്രസംഗത്തിന് സമാനമായ മഞ്ഞുരുക്കത്തിനുള്ള ശ്രമമാണ് ജിഫ്രി തങ്ങൾ ഇന്നലെ മഞ്ചേരിയിൽ നടത്തിയത്.
സമസ്തയുടെ പണ്ഡിതന്മാരും പ്രവർത്തകരും വാക്കുകൾ ശ്രദ്ധിക്കണമെന്ന് ഉമർ ഫൈസിയുടെ പേര് പരാമർശിക്കാതെ ജിഫ്രി തങ്ങൾ പറഞ്ഞു. മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കുകൾ ഉണ്ടാകരുത്. ഭിന്നിച്ച് നിൽക്കുന്ന സമീപനം ശരിയല്ല. നാട്ടിൽ അനൈക്യം ഉണ്ടാക്കരുത് എന്നിങ്ങനെയായിരുന്നു അരമണിക്കൂർ നീണ്ട പ്രസംഗത്തിലെ പരാമർശം. ഭിന്നിപ്പ് അവസാനിപ്പിക്കണമെന്ന് പറഞ്ഞ തങ്ങൾ മുജാഹിദ് ആശയങ്ങളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. സാദിഖലി തങ്ങളെ വിമർശിച്ചതിന് ഉമർ ഫൈസിയോട് ഒരാഴ്ചക്കകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രശ്ന പരിഹാരത്തിന് സമസ്ത അധ്യക്ഷൻ തന്നെ മുന്നിട്ടിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.