കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ജിസ്മോളുടേയും കുട്ടികളുടേയും മൃതദേഹം പുറത്തേക്കിറക്കുമ്പോൾ പൊട്ടിക്കരയുന്ന ബന്ധുക്കൾ
കോട്ടയം: ഏറ്റുമാനൂരിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമായി ആത്മഹത്യ ചെയ്ത ജിസ്മോളുടെ മരണം ഉൾക്കൊള്ളാനാകാതെ സുഹൃത്തുക്കളും സഹപ്രവർത്തകരും. ചൊവ്വാഴ്ച ഉച്ചക്കായിരുന്നു അഞ്ചും രണ്ടും വയസുള്ള പിഞ്ചുകുഞ്ഞുങ്ങളുമായി ജിസ്മോൾ മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കിയത്. അഭിഭാഷകയായി ഹൈകോടതിയിൽ സജീവമായി പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് ജിസ്മോൾ മുത്തോലി പഞ്ചായത്ത് അംഗമായി തെരഞ്ഞടുക്കപ്പെട്ടത്.
പിന്നീട് 2019ൽ 24ാം വയസിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റും ആയി. അതോടെ അഭിഭാഷക ജോലിയുടെ തിരക്കുകളിൽ നിന്ന് മാറി. അഭിഭാഷകയായിരിക്കെ ജിസ്മോൾ നടത്തിയ സാഹസിക ഇടപെടലും അന്ന് കൂടെ പ്രവർത്തിച്ചവർ ഓർക്കുന്നു. ഭർത്താവ് അന്യായമായി മാനസികാരോഗ്യ കേന്ദ്രത്തിലാക്കി പൂട്ടിയിട്ട യുവതിയെ കാണാൻ വേഷംമാറി ജിസ്മോൾ അവിടെ ചെന്നതായി സഹപ്രവർത്തകർ പറയുന്നു. യുവതിയുടെ ഭർത്താവിനെ കാണാനോ ആശുപത്രിയിൽ പ്രവേശിക്കാനോ സാധിക്കാത്ത സാഹചര്യത്തിലായിരുന്നു ജിസ്മോളുടെ സാഹസിക ഇടപെടൽ.
തുടർന്ന് ഇവർ നൽകിയ റിപ്പോർട്ട് അനുസരിച്ച് ജസ്റ്റിസ് വിനോദ്ചന്ദ്രൻ വിഷയം പരിശോധിക്കാൻ അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അമിക്കസ് ക്യൂറി നേരിട്ട് ആശുപത്രിയിൽ എത്തി യുവതിയെ കാണുകയും ചികിത്സാരേഖകൾ ശേഖരിക്കുകയും ചെയ്തു. കൂടാതെ മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാർക്ക് മുന്നിൽ ഹാജരാക്കി പരിശോധിപ്പിച്ചു. ഇതിന്റെയെല്ലാം വിവരങ്ങൾ ഉൾക്കൊള്ളിച്ച് ഹൈകോടതിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു.
ഇതോടെ പരാതിക്കാരിയോട് ഹാജരാകാൻ നിർദേശിച്ച ജഡ്ജി അവരോട് നേരിട്ട് സംസാരിച്ചു. തുടർന്നാണ് മോചനത്തിന് ഉത്തരവായത്. ഇതിലെല്ലാം അഡ്വ. ജിസ്മോളുടെ പങ്ക് നിർണായകമായിരുന്നെന്ന് ഹൈകോടതി അഭിഭാഷകർ ഓർക്കുന്നു.\ അത്തരത്തിൽ ഇടപെടൽ നടത്തിയ ജിസ്മോളുടെ ആത്മഹത്യ ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.