യുവാക്കളുടെ വലിയ സ്വപ്നങ്ങളിലൊന്നാണ് സർക്കാർ ജോലി. അതിനുവേണ്ടി 'തലകുത്തി' നിന്ന് പഠിച്ച് കഷ്ടപ്പെടുന്നവരും ഏറെ. ഒടുവിൽ പരീക്ഷയെഴുതി പാസായി യോഗ്യത നേടിക്കഴിഞ്ഞിട്ടും ജോലി കിട്ടാക്കനി. ഈ സമയം കൊണ്ട് 'പാർട്ടിക്ക് പഠിച്ചവർ' സ്വപ്നക്കസേരകളിൽ കയറി അനായാസം ഇരിപ്പുറപ്പിച്ചിട്ടുണ്ടാകും. പി.എസ്.സി റാങ്ക് പട്ടികയെ നോക്കുകുത്തിയാക്കിയാണ് 'പാർട്ടി റിക്രൂട്ട്മെൻറ് മേള'. ലൈബ്രറി കൗൺസിൽ, സി-ഡിറ്റ്, കില, കെൽട്രോൺ തുടങ്ങിയ സ്ഥാപനങ്ങളിലായി നൂറുകണക്കിന് പേരെ സ്ഥിരപ്പെടുത്തിക്കഴിഞ്ഞു. ഉദ്യോഗത്തിനുള്ള യോഗ്യത പാർട്ടി ബന്ധം മാത്രമാകുന്ന 'എല്ലാം ശരിയാകുന്ന മനോഹര' കാലഘട്ടത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. അതിന്റെ പിന്നാമ്പുറ കഥകൾ 'മാധ്യമം' ലേഖകർ അന്വേഷിക്കുന്നു.
ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ അനുഭാവം നിലനിർത്താൻ നാലരവർഷം പൂർത്തിയായ നാലു കരാർ ജീവനക്കാർക്ക് സ്ഥിരനിയമനം നൽകണമെന്ന അക്കാദമി ചെയർമാൻ കമലിെൻറ കത്ത് വിവാദമായിരുന്നു. ഇതിൽ ഒരു പുതുമയുമില്ലെന്നാണ് മുൻ പി.എസ്.സി അംഗങ്ങളുടെ അഭിപ്രായം. ഇത്തരം കത്തുകളും ഫോൺ വിളികളും പാർട്ടി -മന്ത്രി ഓഫിസുകളിൽനിന്ന് പതിവാണത്രെ. പാർട്ടി തന്ന കസേരയായതിനാൽ ആവശ്യപ്പെടുന്നവരെ റാങ്ക് പട്ടികയിൽ മുന്നിലെത്തിക്കും. ഇതിനുള്ള പ്രധാന കുറുക്കു വഴിയാണ് അഭിമുഖം.
എഴുത്തുപരീക്ഷയിൽ മാർക്ക് കുറഞ്ഞാലും അഭിമുഖത്തിൽ കൂട്ടി നൽകും. ആസൂത്രണ ബോർഡിലെ ഉന്നത തസ്തികകളിലേക്ക് നടന്ന അഭിമുഖം ഉദാഹരണം. ചീഫ് സോഷ്യൽ സർവിസ് തസ്തികയിലെ എഴുത്തുപരീക്ഷയിൽ പട്ടികജാതിക്കാരിയായ സൗമ്യ 91.75 മാർക്ക് നേടി ഒന്നാമതെത്തി. എന്നാൽ, ഇൻറർവ്യൂവിൽ സൗമ്യക്ക് ലഭിച്ചത് 40ൽ 11 മാർക്ക്. അതേസമയം, സൗമ്യക്കുപിന്നിൽ യഥാക്രമം രണ്ട്, മൂന്ന്, അഞ്ച് സ്ഥാനങ്ങളിലെത്തിയ കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാവിനും ആസൂത്രണ ബോർഡിലെ രണ്ട് ഉദ്യോഗസ്ഥർക്കും ലഭിച്ചത് 36 മാർക്ക്. ഇതോടെ ഒന്നാംസ്ഥാനക്കാരി നാലാമതായി.
ചീഫ് ഡീ സെൻട്രലൈസ്ഡ് പ്ലാനിങ് തസ്തികയിലെ എഴുത്തുപരീക്ഷയിൽ 200 ൽ 52.50 മാർക്ക് നേടിയ പാർട്ടി അനുഭാവിയെ മുന്നിലെത്തിക്കാൻ അഭിമുഖത്തിൽ നൽകിയത് 40ൽ 38 മാർക്ക്. പി.എസ്.സി നടപടികൾ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തെങ്കിലും അഭിമുഖത്തിലെ മാർക്ക് ചോദ്യംചെയ്യാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി ഹൈകോടതി നിയമനങ്ങൾ ശരിവെച്ചു.
ആഭ്യന്തര വകുപ്പിൽ പി.എസ്.സി പുറത്ത്
10 വർഷം കരാറടിസ്ഥാനത്തിൽ ജോലിചെയ്തവരെ സ്ഥിരപ്പെടുത്തുന്നത് മാനുഷിക പരിഗണനയായാണ് സർക്കാർ കാണുന്നത്. യുവജന സംഘടനയുടെ അഭിപ്രായവും അതുതന്നെ. ഈ പരിഗണന റാങ്ക് പട്ടികയിലുള്ളവരോടും വേണ്ടേയെന്നാണ് ഉദ്യോഗാർഥികളുടെ ചോദ്യം. പ്രളയവും കോവിഡും നൽകിയ സാമ്പത്തിക ആഘാതം മറികടക്കാൻ ഒരുവശത്ത് വകുപ്പുകളിൽ നിയമനനിരോധനം ഏർപ്പെടുത്തിയവർ തന്നെയാണ് മറുവശത്ത് താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത്. എൽ.ഡി ക്ലർക്ക് റാങ്ക് ലിസ്റ്റ് നിലനിൽക്കെ മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തരവകുപ്പിൽ ക്ലർക്ക് ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നില്ല. പകരം ടൈപ്പിസ്റ്റുമാരെ തിരുകിക്കയറ്റുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ 61ടൈപ്പിസ്റ്റുകളെ വിവിധ ജില്ല പൊലീസ് ഓഫിസ്, ക്രൈംബ്രാഞ്ച്, ടെലികമ്യൂണിക്കേഷൻ, ഫിംഗർപ്രിൻറ് ബ്യൂറോ എന്നിവിടങ്ങളിൽ വഴിവിട്ട് നിയമിച്ചതായി വിവരാവകാശ രേഖകളിൽ നിന്ന് വ്യക്തം. റാങ്ക് ലിസ്റ്റിലുള്ളവർ പി.എസ്.സിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയെങ്കിലും ഒന്നും നടന്നില്ല.
സർവകലാശാലകളിലെ അനധ്യാപക നിയമനങ്ങൾ പി.എസ്.സി വഴി നടത്തണമെന്നത് ദീർഘകാലത്തെ ആവശ്യമാണ്. 2020 ഡിസംബറിലെങ്കിലും കൂട്ടവിജ്ഞാപനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പി.എസ്.സി തിരിഞ്ഞുനിന്നു. സർവകലാശാലകൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്തില്ലെന്നാണ് ന്യായമായി പറഞ്ഞത്. ഇതോടെ, 2020ൽ പ്രായപരിധി പിന്നിട്ട പതിനായിരങ്ങൾക്കാണ് അവസരം നഷ്ടമായത്.
പി.എസ്.സിയുടെയും സർവകലാശാലകളുടെയും ഒളിച്ചുകളി ആർക്കുവേണ്ടിയായിരുന്നുവെന്ന് വ്യക്തം. ഈ മെെല്ലപ്പോക്ക് മുതലെടുത്താണ് പത്തുവർഷം തികച്ചവരെ സർവകലാശാലകളിലും മറ്റു പല വകുപ്പുകളിലും സ്ഥിരപ്പെടുത്താൻ നീക്കം സജീവമായത്.
വിജ്ഞാപനം വന്ന് നാലുവർഷമാകുമ്പോഴും ജലഗതാഗത വകുപ്പിലെ സ്രാങ്ക് തസ്തികയുടെ റാങ്ക് പട്ടികയായിട്ടില്ല. 2017മേയിലാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. 2018 ജൂലൈയിൽ പരീക്ഷ നടത്തി. 2019 ആഗസ്റ്റിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. 190 പേരെയാണ് ഉൾപ്പെടുത്തിയത്.
മുഖ്യവിഭാഗത്തിൽ 127 പേരും ഉപവിഭാഗത്തിൽ 63ഉം. കഴിഞ്ഞ ഫെബ്രുവരിയിൽ പ്രായോഗിക പരീക്ഷയും അഭിമുഖവും കഴിഞ്ഞെങ്കിലും റാങ്ക് പട്ടിക തയാറായിട്ടില്ല. വിജ്ഞാപനത്തിൽ മൂന്ന് ഒഴിവുകളായിരുന്നെങ്കിലും ഇപ്പോഴത് കൂടി. തസ്തിക അംഗീകരിക്കാത്തതിനാൽ ഈ ഒഴിവുകളിലെല്ലാം താൽക്കാലികക്കാരാണ്. വളരെക്കുറച്ച് അപേക്ഷകരുണ്ടായിട്ടും എന്തുകൊണ്ട് പട്ടിക വൈകുന്നുവെന്ന ചോദ്യത്തിന് പി.എസ്.സിക്ക് ഉത്തരമില്ല.
നിലവിലെ താൽക്കാലികക്കാരെ സ്ഥിരമാക്കുന്നതുവരെ പട്ടിക വൈകുമോയെന്ന് ഉദ്യോഗാർഥികൾ ചോദിക്കുന്നു. പി.എസ്.സിക്ക് വിടാത്ത തസ്തികകളിലാണ് താൽക്കാലികക്കാരെ നിയമിക്കുന്നതെന്നാണ് സർക്കാർ വാദം. എന്നാൽ, വനംവകുപ്പിൽ പി.എസ്.സി റാങ്ക് പട്ടിക നിലനിൽക്കെ നൂറോളം താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഫയൽ മന്ത്രിസഭ പരിഗണനയിലാണ്. റിസർവ് വാച്ചർ റാങ്ക് പട്ടിക മറികടന്നാണ് കണ്ണൂർ ഡിവിഷനിലെ നൂറോളം പേരെ സ്ഥിരപ്പെടുത്താനുള്ള നീക്കം.
പി.എസ്.സിയെ നോക്കുകുത്തിയാക്കുന്ന നടപടികളാണ് ഓരോ ദിവസവും സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടാകുന്നത്. കേരള മെഡിക്കൽ സർവിസസ് കോർപറേഷനിൽ 663 തസ്തികകളിൽ നേരിട്ടുള്ള നിയമനത്തിന് ആരോഗ്യവകുപ്പ് പച്ചക്കൊടി കാണിച്ചുകഴിഞ്ഞു. ഇതിനായി ആറംഗ ഉപസമിതിയും രൂപവത്കരിച്ചു. കരാർ ജോലിക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണിതെന്ന ആരോപണം ശക്തമാണ്. കെ.എസ്.ആർ.ടി.സി പുതുവർഷത്തിൽ പ്രഖ്യാപിച്ച 'സ്വിഫ്റ്റ് ' എന്ന കമ്പനിയിലും കരാർ നിയമനത്തിനാണ് നീക്കം. പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത 2000ത്തിലേറെ ഡ്രൈവർ തസ്തികകളിൽ നിയമനം നടത്താതെയാണ് പുതിയ കമ്പനി രൂപവത്കരണവുമായി കെ.എസ്.ആർ.ടി.സി മുന്നോട്ടുപോകുന്നത്. തൽക്കാലത്തേക്ക് കെ.എസ്.ആർ.ടി.സിയിൽ നിന്ന് 2000 ബസുകൾ വാടകക്ക് എടുക്കാനും തീരുമാനിച്ചിട്ടുണ്ട്. മുമ്പ് എം.പാനലായി പത്തുവർഷത്തിലേറെ ജോലിചെയ്തവരെ സ്ഥിരപ്പെടുത്താനും ധാരണയുണ്ട്. എന്നാൽ, പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത ഡ്രൈവർമാരുടെ ഒഴിവുകളെക്കുറിച്ച് മാത്രം കോർപറേഷനോ വകുപ്പ് അധികൃതരോ മിണ്ടുന്നില്ല. ഈ ജോലിക്കായി കാത്തിരുന്ന് മടുത്തവർ ഒടുവിൽ കോടതിയിൽ അഭയം തേടിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.