കോട്ടയം: ജോസ് കെ. മാണി രാജ്യസഭ എം.പി സ്ഥാനം രാജിവെച്ചു. രാജ്യസഭ അധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന് രാജിക്കത്ത് കൈമാറി.
നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് മുന്നോടിയായാണ് രാജി പ്രഖ്യാപനമെന്ന് റിപ്പോർട്ട്. പാലാ സീറ്റിൽ നിന്ന് ജോസ് നിയമസഭയിലേക്ക് മൽസരിക്കുമെന്നാണ് വിവരം. അതേസമയം, കടുത്തുരുത്തിയിൽ മൽസരിക്കണമെന്ന ആവശ്യം പാർട്ടി പ്രവർത്തകർ മുന്നോട്ടുവെച്ചിട്ടുണ്ട്.
ജോസ് കെ. മാണിയുടെ രാജിവഴി ഒഴിവുവന്ന രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് തന്നെ എൽ.ഡി.എഫ് നൽകുമെന്നാണ് വിവരം. ഗുജറാത്തിലെ രാജ്യസഭ ഉപതെരഞ്ഞെടുപ്പിനൊപ്പം ഈ സീറ്റിലും തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ട്.
2018 ജൂണിലാണ് യു.ഡി.എഫിന്‍റെ രാജ്യസഭ അംഗമായി ജോസ് കെ. മാണി തെരഞ്ഞെടുക്കപ്പെട്ടത്. ബാർ കോഴ കേസിൽ യു.ഡി.എഫുമായി തെറ്റിയ കെ.എം. മാണിെയ അനുനയിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കേരള കോൺഗ്രസിന് ഒഴിവുവന്ന രാജ്യസഭാ സീറ്റ് കോൺഗ്രസ് നൽകിയത്. യു.ഡി.എഫ് ബന്ധം അവസാനിപ്പിച്ച് എൽ.ഡി.എഫിന്‍റെ ഭാഗമായ ജോസ് കെ. മാണി എം.പി സ്ഥാനം രാജിവെക്കാത്തതിൽ കോൺഗ്രസ് കടുത്ത വിമർശനം ഉയർത്തിയിരുന്നു.
കേരള കോൺഗ്രസ് പാർട്ടി സംബന്ധിച്ച് പി.ജെ. ജോസഫും ജോസ് കെ. മാണിയും തമ്മിലുള്ള തർക്ക കേസ് ഹൈകോടതി ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണിനയിലാണ്. ജോസ് കെ. മാണി രാജിവെച്ചാൽ ജനപ്രതിനിധികളുെട എണ്ണം കുറയുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമോ എന്ന സംശയം നിലനിന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നിയമോപദേശം തേടിയ ശേഷമാണ് എം.പി സ്ഥാനം ജോസ് രാജിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.