ഡൽഹിയിൽ ജോലി ചെയ്യുന്ന കാലത്ത് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ മാധ്യമപ്രവർത്തകന്‍റെ ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാകുന്നു. മാധ്യമപ്രവർത്തകൻ അബ്ജോത് വര്‍ഗീസാണ് ഡൽഹിയിൽ ജോലിയുടെ തുടക്കക്കാലത്ത് പൊലീസ് തീവ്രവാദിയെന്ന് സംശയിച്ച കഥ തുറന്നു പറഞ്ഞത്. അന്ന് ആ മാധ്യമത്തിന്‍റെ സ്വീകാര്യത കൊണ്ടും മുസ്ലിമല്ലാത്തതിനാലും തീവ്രവാദി ആയില്ലെന്നും അബ്ജോത് പറയുന്നു.
ഇപ്പൊ ഒരിക്കൽ കൂടി പറയണമെന്ന് തോന്നി....2005ലാണ് പി.ടി.ഐയില്‍ ജോലി കിട്ടുന്നത്. ജേര്‍ണലിസ്റ്റ് ട്രയിനിയായി. ഹിന്ദി അങ്ങനെ വശമില്ല. മദ്രാസിലായിരുന്നു ടെസ്റ്റ്. ഇന്റര്‍വ്യൂഡല്‍ഹിയിലും. ഇന്റര്‍വ്യൂവിന് പോയപ്പോള്‍ തന്നെ ഹിന്ദിയില്‍ പണി
കിട്ടിയതാണ്. സുഹൃത്തുക്കള്‍ താമസിച്ചിരുന്ന ഇടം കണ്ടുപിടിക്കാനാവാതെ ഏതാണ്ടൊരു രാത്രി മുഴുവന്‍ അലയേണ്ടിവന്നു.
ഹൈസ്കൂളില്‍ ചാവടി സാറായിരുന്നു ഹിന്ദി പഠിപ്പിച്ചിരുന്നത്. ആ ഹിന്ദി കുഴപ്പക്കാരനായിരുന്നില്ല. അത്യാവശ്യം നല്ല മാര്‍ക്കും കിട്ടിയിരുന്നു. പ്രീഡിഗ്രിക്ക് ജാഡക്ക് ഫ്രഞ്ച് സെക്കന്‍ഡ് ലാംഗ്വേജ് എടുത്തതോടെ ഹിന്ദിയുമായി ബന്ധം മുറിഞ്ഞു. ഫ്രഞ്ചാണെങ്കില്‍ കാര്യമായി പിടി തന്നതുമില്ല.
എന്തായാലും ഡല്‍ഹിയിലെത്തി ജോലിയും ജീവിതവുമാരംഭിച്ചു. ഡല്‍ഹിയുടെ അതിര്‍ത്തിയിലെ മഹിപ്പാല്‍പ്പൂരെന്ന സ്ഥലത്തായിരുന്നു താമസം. കോളജിലെ സുഹൃത്തുക്കള്‍ക്കൊപ്പം പഠിച്ചിരുന്ന രാജീവിന്റെ മുറിയിലായിരുന്നു കൂടിയത്. അപകര്‍ഷതയുടെ ഒരു കൂടായ എനിക്ക് രാജീവ് വലിയ ആശ്വാസമായി. അതൊരു പൊലീസുകാരന്റെ വീടായിരുന്നു. ജാട്ട്. പൊലീസുകാരനും കുടുംബവും താഴത്തെ നിലയില്‍. തൊട്ടുമുകളിലുളള നിലയില്‍ രണ്ട് കുടുംബങ്ങള്‍ . രാജസ്ഥാനില്‍ നിന്നും ബിഹാറില്‍ നിന്നുമുളളവരായിരുന്നു അവര്‍ . മുകള്‍ നിലയില്‍ ഞാനും രാജീവും ഒരു മുറിയില്‍ . മറ്റ് രണ്ട് മുറികളിലായി വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന നാല് പേര്‍ .
തപ്പിത്തടഞ്ഞുളള ഹിന്ദിയായിട്ടും മഹിപ്പാല്‍പ്പൂര്‍ സൗകര്യമായിരുന്നു. ബസുകള്‍ക്കവിടെ നമ്പറായിരുന്നു. മഹിപ്പാല്‍പ്പൂര്‍ 910 ആയിരുന്നുവെന്നാണ്ഓര്‍മ. പാര്‍ലമെന്റ് സ്ട്രീറ്റിലെ പി ടി ഐ ഓഫീസിന് തൊട്ടരികെ നിന്നും ബസ് കിട്ടും. താമസിക്കുന്നിടത്ത് നിന്നും അഞ്ച് മിനിറ്റ് നടന്നാല്‍
മഹിപ്പാല്‍പ്പൂരിലെ ബസ് സ്റ്റോപ്പിലുമെത്താം. രണ്ടാഴ്ചത്തെ ട്രെയിനിങ് കഴിഞ്ഞ് ഡസ്ക് ഡ്യൂട്ടിയായി. മിക്കവാറും ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞത്തെ ഷിഫ്റ്റായിരുന്നു. രണ്ട് മണി മുതല്‍ എട്ട് മണി വരെ. ആറ് മണിക്കൂറേയുളളൂ. ഇടക്ക് എക്സ്ട്രാ നൈറ്റ് ഷിഫ്റ്റുമുണ്ട്. പുലര്‍ച്ചെ രണ്ട് മണി മുതല്‍ രാവിലെ എട്ട് മണി വരെ. ഒപ്പമുളളത് മലയാളികളാണെങ്കില്‍ വയറ് നിറയെ മലയാളം പറഞ്ഞ് സന്തോഷിക്കാം. അല്ലെങ്കില്‍ മുറിഹിന്ദിയിലൊതുങ്ങും. മാധ്യമം ഇംഗ്ലീഷാണെങ്കിലും അവിടെ കൂടുതലാളുകളുടെയും സംസാരഭാഷ ഹിന്ദിയായിരുന്നു.
ജോലിക്ക് കയറി ഒരു മാസം തികയുന്നതിനോടടുത്ത് നടന്നൊരു സംഭവമാണ്. എട്ട് മണിക്ക് ഷിഫ്റ്റ് കഴിഞ്ഞ് എന്തെങ്കിലും കഴിച്ച് മഹിപ്പാല്‍പ്പൂരിലെത്തുമ്പോഴേക്കും പത്ത് മണി കഴിയും. ബസ് സ്റ്റോപ്പിലിറങ്ങി റൂമിലേക്ക് നടക്കുകയാണ് പതിവ്. അതിന് മുമ്പൊരു ജ്യൂസും കുടിക്കും. അനാര്‍ കാ ജ്യൂസ്. മാതളജ്യൂസ്. തൊട്ടടുത്തൊരു ജ്യൂസ് കടയുണ്ട്. കൈ കൊണ്ട് കറക്കുന്ന ജ്യൂസറാണ്. നാള് കുറെ കഴിഞ്ഞപ്പോള്‍ ഉച്ചക്ക് ഞാന്‍ ഓഫീസിലേക്ക് പോകുന്നത് കണ്ടാല്‍ കടക്കാരന്‍ രാത്രി കച്ചവടം കഴിഞ്ഞാലും കുറച്ച് സമയം കാത്തിരിക്കുന്ന കടക്കാരനായിരുന്നു.
ജ്യൂസും കുടിച്ച് നേവികട്ട് ഒരെണ്ണം കത്തിച്ച് ഒരു നടപ്പാണ്. ഇവിടുത്തെ വില്‍സിനവിടെ കടകളില്‍ നേവിക്കട്ടെന്നായിരുന്നു പറയാറ്. ആ നടപ്പില്‍ പതിവായി ഒരു പൊലീസ് വണ്ടി കാണും. പതിവ് രാത്രികാവലാണ്. ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്ലിന്റെയോ മറ്റോ സംഘമാണ്. പൊലീസുകാരെ പണ്ടേ ഇഷ്ടമല്ല. എടാന്ന് വിളിച്ചാല്‍ തിരിച്ച് പോടാന്ന് വിളിക്കണമെന്നാണ് കോളജ് കാലം മുതലുളള ഒരിത്. ഡല്‍ഹിയിലത് നടപ്പില്ല. ഹിന്ദിയില്‍ അവര് തെറി പറഞ്ഞാല്‍ തെറിയാണെന്ന്മ നസിലാകണമെന്ന് തന്നെയില്ല. അതുകൊണ്ട് അവരെ കാണുമ്പോള്‍ പതിവിലും കൂടുതലൊതുങ്ങി, പുകയുന്ന സിഗററ്റ് മറുകയ്യിലേക്ക് മാറ്റി താഴ്ത്തിപ്പിടിച്ച് നടക്കുകയാണ് പതിവ്. എങ്കിലും ഹൈവേയുടെ സര്‍വീസ് റോഡില്‍നിന്നും റൂമിലേക്ക് തിരിയുന്ന ഇരുട്ടുവീണ ഇടവഴി കയറുന്നത് വരെ അവരെന്നെ നോക്കിനില്‍ക്കുകയാണെന്ന് വെറുതെ തോന്നിപ്പോകും.
ആ കാലത്ത് നല്ല താടിയുണ്ട്. താടിയെന്ന് പറഞ്ഞാല്‍ വെട്ടിയൊതുക്കിയ സുന്ദരമായ താടിയല്ല. അലക്ഷ്യമായി വളര്‍ന്ന താടി. ആ താടി ഒരു കുഴപ്പം പിടിച്ച താടിയാണെന്ന് ഞാനറിഞ്ഞിരുന്നില്ല.
ഒരു രാത്രി. എല്ലാം പതിവ് പോലെ. 910 ബസില്‍ വന്നിറങ്ങി. ജ്യൂസ് കുടിച്ചു. നേവിക്കട്ട് കത്തിച്ചു. പൊലീസ് വണ്ടിയും കടന്ന് നടന്നു. ഇടവഴി കയറി റൂമിലെത്തി. രാജീവ് അസംബിള്‍ ചെയ്ത ഒരു എഫ് എം റേഡിയോയില്‍ പാട്ട് കേട്ട് മയങ്ങുന്നു. അവനെ തട്ടിയുണര്‍ത്തി. പത്ത് മിനിറ്റ് അന്നത്തെ കഥ പറഞ്ഞിരുന്നു.
താഴെ സൈറണ്‍ ശബ്ദം. ആംബുലന്‍സിന്റെയോ പൊലീസ് വണ്ടിയുടെയോ. ആദ്യം മൈന്‍ഡ് ചെയ്തില്ല. പിന്നെ അത് മൂന്നോ നാലോ വണ്ടികളുടെ സൈറണായി. വീടിന് താഴെ ഒരു ബഹളം. മൂന്നാം നിലയുടെ വരാന്തയില്‍ നിന്ന് പുറത്തേക്ക് നോക്കിയാല്‍ വീടിന്റെ മുന്‍വശം കാണാം. പൊലീസ് വണ്ടികളാണ്. നാലെണ്ണമുണ്ടെന്നാണ് ഓര്‍മ. വീട്ടുടമയോട് ഒരു സംഘം പൊലീസുകാര്‍ സംസാരിക്കുകയാണ്. വീട്ടുടമയും പൊലീസായത് കൊണ്ട് ഞങ്ങള്‍ക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.
പത്ത് മിനിറ്റ് കഴിഞ്ഞില്ല. ഞങ്ങളുടെ പൊലീസുകാരന്‍ മുകളിലേക്ക് കയറി വന്നു. മുറിയില്‍ കയറാന്‍ പറഞ്ഞു. കയറി.''ആപ് സഹി മേ കോന്‍ ഹേ?'' അയാളൊരു ചോദ്യം. രാജീവാണ് ബാക്കിയെല്ലാം സംസാരിച്ചത്. കാര്യം തിരക്കിയപ്പോള്‍ സീരിയസാണ്. ഞാന്‍ അബ്ദുള്‍ റഷീദാണെന്നും, തീവ്രവാദബന്ധമുണ്ടെന്ന് അവര്‍ക്ക് രഹസ്യവിവരമുണ്ടെന്നും കൊണ്ടുപോകാനാണ് പൊലീസ് വന്നതെന്നും രാജീവ് പറഞ്ഞു. പൊലീസുകാരന്റെ വീടായത് കൊണ്ടാണ് അവര്‍ മുകളിലേക്ക് കയറാത്തത്.
അമ്പരപ്പ് മാറിയപ്പോഴേക്കും പെട്ടെന്നെന്തെങ്കിലും ചെയ്തില്ലെങ്കില്‍ മഹാകുഴപ്പമാണെന്ന് ഉറപ്പായി. ബാഗിലാണെങ്കില്‍ കശ്മീരനകൂല ലേഖനമുളള കോളജ് മാഗസിനും നക്സല്‍ബാരിയെക്കുറിച്ചുളള പുസ്തകവും അജിതയുടെ ഓര്‍മക്കുറിപ്പുമൊക്കെയുണ്ട്. ഇന്ത്യയിലൊരാള്‍ക്ക് തീവ്രവാദിയാകാന്‍ കുറച്ച് സംശയാസ്പദമെന്ന് പൊലീസിന് തോന്നുന്ന സാഹചര്യവും ഈ തെളിവുകളുമൊക്കെ ധാരാളം മതി. അത് മന്‍മോഹന്‍ സിങ് രാജ്യം ഭരിച്ചാലും നരേന്ദ്ര മോദി ഭരിച്ചാലും കമ്മ്യൂണിസ്റ്റുകാരന്‍ ഭരിച്ചാലുമെന്ന് അന്നേ നന്നായറിയാം.
കയ്യിലുളള തിരിച്ചറിയല്‍ രേഖ വോട്ടര്‍ ഐ ഡി കാര്‍ഡാണ്. അതെടുത്തുകൊടുത്തു. പൊലീസുകാരന്‍ അതുമായി താഴേക്ക് പോയി. പോയപോലെ തിരികെ വന്നു. അത് പോര. പി ടി ഐയില്‍ ജോലി ചെയ്യുന്നെന്നല്ലേ പറഞ്ഞത്, അവിടുത്തെഐഡന്റിറ്റി കാര്‍ഡ് വേണം. ഐഡന്റിറ്റി കാര്‍ഡ് അന്ന് കിട്ടിയിരുന്നില്ല. പക്ഷെ, ജോയിന്‍ ചെയ്യാനയച്ച കത്തും, ഓഫര്‍ ലെറ്ററുമുണ്ടായിരുന്നു. അത് തപ്പിയെടുത്തുകൊടുത്തു.
പി ടി ഐ ആയത് കൊണ്ടോ എന്തോ, അവരത് സ്വീകരിച്ചു. അതിന്റെ കോപ്പികളും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും പിറ്റേന്ന് സ്റ്റേഷനിലെത്തിക്കണമെന്ന് പറഞ്ഞ് പൊലീസ് സംഘം മടങ്ങി. അര മണിക്കൂറോളം അവരവിടെയുണ്ടായിരുന്നു. പക്ഷെ, പിന്നീട് പോകേണ്ടി വന്നില്ല. സമീപത്തെ മുറികളിലുളളവര്‍ ഒന്നുരണ്ട് ദിവസത്തേക്ക് സംശയത്തോടെ നോക്കിയെങ്കിലും പിന്നെ കൂട്ടായി.
താമസിച്ചത് പൊലീസുകാരന്റെ വീട്ടിലായതും, കയ്യില്‍ പി ടി ഐ പോലൊരു സ്ഥാപനത്തിലാണ് ജോലിയെന്ന് തിരിച്ചറിയാവുന്ന രേഖയുണ്ടായിരുന്നത് കൊണ്ടും രക്ഷപെട്ടു. ഒരു മുസ്ലിമിന്റെ വീട്ടില്‍, അല്ലെങ്കില്‍ കശ്മീരില്‍ നിന്നുളള ഒരു മുസ്ലിം യുവാവായിരുന്നെങ്കില്‍, ചെറിയ മുസ്ലിം ബാക്ക് ഗ്രൗണ്ടുളള ഏതെങ്കിലും മാധ്യമത്തിലെ ജോലിയുമായിരുന്നെങ്കില്‍ കഥവേറെയാകുമായിരുന്നു. അങ്ങനെ എത്രയെത്ര കഥകള്‍ കേട്ടിരിക്കുന്നു. കണ്ടുകൊണ്ടിരിക്കുന്നു. തീവ്രവാദബന്ധത്തെക്കുറിച്ചും തീവ്രവാദക്കേസുകളിലുമുളള പൊലീസ്, ഭരണകൂട ഭാഷ്യങ്ങളത്രയും സംശയത്തോടെ കാണാന്‍ പ്രേരിപ്പിക്കുന്നത് അനുഭവം തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.