തൃശൂർ: കോവിഡിനെ തുടർന്ന് മാതാപിതാക്കൾ നഷ്ടമായ വിദ്യാർഥികൾക്ക് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ നൽകുന്ന ‘ജോയ് ഓഫ് ഹോപ്പ്’ സ്കോളർഷിപ്പിനുള്ള തുക തൃശൂർ ജില്ല ഭരണകൂടത്തിന് കൈമാറി. തൃശൂർ ഡി.ബി.സി.എൽ.സി ഹാളിൽ നടന്ന ചടങ്ങിൽ ജോയ് ആലുക്കാസ് ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ്, ജോയ് ആലുക്കാസ് ഫൗണ്ടേഷൻ ഡയറക്ടർ ജോളി ജോയ് എന്നിവർ ചേർന്നാണ് തൃശൂർ ജില്ല കലക്ടർ വി.ആർ. കൃഷ്ണതേജക്ക് രണ്ടര കോടി രൂപയുടെ ചെക്ക് കൈമാറിയത്.
വിദ്യാർഥികളോട് തന്റെ ജീവിതകഥ പറഞ്ഞാണ് കലക്ടർ സംസാരിച്ചത്. സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് മുടങ്ങിപ്പോകുമായിരുന്ന തന്റെ സ്കൂൾ വിദ്യാഭ്യാസത്തിൽ ഒരു വ്യക്തിയുടെ ഇടപെടലാണ് നിർണായകമായതെന്ന് കലക്ടർ പറഞ്ഞു. മനുഷ്യസ്നേഹത്തിന്റെ മഹത്തരമായ സന്ദേശം നിറഞ്ഞ ക്രിസ്മസ് കാലത്ത് ജോയ് ആലുക്കാസ് ഫൗണ്ടേഷന് ഇത്തരമൊരു സ്കോളർഷിപ് നൽകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു. വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്തുക എന്ന ലക്ഷ്യമിട്ടാണ് ‘ജോയ് ഓഫ് ഹോപ്പ്’ സ്കോളർഷിപ് നൽകുന്നത്. പ്രതിസന്ധിയിൽ കൈത്താങ്ങാകുന്ന ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധതക്ക് കൂടുതൽ ശക്തി പകരുന്നതാണ് ഈ സംരംഭം.
ഇതിനു പുറമെ, ഫൗണ്ടേഷന്റെ കീഴിൽ തൃശൂരിൽ വയോജന മന്ദിരം, പാലിയേറ്റിവ് കെയർ സെന്റര്‍ എന്നിവ വൈകാതെ പ്രവർത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എൽ.കെ.ജി മുതൽ ഡിഗ്രി തലം വരെയുള്ള 350 വിദ്യാർഥികളുടെ അടുത്ത അഞ്ചു വർഷത്തേക്കുള്ള വിദ്യാഭ്യാസ ചെലവുകളാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷന് ഏറ്റെടുത്തത്. സ്കൂൾ വിദ്യാർഥികൾക്ക് 1000 രൂപയും ഹയര്‍സെക്കന്‍ഡറി -ബിരുദ തലത്തിലുള്ളവർക്ക് 2500 രൂപയുമാണ് പ്രതിമാസം ലഭിക്കുക. ജില്ല കലക്ടറുടെ സഹായത്തോടെയാണ് ഗുണഭോക്താക്കളായ കുട്ടികളെ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.