തൃശൂർ: കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ജിക്സൻ സിങ്ങിൽനിന്ന് രാഹുലിലേക്ക് പന്തുവന്ന നിമിഷം മുതൽ തുടങ്ങിയിരുന്നു തൃശൂർ ഒല്ലൂക്കരയിലെ കെ.പി. രാഹുലിന്‍റെ വീടിന് സമീപത്ത് സജ്ജീകരിച്ച സ്ക്രീനിന് മുമ്പിലെ ആഹ്ലാദാരവം. 68ാം മിനിറ്റായിരുന്നു അത്. കാലിൽ കൊരുത്ത പന്ത് രാഹുൽ അടിച്ച് വലയിലേക്ക് അടിച്ചുകയറ്റിയപ്പോൾ രാഹുലിന്‍റെ മാതാവ് ബിന്ദു കണ്ണടച്ച് പ്രാർഥിക്കുകയായിരുന്നു; ഇരുകരങ്ങളും കൂപ്പി. പിന്നീട് മുഖംപൊത്തിക്കരഞ്ഞു.
പിതാവ് പ്രവീൺ കസേരയിൽനിന്ന് ചാടിയെഴുന്നേറ്റ് ഗോൾ എന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. കാണാനിരുന്ന എല്ലാവരിൽ നിന്നും ഗോൾ ശബ്ദം തങ്ങിനിന്ന നിമിഷങ്ങൾ.
ആഹ്ലാദാരവങ്ങൾ. പരസ്പരം ആലിംഗനം ചെയ്യൽ. എല്ലാവരുടെയും സ്വന്തം രാഹുലിൽ നിന്നാണ് ആ ഗോൾ പിറന്നതെന്നത് അവരിൽ അഭിമാനം ഉയർത്തിയിരുന്നു. ആദ്യപകുതിയിൽ രാഹുലിൽനിന്ന് ഒരു കിടിലൻ ഷോട്ട് പെനാൽറ്റി ബോക്സിന് പുറത്തേക്ക് പോയപ്പോഴും ഇവിടെ ആരവം ഉയർന്നിരുന്നു; സന്തോഷത്തിൽ കലാശിച്ചില്ലെങ്കിലും.
രാഹുലിന്‍റെ ചെറിയച്ഛൻ പ്രദീപിന്‍റെ നേതൃത്വത്തിലായിരുന്നു പ്രൊജക്ടറും സ്ക്രീനും സംഘടിപ്പിച്ച് അടുത്ത് ഒഴിഞ്ഞുകിടന്ന മൈതാനത്ത് മത്സരം കാണാൻ സൗകര്യമൊരുക്കിയത്. രാഹുൽ കളിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും വൈകീട്ട് ആറുമണിയോടെ രാഹുലിന്‍റെ ടീം പ്രവേശം ഉറപ്പിച്ച് പ്രഖ്യാപനമെത്തി. രാവിലെ മുതൽ രാഹുലിന്‍റെ പിതാവ് പ്രവീണിനും ചെറിയച്ഛൻ പ്രദീപിനും ഉറപ്പായിരുന്നു ടീമിൽ രാഹുൽ ഇടംപിടിക്കുമെന്ന്.
പിതാവ് പ്രവീൺ, മാതാവ് ബിന്ദു, അച്ഛമ്മ സുമതി, അനിയത്തി നന്ദന എന്നിവരെ കൂടാതെ ഇളയച്ഛൻ പ്രദീപ്, ഭാര്യ രമ്യ, പ്രദീപിന്‍റെ മക്കളായ ആര്യൻ, അർജുൻ തുടങ്ങിയവർ കളി കാണാൻ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. കളിയുടെ വിധി നിശ്ചയിച്ച പെനാൽറ്റി ഷൂട്ടൗട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് തോറ്റെങ്കിലും കരുതിവെച്ച പടക്കം രാഹുലിനോടുള്ള ആദരസൂചകമായി ഒല്ലൂക്കരയിലെ സ്ക്രീനിന് സമീപം പൊട്ടി. മധുരപലഹാര വിതരണവും നടന്നു.
തൃശൂർ: കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയുള്ള പ്രാർഥനയിലായിരുന്നു നാടും നഗരവും. മഞ്ഞക്കുപ്പായമണിഞ്ഞ് വൈകുന്നേരമാകുവോളം ഫുട്ബാളും മുറുകെപ്പിടിച്ചിരിക്കുകയായിരുന്നു യുവത. ബ്ലാസ്റ്റേഴ്സ് ജേഴ്സിയുമണിഞ്ഞ് ആർപ്പുവിളികളോടെ അവർ ബൈക്കിൽ റോന്ത് ചുറ്റി. ഒടുവിൽ ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിന് മുമ്പിൽ മുട്ടുകുത്തിയെങ്കിലും തൃശൂരിന് ഓർക്കാൻ രാഹുലിന്‍റെ മനോഹരമായ ഗോൾ ബാക്കി.
ജില്ലയിലെ വിവിധ സംഘടനകൾ വലിയ സ്ക്രീനിൽ പ്രദർശനവും സംഘടിപ്പിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച കെ.പി. രാഹുലിെൻറ നാടുകൂടിയായത് ആരാധകരെ കൂടുതൽ ആവേശത്തിലാക്കി. കോവിഡിെൻറ വളരെ കാലം നീണ്ട നിയന്ത്രണങ്ങൾക്ക് ശേഷമുള്ള ഫുട്ബാൾ ആഘോഷം ഉത്സവമാക്കാനുള്ള ഒരുക്കത്തിലായിരുന്നു കായിക സംഘടനകൾ. സമൂഹമാധ്യമങ്ങളിൽ ഐ.എസ്.എൽ പോസ്റ്റുകൾ നിറഞ്ഞുനിന്നു.
കളിക്കാൻ മലയാളികൾ കുറവാണെങ്കിലും ആരാധകർ കേരള ടീമെന്ന പോലെ ബ്ലാസ്റ്റേഴ്സിനെ അവൻ നെഞ്ചേറ്റി. ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാർ വുമക്കോമനോവിചും കാപ്റ്റൻ അഡ്രിയാൻ ലൂനയുമൊക്കെ 'മലയാളി'പോരാളികളായി.
ഗോവയിലേക്ക് കളികാണാൻ പോകുന്ന നീണ്ട നിരയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ റെയിൽവേ സ്റ്റേഷനിൽ. ജില്ല ഫുട്ബാൾ അസോസിയേഷൻ കോർപറേഷനുമായി സഹകരിച്ച് കോർപറേഷൻ സ്റ്റേഡിയത്തിൽ കൂറ്റൻ സ്ക്രീനിലെ പ്രദർശനത്തിന് പുറമെ ഡി.വൈ.എഫ്.ഐ ഉൾപ്പെടെ വിവിധ യുവജന സംഘടനകളും ജില്ലയിൽ പലഭാഗത്തും പൊതു പ്രദർശനമൊരുക്കി. വൈകീട്ടാണ് വീടുകളിൽ ഒതുങ്ങി നിന്നിരുന്ന മഞ്ഞപ്പടകൾ വരിവരിയായി പുറത്തിറങ്ങിയത്. ആർപ്പുവിളികളും മഞ്ഞക്കൊടിയുമായായിരുന്നു അവരുടെ വരവ്. ബ്ലാസ്റ്റേഴ്സിെൻറ ഓരോ പാസിലും അവർ ആരവമുയർത്തി.
രാഹുൽ കളിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും ആറുമണിയോടെ കെ.പി. രാഹുലിെൻറ ടീം പ്രവേശം ഉറപ്പിച്ച് പ്രഖ്യാപനമെത്തി. ടീമിലിടം പിടിച്ച് ആദ്യ ഗോളടിച്ചതോടെ നാടിെൻറ ആവേശം പാരമ്യത്തിലായി. രാവിലെ മുതൽ രാഹുലിെൻറ പിതാവ് പ്രവീണിനും ചെറിയച്ഛൻ പ്രദീപിനും ഉറപ്പായിരുന്നു ടീമിൽ രാഹുൽ ഇടംപിടിക്കുമെന്ന്. ചെറിയച്ഛെൻറ മുൻകൈയിൽ ഒല്ലൂക്കരയിലെ രാഹുലിെൻറ വീടിന് മുന്നിൽ പ്രൊജക്ടറും സ്ക്രീനും ഘടിപ്പിച്ച് നാട്ടുകാരുമൊത്തായിരുന്നു രാഹുലിെൻറ വീട്ടുകാർ ഐ.എസ്.എൽ കണ്ടത്. പിതാവ് പ്രവീൺ, മാതാവ് ബിന്ദു, അച്ചമ്മ സുമതി, അനിയത്തി നന്ദന എന്നിവരെ കൂടാതെ ഇളയച്ഛൻ പ്രദീപ്, ഭാര്യ: രമ്യ, പ്രദീപിെൻറ മക്കളായ ആര്യൻ, അർജുൻ തുടങ്ങിയവർ കളികാണാനെത്തി.
വിജയൻ ഗോവയിൽ; അഞ്ചേരി തിരുവനന്തപുരത്ത്
ബ്ലാസ്റ്റേഴ്സിന് ആവേശം പകർന്ന് കളി നേരിൽ കാണാൻ തൃശൂരിൽനിന്ന് മുൻ ഇന്ത്യൻ നായകൻ ഐ.എം. വിജയൻ ഗോവയിലായിരുന്നു കളി കണ്ടത്. ശനിയാഴ്ചയാണ് വിജയൻ എത്തിയത്. ഇന്ത്യയുടെ മുൻ രാജ്യാന്തര താരം ജോപോൾ അഞ്ചേരി ഐ.എസ്.എൽ കമന്‍ററിക്ക് വേണ്ടി തിരുവനന്തപുരത്തായിരുന്നതിനാൽ അവിടെയിരുന്നാണ് കളി കണ്ടത്. മുൻ ഇന്ത്യൻ താരം സി.വി. പാപ്പച്ചൻ തൃശൂരിലെ വീട്ടിലിരുന്നാണ് കളി കണ്ടത്. അമേരിക്കയിൽ പോകുന്നതുമായി ബന്ധപ്പെട്ട് തിരക്കുള്ളതിനാലാണ് വീട്ടിലിരുന്ന് 'സ്വൈരമായി'കളി കാണാൻ തീരുമാനിച്ചതെന്ന് പാപ്പച്ചൻ 'മാധ്യമ'ത്തോട് പറഞ്ഞു.
ജില്ല ഫുട്ബാൾ അസോസിയേഷൻ കോർപറേഷനുമായി സഹകരിച്ച് കോർപറേഷൻ സ്റ്റേഡിയത്തിൽ കൂറ്റൻ സ്ക്രീനിൽ മത്സരം കാണാൻ ഫുട്ബാൾ ആരാധകരൊഴുകി. 16 അടി നീളവും 12 അടി വീതിയിലുമായിരുന്നു സ്ക്രീൻ. സ്റ്റേഡിയത്തിൽ വിശാലമായ സ്ഥലത്ത് രാത്രിയോടെ ആളുകൾ തടിച്ചുകൂടി. മഞ്ഞ ടീഷർട്ടുമണിഞ്ഞ് ബ്ലാസ്റ്റേഴ്സ് അഭിവാദ്യങ്ങളുമായായിരുന്നു ആരാധകരെത്തിയത്. മേയർ എം.കെ. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഡി.എഫ്.എ പ്രസിഡന്‍റ് ചെറിയാച്ചൻ നെല്ലിശ്ശേരി, സെക്രട്ടറി ഡേവിസ് മൂക്കൻ, വർഗീസ് കണ്ടംകുളത്തി തുടങ്ങിയവർ സംസാരിച്ചു. ആവേശകരമായ ഓരോ മുന്നേറ്റത്തിലും സ്റ്റേഡിയത്തിൽ ആരവമുയർന്നു. വിചാരിച്ചതിൽ നാലിരട്ടിയോളം ആരാധകർ കളികാണാനെത്തിയെന്ന് ഡി.എഫ്.എ സെക്രട്ടറി ഡേവിസ് മൂക്കൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.