Joy Mathew

ഖത്തറിൽ അപകടത്തിൽ മരിച്ച ജോയ് മാത്യുന്‍റെ മൃതദേഹം വൈക്കം ചെമ്മനത്തുകരയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോൾ

ഖത്തറിൽ അപകടത്തിൽ മരിച്ച ജോയ് മാത്യുവിന് ജന്മനാട്ടിൽ അന്ത്യനിദ്ര

ദോഹ: കഴിഞ്ഞ ദിവസം ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ച വൈക്കം സ്വദേശി ജോയ് മാത്യുവിന് ജന്മനാട്ടിൽ അന്ത്യനിദ്ര. മൃതദേഹം വെള്ളിയാഴ്ച വൈക്കം ചെമ്മനത്തുകരയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം സെന്റ് ജോസഫ്‌സ് ഫൊറോന ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കരിച്ചു.

ഖത്തര്‍ ഇന്ത്യന്‍ മീഡിയാ ഫോറത്തിനു വേണ്ടി മുന്‍ ഭാരവാഹികളായ അശ്‌റഫ് തൂണേരി, ജിബി മാത്യു, മുജീബുര്‍റഹ്മാന്‍ കരിയാടന്‍, ഒ മുസ്തഫ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വൈക്കം മൈത്ര, കൊഡാക്ക ഖത്തര്‍, ഫ്രന്റ്‌സ് ഓഫ് ഖത്തര്‍, കോട്ടയം പ്രസ് ക്ലബ് തുടങ്ങിയ സംഘടനകള്‍ക്കു വേണ്ടി പുഷ്പചക്രം അര്‍പ്പിച്ചു.

മലയാള മനോരമ ഔട്ട്‌സൈഡ് കേരള കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ ടി.ആര്‍. സുഭാഷ്, ഖത്തര്‍ ഗള്‍ഫ് ടൈംസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ ജോസഫ് വര്‍ഗീസ്, മാധ്യമ പ്രവര്‍ത്തകനും വ്‌ളോഗറുമായ ബൈജു എന്‍. നായര്‍, നോവലിസ്റ്റ് കെ.പി. ജയകുമാര്‍, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്‍റ് അനീഷ് കുര്യൻ തുടങ്ങി സമൂഹത്തിന്റെ നാനാതുറയില്‍ നിന്നുള്ള നൂറുകണക്കിനു പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

പതിമൂന്ന് വര്‍ഷത്തോളമായി ഖത്തറില്‍ ഇവന്റ് മാനേജ്‌മെന്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജോയ് മാത്യു 15ന് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വാഹനാപകടത്തില്‍ മരിച്ചത്. ജോലി ആവശ്യാര്‍ഥം ഷഹാനിയയില്‍ പോയി മടങ്ങവെ പുലര്‍ച്ചെ മൂന്ന് മണിയോടെ ട്രക്കിനു പിറകില്‍ കാറിടിക്കുകയായിരുന്നു.

വൈക്കം ചെമ്മനത്തുകര ഒഴവൂര്‍ വീട്ടില്‍ പരേതനായ മാത്യുവിന്റേയും തങ്കമ്മയുടേയും മകനാണ് ജോയ് മാത്യു. മാധ്യമ പ്രവർത്തക ശ്രീദേവിയാണ് ഭാര്യ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.