എ. സാദിഖ്
നെന്മാറ: രണ്ടാമൂഴത്തിന് കളത്തിലിറങ്ങിയ കെ. ബാബുവിന് കൈകൊടുത്ത് നെന്മാറ. ഇടതുമുന്നണിയുടെ വികസന നേട്ടങ്ങളും ഭരണരംഗത്തെ ഇടപെടലുകളും ചൂണ്ടിക്കാണിച്ച് വോട്ടർമാരിലേക്കിറങ്ങിയ ബാബുവിനും ഇടതുമുന്നണിക്കും ഇക്കുറി കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം നൽകിയാണ് നെന്മാറ ഒപ്പം ചേർന്നത്. കഴിഞ്ഞ തവണത്തെ 7544 വോട്ടിൽനിന്ന് ഭൂരിപക്ഷം 28704 വോട്ടുകളാക്കി സി.പി.എമ്മിെൻറ സിറ്റിങ് എം.എൽ.എ കെ. ബാബു മുന്നേറിയപ്പോൾ സി.എം.പി സ്ഥാനാർഥിയും വ്യവസായ സംരംഭകനുമായ സി.എൻ. വിജയകൃഷ്ണന് അടിപതറുകയായിരുന്നു.
മണ്ഡല പുനർനിർണയത്തിൽ കൊല്ലങ്കോടിെൻറ ഭാഗങ്ങൾ ചേർത്താണ് 2011ൽ നെന്മാറ നിയമസഭ മണ്ഡലം രൂപവത്കരിച്ചത്. തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ രണ്ടു തവണയും വിജയം ഇടതുപക്ഷത്തിനായിരുന്നു. കുടിയേറ്റ കർഷകർക്കും തോട്ടംതൊഴിലാളികൾക്കുമൊപ്പം ഗോത്രവിഭാഗക്കാരും സ്വാധീനശക്തികളാകുന്നതാണ് െനന്മാറയിലെ തെരഞ്ഞെടുപ്പിെൻറ സവിശേഷത. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ലഭിച്ച 30,000 വോട്ടുകളുടെ ഭൂരിപക്ഷം നൽകിയ ആത്മവിശ്വാസത്തിലായിരുന്നു ഇത്തവണ യു.ഡി.എഫ് തെരഞ്ഞെടുപ്പിനിറങ്ങിയത്. എന്നാൽ, ഇക്കുറി മണ്ഡലത്തിലേറ്റ കനത്ത തിരിച്ചടി യു.ഡി.എഫ് ക്യാമ്പിലും ആശ്ചര്യമാണുണ്ടാക്കിയത്.
കാർഷികമേഖലയിലെ പ്രശ്നങ്ങളും വികസനവും സജീവ ചർച്ചയായ തെരഞ്ഞെടുപ്പിൽ തോട്ടം തൊഴിലാളികളും മുതലമടയിലെ മാവ്കർഷകരും പോത്തുണ്ടി, മീങ്കര, ചുള്ളിയാർ അണക്കെട്ടുകളെ ആശ്രയിച്ച് കൃഷിചെയ്യുന്ന നെൽകർഷകരും അടങ്ങുന്ന പ്രദേശങ്ങളിെലല്ലാം വ്യക്തമായ ലീഡുപുലർത്താൻ ബാബുവിനായി. കച്ചവടകേന്ദ്രമായ കൊടുവായൂരും മീൻവിപണിയായ പുതുനഗരവും തെരഞ്ഞെടുപ്പിൽ ബാബുവിനെ തുണച്ചതായി വോട്ടുകണക്കുകൾ വ്യക്തമാക്കുന്നു. കെ. ബാബു 80,145 വോട്ടുകൾ നേടിയപ്പോൾ സി.എൻ. വിജയകൃഷ്ണൻ 51,441 വോട്ടുകളും ബി.ഡി.ജെ.എസിെൻറ എ.എൻ. അനുരാഗ് 16,666 വോട്ടുകളും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.