തിരുവനന്തപുരം: ഗ്രൂപ്പിസത്തിന് നീക്കമെന്ന് ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിൽ പുനഃസംഘടിപ്പിച്ച ലീഡർ സ്റ്റഡി സെൻറർ ചെയർമാൻ സ്ഥാനത്തുനിന്ന് കെ. മുരളീധരൻ എം.എൽ.എ രാജിവെച്ചു. വർഷങ്ങളായി പ്രവർത്തിക്കുന്ന സംഘടനയാണെങ്കിലും സമീപകാലത്ത് ജില്ലതലത്തിൽ ഉൾപ്പെടെ വിപുലമായി പുനഃസംഘടിപ്പിച്ചത് പാർട്ടിയിൽ ഗ്രൂപ്പിസം കൊണ്ടുവരാനുള്ള മുരളീധരെൻറ നീക്കമാണെന്ന് ഒരു വിഭാഗം നേതാക്കൾ പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് രാജി.
വിഷയത്തിൽ പാർട്ടിയിലെ പഴയ തിരുത്തൽവാദി വിഭാഗം പരാതിയുമായി ഹൈകമാൻഡിനെ സമീപിക്കുക മാത്രമല്ല, രാഷ്ട്രീയകാര്യസമിതിയിൽ ഉന്നയിക്കാനും തയാറെടുത്തിരുന്നു. ഇക്കാര്യം കഴിഞ്ഞദിവസം ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
‘വ്യക്തിപരമായ കാരണങ്ങളാൽ സ്റ്റഡി സെൻറർ ചെയർമാൻ സ്ഥാനത്തുനിന്ന് രാജിവെക്കുന്നു’ എന്ന് ഒറ്റവരി മാത്രമാണ് ഇതുസംബന്ധിച്ച് മുരളീധരൻ പുറത്തിറക്കിയ വാർത്താകുറിപ്പിൽ ഉള്ളത്. അതേസമയം കെ. കരുണാകരെൻറ പേരിൽ മറ്റൊരു വിവാദത്തിന് താനില്ലെന്നും അതുകൊണ്ടാണ് രാജിയെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പ്രതികരിച്ചു. പാർട്ടിയിൽ മടങ്ങിയെത്തിയശേഷം തുടക്കത്തിൽ വിശാല ഐ ഗ്രൂപ്പിനോട് സഹകരിച്ചാണ് മുരളി പ്രവർത്തിച്ചതെങ്കിലും അടുത്തകാലത്തായി അദ്ദേഹം ഏതെങ്കിലും ഒരു ഗ്രൂപ്പിെൻറ ഭാഗമാകാതെ നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നത്.
അതിെൻറ പേരിൽ പാര്‍ട്ടിയിലെ ചില മുൻ സഹപ്രവർത്തകരിൽനിന്ന് അദ്ദേഹം എതിർപ്പും നേരിടുന്നു. ഇക്കാര്യത്തിൽ പാർട്ടിയിലെ പഴയ തിരുത്തൽവാദി നേതാക്കളാണ് മുൻപന്തിയിലുള്ളത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന് എന്നിവരുടെ പേരുകള്‍ സ്റ്റഡിസെൻററിെൻറ രക്ഷാധികാരികളായി ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവരാരും അക്കാര്യം അറിഞ്ഞിട്ടില്ലെന്നും മുരളിക്കെതിരെ ഹൈകമാൻഡിന് കൈമാറിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.