തിരുവനന്തപുരം: രാജ്യത്തെ സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യ ഇന്റർനെറ്റ് സേവനമായ കെ- ഫോണിന് ഗംഭീര തുടക്കം. നിയമസഭ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിറ്റൽ ബട്ടണിൽ വിരലമർത്തിയാണ് കെ-ഫോൺ നാടിന് സമർപ്പിച്ചത്. ആമുഖങ്ങളൊന്നുമില്ലാതെ ‘അങ്ങനെ അതും നമ്മൾ നേടിയിരിക്കുകയാണെന്ന’ പ്രഖ്യാപനത്തോടെയാണ് ഉദ്ഘാടനശേഷം മുഖ്യമന്ത്രി സംസാരിച്ച് തുടങ്ങിയത്.
കോർപറേറ്റുകളുടെ ചൂഷണത്തിൽനിന്ന് ജനത്തെ മോചിപ്പിക്കാനുള്ള കേരളത്തിന്റെ ജനകീയ ബദലാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവർക്കും ഇന്റർനെറ്റ് പ്രഖ്യാപിച്ചപ്പോൾ അതൊരു സ്വപ്നം മാത്രമെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണിത്. നഗര - ഗ്രാമ വ്യത്യാസമില്ലാതെ എല്ലാവര്ക്കും ഉയർന്ന വേഗത്തിലും ഗുണമേന്മയിലും ഇന്റര്‍നെറ്റ് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഡിജിറ്റൽ വിടവിനുള്ള പരിഹാരം കൂടിയാണിത്. ഇന്റര്‍നെറ്റ് മൗലിക അവകാശമായി പ്രഖ്യാപിച്ച കേരളം ആരും പിന്തള്ളപ്പെട്ടു പോകുന്നില്ലെന്ന് ഉറപ്പാക്കി റിയല്‍ കേരള സ്റ്റോറി രചിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യസമ്പൂർണ ഇ-ഗവേണൻസ് സംസ്ഥാനം, ഇന്റർനെറ്റ് അവകാശമായ ആദ്യസംസ്ഥാനം, ആദ്യ ഐ.ടി പാർക്ക്, ആദ്യ ഡിജിറ്റൽ യൂനിവേഴ്സിറ്റി, ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് എന്നിവക്ക് പിന്നാലെയാണ് ആദ്യ സർക്കാർ ഇന്റർനെറ്റും തുടങ്ങുന്നത്. കെ-ഫോണിന്റെ കമേഴ്സ്യൽ വെബ്സൈറ്റ് മന്ത്രി കെ.എൻ. ബാലഗോപാലും മൊബൈൽ ആപ്പ് മന്ത്രി എം.ബി. രാജേഷും മോഡം മന്ത്രി കെ. കൃഷ്ണൻകുട്ടിയും ലോഞ്ച് ചെയ്തു. അനുമതി കിട്ടി മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കിയെന്നും ഇതുവരെ 97 ശതമാനം ജോലികളും കഴിഞ്ഞെന്നും ഇനി സുസജ്ജമായി കെ-ഫോൺ പ്രവർത്തിക്കുമെന്നും റിപ്പോർട്ട് അവതരിപ്പിച്ച് കെ-ഫോൺ എം.ഡി സന്തോഷ് ബാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.