കേരളത്തിൽ ജീവിക്കുന്ന എല്ലാവരെയും സ്പർശിക്കുന്ന നിർണായക വകുപ്പുകളുടെ അമരക്കാരനായി എത്തിയ കെ. രാജൻ വകുപ്പുകളിൽ നടപ്പാക്കാനുള്ള പദ്ധതികളെപ്പറ്റി കാഴ്ചപ്പാടുകൾ വിശദീകരിക്കുന്നു
പ്രകൃതി ദുരന്തങ്ങളും മഹാമാരികളും സംസ്ഥാനത്ത് ജനജീവിതത്തിന് ഏൽപിച്ച വിഘാതങ്ങൾ ചില്ലറയല്ല. എന്നാൽ, അവയെല്ലാം സധൈര്യം സംഘടിതമായ പ്രവർത്തനത്തിലൂടെ മറികടക്കാൻ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിനും റവന്യൂ, ഭവന നിർമാണ വകുപ്പിനും കഴിഞ്ഞു.
പുതിയ സർക്കാറിനുമുന്നിൽ കടുത്ത വെല്ലുവിളികളുണ്ട്. എന്നാൽ, വ്യക്തമായ ആസൂത്രണവും ഭാവനാപൂർണമായ നടപടികളും വഴി അവയെല്ലാം മറികടക്കാമെന്നാണ് ഉറച്ചവിശ്വാസം. കാലത്തിനൊത്ത മാറ്റങ്ങൾ പ്രവർത്തന ശൈലികളിൽ കൊണ്ടുവരുന്നതിനൊപ്പം പുത്തൻ ഡിജിറ്റൽ സങ്കേതങ്ങൾ ഫലപ്രദമായി ഉപയോഗിച്ച് വകുപ്പിെൻറ പ്രവർത്തനം കൂടുതൽ ജനപക്ഷമാക്കും. സാധാരണ പൗരന് ഏറ്റവുമധികം ബന്ധപ്പെടേണ്ടിവരുന്ന വകുപ്പാണ് റവന്യൂ വകുപ്പിെൻറ ഭാഗമായുള്ള ഓഫിസുകൾ. അവയെ കൂടുതൽ സുതാര്യവും ജനകീയവുമാക്കും.
'ഭൂരഹിതരില്ലാത്ത കേരളം, ഭവനരഹിതരില്ലാത്ത കേരളം' എന്നതാണ് റവന്യൂ-ഭവന നിർമാണ വകുപ്പ് മന്ത്രിയെന്ന നിലയിൽ പ്രധാന ലക്ഷ്യം. സർക്കാർ ഭൂമി കാര്യക്ഷമമായി സംരക്ഷിക്കാൻ ശക്തമായ നടപടിയുണ്ടാവും. ഭൂമി കർഷകർക്കും ഭൂരഹിതർക്കും പ്രയോജനപ്പെടുന്ന രീതിയിൽ വിനിയോഗിക്കാനായിരിക്കും പ്രഥമ പരിഗണന. ഇതിനു കർഷകർക്കും ഭൂരഹിതർക്കും ഭൂമിയിൽ അവകാശം ലഭിക്കാൻ കേരളത്തിലെ കമ്യൂണിസ്റ്റ്-ഇടതുപക്ഷ സർക്കാറുകൾ കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമം മുതൽ നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം ഉൾപ്പെടെ ജനപക്ഷ നിയമങ്ങൾ പഴുതടച്ച് നടപ്പാക്കേണ്ടതുണ്ട്.
റവന്യൂ രേഖകളും ഭൂരഹിതരുടെ വിവരങ്ങളും മറ്റും ഡിജിറ്റൽവത്കരിക്കാൻ സ്വീകരിച്ച നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കും. പല വില്ലേജുകളിൽ ഭൂമിയുള്ളവർക്ക് ഏകീകൃത തണ്ടപ്പേർ കൊണ്ടുവരുന്നത് ആലോചിക്കും. ഇതുവഴി ഭൂമിയുടെ ബിനാമി കൈമാറ്റം നിയന്ത്രിക്കാൻ കഴിയും. ഭൂപരിഷ്കരണ നിയമപ്രകാരം പരിധിയിലധികമുള്ള കൈവശ ഭൂമി കണ്ടെത്താനും ഏറ്റെടുക്കാനും ഇതു സഹായിക്കും. സർക്കാറിെൻറ ഒരു തുണ്ടു ഭൂമിപോലും അന്യാധീനപ്പെടാതിരിക്കലാണ് ലക്ഷ്യം.
കാലങ്ങളായി, കൈയേറ്റത്താലും പാട്ടവ്യവസ്ഥ ലംഘിച്ചും അന്യാധീനപ്പെട്ട ഭൂമി ഏറ്റെടുക്കാൻ ശക്തമായ നടപടിയുണ്ടാവും. ഹാരിസൺ കേസിൽ ഹൈകോടതി നിർേദശിച്ചപ്രകാരം ഉടമസ്ഥത തെളിയിക്കാനുള്ള സിവിൽ കേസുകൾ ഫയൽ ചെയ്യാൻ നടപടി ഊർജിതമാക്കേണ്ടതുണ്ട്. പാട്ടകാലാവധി കഴിഞ്ഞും പാട്ടവ്യവസ്ഥ ലംഘിച്ചും വ്യക്തികളും സ്ഥാപനങ്ങളും കൈവശംവെച്ച സർക്കാർ ഭൂമി തിരിച്ചെടുക്കാനുള്ള നടപടി വേഗത്തിലാക്കുന്നതിനൊപ്പം പാട്ടകുടിശ്ശിക ഈടാക്കാൻ നിയമനടപടിയും തുടങ്ങും. അർഹതയുള്ള എല്ലാവർക്കും പട്ടയവിതരണം ഈ സർക്കാറിെൻറ കാലത്ത് പൂർത്തിയാക്കും. താലൂക്ക് ലാൻഡ് ബോർഡുകളുടെയും ലാൻഡ് ൈട്രബ്യൂണലുകളുടെയും പ്രവർത്തനം ശക്തമാക്കും.
എല്ലാവർക്കും ഒരിക്കലെങ്കിലും ആശ്രയിക്കേണ്ടിവരുന്ന സ്ഥാപനമാണ് വില്ലേജ് ഓഫിസ്. ഇതിെൻറ സേവനം ഓഫിസിലെത്താതെ വീടുകളിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇതിന് വില്ലേജ് ഓഫിസുകൾ ആധുനികവത്കരിക്കണം. ഇതിനകം 1,546 വില്ലേജ് ഓഫിസിൽ 400ൽ അധികം സ്മാർട്ട് ആക്കി. ബാക്കി കൂടി സ്മാർട്ട് ആകുന്നതോടെ ഇവയെല്ലാം ജനസൗഹൃദമാകും.
സംസ്ഥാനത്ത് ഭൂമി റീസർവേ നടപടി 2012ൽ യു.ഡി.എഫ് സർക്കാർ നിർത്തലാക്കിയിരുന്നു. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് 50 ശതമാനത്തിലധികം പൂർത്തിയായി. ബാക്കി അടിയന്തരമായി പൂർത്തിയാക്കും. റീസർവേ പൂർത്തിയാക്കാൻ ആധുനിക സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തും. ജീവനക്കാരുടെ സഹകരണത്തോടെ മാത്രമേ ഇതിനു കഴിയൂ. ജീവനക്കാരുടെ സംഘടനകളുമായി ആദ്യ ഘട്ടം ചർച്ച കഴിഞ്ഞു. ലാൻഡ് റെക്കോഡുകൾ ഏകീകരിക്കാൻ രജിസ്ട്രേഷൻ വകുപ്പിെൻറ സഹകരണത്തോടെ നടപടി സ്വീകരിക്കും.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഭൂമി കൈമാറ്റം, പോക്കുവരവ്, ഭൂരേഖ എന്നിവ സംബന്ധിച്ച് അറിവില്ലായ്മയോ തെറ്റിദ്ധാരണയോ കാരണം ധാരാളം ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ഭൂ സാക്ഷരതാ കാമ്പയിൻ എന്ന ആശയം നടപ്പാക്കും. വില്ലേജ് ഓഫിസുകളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഫ്രണ്ട് ഓഫിസ് സംവിധാനം ആധുനിക സാങ്കേതിക വിദ്യ സാധാരണക്കാരന് പരിചയപ്പെടുത്തുന്ന ഭൂസാക്ഷരതാ കേന്ദ്രങ്ങളാകും. 'എല്ലാവർക്കും ഭൂമി, എല്ലാവർക്കും ഭൂരേഖ' എന്നു ലക്ഷ്യമിടുന്നുണ്ട്. ഭൂരേഖ ഡിജിറ്റൽവത്കരണം പൂർത്തിയാക്കി ഭൂവുടമകൾക്ക് ഓൺലൈനായി പരിശോധിക്കാൻ കഴിയുന്ന നിലയിലേക്ക് എല്ലാ റവന്യൂ സേവനവും വിരൽത്തുമ്പിൽ ലഭ്യമാവും.
ഭവനനിർമാണ വകുപ്പിലും നൂതന പദ്ധതികൾ നടപ്പാക്കും. ഭവന നിർമാണ ബോർഡിെൻറ കൈവശമുള്ള ഭൂമി ഭവനനിർമാണ പദ്ധതികൾക്കൊപ്പം സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ വൈവിധ്യവത്കരിക്കാൻ മാസ്റ്റർ പ്ലാൻ തയാറാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.