അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ എത്ര ഉന്നതരായാലും സര്‍ക്കാര്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് കെ.രാജൻ

തിരുവനന്തപുരം : അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ എത്ര ഉന്നതരായാലും സര്‍ക്കാര്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.രാജൻ. തിരുവനന്തപുരം താലൂക്കിലെ കുടപ്പനക്കുന്ന് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് അര്‍ഹതപ്പെട്ട എല്ലാവരെയും ഭൂമിയുടെ അവകാശികളാക്കാന്‍ ലക്ഷ്യമിടുന്ന പട്ടയം മിഷന്‍ ഏപ്രില്‍ 25ന് കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍. ഭൂപരിഷ്‌ക്കരണ നിയമം നടപ്പാക്കി അരനൂറ്റാണ്ടായെങ്കിലും, പല കാരണങ്ങളാല്‍ ഭൂമിക്ക് കൈവശാവകാശ രേഖകള്‍ ലഭിക്കാത്ത നിരവധിപേരുണ്ട്. ഇത് പരിഹരിക്കാന്‍ എം.എല്‍.എമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ 140 നിയോജക മണ്ഡലങ്ങളിലും യോഗങ്ങള്‍ ചേരും.

വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കീഴില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയടക്കം കണ്ടെത്തി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ കഴിയുന്ന ശ്രദ്ധേയമായ ഇടപെടലാണ് പട്ടയം മിഷനിലൂടെ ലക്ഷ്യം വക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ദീര്‍ഘകാലമായി ഭൂമി കൈവശം വച്ചിരിക്കുന്ന പാവപ്പെട്ടവര്‍ക്ക് ഭൂമിയുടെ കൈവശാവകാശ രേഖ ലഭിക്കുന്നതിന് ഏതെങ്കിലും നിയമങ്ങള്‍ തടസമാണെങ്കില്‍, ഭൂപരിഷ്‌കരണ നിയമത്തിനും ഭൂപതിവ് ചട്ടത്തിനും കോട്ടം വരുത്താതെ ആവശ്യമായ ഭേദഗതികള്‍ വരുത്തും.

വില്ലേജ് ഓഫീസുകള്‍ മുതല്‍ സെക്രട്ടറിയേറ്റ് വരെയുള്ള സ്ഥാപനങ്ങള്‍ സമ്പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്യുന്ന പ്രക്രിയകള്‍ പുരോഗമിക്കുകയാണ്. കേരളപ്പിറവി ദിനത്തില്‍ റവന്യൂ രേഖകള്‍ സമ്പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്ത്, ഇ-ഓഫീസ് ശൃംഖലകള്‍ പൂര്‍ത്തിയാക്കും. റവന്യൂ സേവനങ്ങള്‍ സുതാര്യമായി ഏറ്റവും വേഗത്തില്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓരോരുത്തരും കൈവശം വക്കുന്ന ഭൂമിക്ക് ഡിജിറ്റല്‍ അതിര്‍ത്തി ലഭ്യമാകാന്‍ സഹായിക്കുന്ന ഡിജിറ്റല്‍ റീസര്‍വേ നാല് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും ഓരോ കുടുംബത്തിലെയും ഒരംഗത്തിനെയെങ്കിലും റവന്യൂ സാക്ഷരരാക്കാനായി ആരംഭിച്ച റവന്യൂ സാക്ഷരതാ യജ്ഞം രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

കുടപ്പനക്കുന്ന് വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വി.കെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷനായിരുന്നു. ജനപ്രതിനിധികള്‍, കലക്ടര്‍ ജെറോമിക് ജോര്‍ജ്, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരും സന്നിഹിതരായിരുന്നു.

Tags:    
News Summary - K. Rajan said that the government will take action regardless of how high-profile those who are illegally occupying land are

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.