മലപ്പുറം: ഭൂമി പ്ലോട്ട് വികസനവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കെ-റെറ (കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി) രജിസ്റ്റർ ചെയ്യിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികളെക്കുറിച്ച് സർക്കാർ സർക്കുലർ പുറപ്പെടുവിച്ചു.
ഭൂമി പ്ലോട്ടാക്കി വിഭജിച്ച് വിൽക്കുന്നതു സംബന്ധിച്ച ചട്ടങ്ങളടങ്ങുന്ന പൊതു അറിയിപ്പ് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണം.
കേരള പഞ്ചായത്ത്/മുനിസിപ്പാലിറ്റി കെട്ടിടനിർമാണ ചട്ടങ്ങൾ 2019ലെ ചട്ടം നാല്, റിയൽ എസ്റ്റേറ്റ് (റെഗുലേഷൻ ആൻഡ് ഡെവലപ്മെന്റ്) ആക്ട്, 2016ലെ വകുപ്പ് മൂന്ന് എന്നിവ പ്രകാരമുള്ള അറിയിപ്പാണ് പ്രദർശിപ്പിക്കേണ്ടത്. അതത് പഞ്ചായത്ത് കമ്മിറ്റിയിലും മുനിസിപ്പൽ കോർപറേഷൻ കൗൺസിലിലും സർക്കുലർ അവതരിപ്പിക്കണമെന്നും സെക്രട്ടറിമാർക്ക് നിർദേശമുണ്ട്.
ചട്ടപ്രകാരമുള്ള വികസന അനുമതിപത്രമോ (ഡെവലപ്മെന്റ് പെർമിറ്റ്), ലേഔട്ട് അനുമതിയോ കൂടാതെ തങ്ങളുടെ അധികാരപരിധിയിൽ ഭൂമി പ്ലോട്ടാക്കി വിഭജിക്കുന്നുണ്ടെന്ന് അറിയിപ്പ് കിട്ടിയാൽ, 1994ലെ കേരള പഞ്ചായത്തീരാജ് നിയമത്തിലെ വകുപ്പ് 235 പ്രകാരമോ 1994ലെ കേരള മുനിസിപ്പാലിറ്റി നിയമത്തിലെ വകുപ്പ് 408 പ്രകാരമോ, അതതു തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ സെക്രട്ടറിമാർ സ്റ്റോപ് മെമ്മോ നൽകണം.
പ്ലോട്ട് വികസനത്തിനുള്ള വികസന അനുമതിപത്രം നൽകുമ്പോൾ അനുമതിപത്രത്തിന്റെ ഒരു പകർപ്പ് അറിയിപ്പിനും മേൽനടപടിക്കുമായി കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി സെക്രട്ടറിക്കും അയക്കണമെന്നും സർക്കുലറിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.