കൊച്ചി: കേന്ദ്രത്തിന്റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സര്‍ക്കാര്‍ വിപണിയിലിറക്കിയ കെ-റൈസ് മൂന്ന് ദിവസം പിന്നിട്ടപ്പോഴേക്കും സ്റ്റോക്ക് തീരുന്നു. ലക്ഷ്യമിട്ട സപ്ലൈകോ ഔട്ട്ലറ്റുകളിൽ എത്തിക്കുന്നത് പൂർത്തിയാകും മുമ്പാണ് ആദ്യ കേന്ദ്രങ്ങളിൽ മിക്കവയിലും അരി തീർന്നത്. മിക്കയിടത്തും ഒരു ദിവസത്തേക്കുകൂടി സ്റ്റോക്ക് ഉണ്ടാകും. ശബരി കെ-റൈസ് എന്ന ബ്രാന്‍ഡില്‍ 56 സപ്ലൈകോ സ്റ്റോറുകള്‍ വഴിയുള്ള അരി വിതരണമാണ് ബുധനാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ഇന്നലെ വരെ 45 ഇടത്താണ് അരി എത്തിക്കാനായത്. ഉദ്ഘാടനദിവസം ഏതാനും ഔട്ട്ലെറ്റുകളിൽ മാത്രമാണ് എത്തിയത്. രണ്ട് ദിവസത്തേക്ക് ആവശ്യമായ സ്റ്റോക്കാണ് ഔട്ട്ലെറ്റുകള്‍ക്ക് നല്‍കിയത്. വലിയ ഔട്ട്ലെറ്റുകള്‍ക്ക് 40 ചാക്ക് ജയ അരി നല്കി. ഈ 2000 കിലോ അരി ഉപയോഗിച്ച് 400 പേര്‍ക്ക് അഞ്ചുകിലോ വീതം നല്‍കാനേ കഴിയൂ. മട്ട അരി 15 ചാക്കാണ് നല്‍കിയത്. അതായത് 750 കിലോ. ഇതുപയോഗിച്ച് അഞ്ചുകിലോ വീതം 150 പേര്‍ക്ക് വിതരണം ചെയ്യാം. രണ്ട് ദിവസത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോക്ക് എത്തിക്കുമെന്ന ഉറപ്പ് പാലിക്കപ്പെടാനാകാതെ വന്നതോടെയാണ് വിതരണം പലയിടത്തും നിലച്ചത്. പാക്കിങ് വൈകുന്നതും പ്രശ്നമാണ്.
വെള്ളിയാഴ്ചയാണ് കെ-അരിയും 13 ഇനം സബ്സിഡി സാധനങ്ങളും അടക്കം വാങ്ങുന്നതിന് സപ്ലൈകോ ടെൻഡർ ഉറപ്പിച്ചത്. പച്ചേസ് ഓർഡർ നൽകി അരി അടക്കം എത്താൻ അഞ്ച് ദിവസമെങ്കിലുമാകും. ഈ സാഹചര്യത്തിൽ കെ-അരി വിതരണം കുറഞ്ഞ ദിവസത്തേക്കെങ്കിലും തീർത്തും നിലക്കും. സബ്സിഡി സാധനങ്ങളില്ലാതെ സപ്ലൈകോ ഔട്ട്െലറ്റുകൾ നാളുകളായി കാലിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.