ഭരണഘടന അവഹേളനം: മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയെന്ന് കെ. സുധാകരന്‍; ‘സജി ചെറിയാന്‍ മന്ത്രിസ്ഥാനത്തിരുന്നുള്ള അന്വേഷണം പ്രഹസനമാകും’

തിരുവനന്തപുരം: ഭരണഘടന വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന്‍ ഒരു നിമിഷം പോലും അധികാരത്തില്‍ തുടരരുതെന്നും അധികാരത്തില്‍ കടിച്ചുതൂങ്ങിക്കിടക്കാന്‍ ശ്രമിക്കുന്ന അദ്ദേഹത്തെ മുഖ്യമന്ത്രി പുറത്താക്കണമെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍. അദ്ദേഹത്തെ മന്ത്രിപദത്തിലിരുത്തി നടത്തുന്ന ഏത് അന്വേഷണവും പ്രഹസനമായിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ സജി ചെറിയാന്‍ അതേ ഭരണഘടനെയാണ് അവഹേളിച്ചത്. സജി ചെറിയാന് ഭരണഘടനയോടോ, നാടിനോടോ അല്‍പ്പമെങ്കിലും സ്നേഹവും കൂറുമുണ്ടെങ്കില്‍ ഒരു നിമിഷം അധികാരത്തില്‍ തുടരരുത്. പൊലീസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ച ഹൈകോടതി കണ്ടെത്തിയത് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടികൂടിയാണ്. ഭരണഘടനയെ മാനിക്കാന്‍ മുഖ്യമന്ത്രി സജി ചെറിയാനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം. സംരക്ഷിക്കാന്‍ തുനിഞ്ഞാല്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ കോണ്‍ഗ്രസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടും.

കേസ് നിലനില്‍ക്കെ തന്നെ സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരികെയെടുത്തത് കേരള രാഷ്ട്രീയത്തിലെ തീരാകളങ്കമാണ്. സജി ചെറിയാന്‍ സംഘ്പരിവാര്‍ ഭാഷ കടമെടുത്താണ് ഭരണഘടനയെ നിന്ദ്യമായ ഭാഷയില്‍ അവഹേളിച്ചത്. ഇതുപോലൊരു മന്ത്രിയെ കേരളത്തിന് ആവശ്യമില്ല.

സജി ചെറിയാനെ സംരക്ഷിക്കാന്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആഭ്യന്തരവകുപ്പും ഹൈകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പ്രതിസ്ഥാനത്താണ്. പൊലീസിന്‍റെ ഗുരുതരവീഴ്ചയും പിഴവും ഹൈകോടതി അക്കമിട്ട് നിരത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരേ ശക്തമായ നടപടി ഉണ്ടാകണം.

പ്രതിസ്ഥാനത്ത് സിപിഎം നേതാക്കളാണെങ്കില്‍ ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന നടപടിയാണ് സമീപ കാലത്ത് പൊലീസ് ചെയ്യുന്നത്. സി.പി.എമ്മുകാര്‍ പ്രതികളായാല്‍ സാക്ഷികളെ സ്വാധീനിച്ചും തെളിവുകള്‍ കോടതിയിലെത്താതെയും നിയമവ്യവസ്ഥതയെ നോക്കുകുത്തിയാക്കുകയാണ് പിണറായി സര്‍ക്കാരെന്നും കെ. സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - K Sudhakaran react to High Court verdict in Saji Cherian contempt of the Constitution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.