‘കെ. സുധാകരനെ പാന്റ് ഊരി കോളജിലൂടെ നടത്തി, കടലിൽ ചാടിയവരെ പിണറായി ഇറങ്ങി രക്ഷിച്ചു’; ഓർമകൾ പങ്കുവെച്ച് എ.കെ. ബാലൻ

‘കെ. സുധാകരനെ പാന്റ് ഊരി കോളജിലൂടെ നടത്തി, കടലിൽ ചാടിയവരെ പിണറായി ഇറങ്ങി രക്ഷിച്ചു’; ഓർമകൾ പങ്കുവെച്ച് എ.കെ. ബാലൻ

കോഴിക്കോട്: പ്രായപരിധി കാരണം പാർട്ടി കേന്ദ്ര കമ്മിറ്റിയിൽനിന്ന് ഒഴിവായതിനു പിന്നാലെ സി.പി.എമ്മും യുവജന സംഘനകളുമായുള്ള ദീർഘകാല ബന്ധം ഓർത്തെടുത്ത് എ.കെ. ബാലൻ. തന്‍റെ ആദ്യ പാർട്ടി കോൺഗ്രസിനെയും കോളജ് കാലത്തെ വിദ്യാർഥി സംഘടനാ പ്രവർത്തനങ്ങളെയും കുറിച്ചുള്ള സുദീർഘമായ കുറിപ്പ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചു. പല അപ്രിയ സത്യങ്ങളും പുറത്തുപറയാൻ പറ്റില്ല. പല സഖാക്കളും സ്നേഹപൂർവം എന്നെ വിളിക്കുകയും ചില കാര്യങ്ങൾ സമൂഹമാധ്യമത്തിൽ ഓർമകളായി പങ്കുവെക്കുകയും ചെയ്യുമ്പോൾ മനസിൽ ഒരുപാട് കാര്യങ്ങൾ വരുന്നുവെന്നും എ.കെ. ബാലൻ കുറിച്ചു.

കെ സുധാകരനെ ഒരിക്കൽ പാന്റ് ഊരിച്ച് കോളേജിലൂടെ നടത്തിയ ഘട്ടം. പ്രിൻസിപ്പാളിന്റെ റൂമിൽ അഭയം തേടിയ സുധാകരനെ ഒരിക്കൽ ഇടപെട്ട് രക്ഷിച്ചത്. 1968- 69 കാലം. തലശ്ശേരി കോടതി ഉപരോധിച്ച കെ.എസ്.എഫ് പ്രവർത്തകരെ പോലീസ് മൃഗീയമായി ലാത്തിച്ചാർജ് ചെയ്തു. ജീവരക്ഷാർത്ഥം കടലിലേക്ക് ചാടിയ വിദ്യാർഥികളെ പിണറായി കടലിൽ ഇറങ്ങി രക്ഷപ്പെടുത്തിയത്. ബ്രണ്ണൻ കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐയുടെ ആദ്യത്തെ വിജയത്തിന് പിന്നിൽ ഒരു പിണറായി ടച്ച് ഉണ്ടായിരുന്നു. എ.കെ.ജി ഫ്ലാറ്റിൽ നിന്ന് അടുത്തുതന്നെ കുടിയിറങ്ങേണ്ടിവരുമെന്നും ഇത് തന്നെ സംബന്ധിച്ചിടത്തോളം ഒരു ആവർത്തനമാണെന്നും എ.കെ. ബാലൻ കുറിച്ചു.

ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം

പാർട്ടി കോൺഗ്രസ് മധുരയിൽ പൂർത്തിയായ ഏപ്രിൽ ആറിന് രാത്രി തന്നെ താമസസ്ഥലമായ തിരുവനന്തപുരത്തെ എകെജി ഫ്ലാറ്റിലെത്തി. കൂടെ ഭാര്യ ജമീലയുമുണ്ടായിരുന്നു. സമ്മേളനത്തോടനുബന്ധിച്ച് പ്രത്യേകിച്ച് എവിടെയും പോകാൻ താൽപര്യം തോന്നിയില്ല. സമ്മേളന നഗരിക്കടുത്തുള്ള മധുര മീനാക്ഷി ക്ഷേത്രം പോലും കാണാൻ പോയില്ല. മധുര പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ തീരുമാനിച്ചത് മുതൽ കൂടെ വരാൻ ജമീല പ്രത്യേക താൽപര്യം കാട്ടി. കാരണം ഇതെന്‍റെ രാഷ്ട്രീയപ്രവർത്തനത്തിലെ അവസാന പാർട്ടി കോൺഗ്രസ് ആയിരുന്നു. പ്രായപരിധി കാരണം പാർട്ടി കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിവായ ഒരാളാണ് ഞാൻ. പ്രായപരിധി തീരുമാനം ഏറ്റവും ഉചിതമായതാണ്. വളരെ നേരത്തേ തന്നെ എടുക്കേണ്ടതായിരുന്നു.

എന്‍റെ ആദ്യത്തെ പാർട്ടി കോൺഗ്രസ് 1978ൽ ജലന്ധറിൽ ചേർന്ന പത്താം പാർട്ടി കോൺഗ്രസ് ആയിരുന്നു. അതിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ആദ്യമായി ഡൽഹി കാണുന്നത്. കോഴിക്കോട് ലോ കോളേജിൽ അവസാന വർഷം പഠിക്കുന്ന കാലഘട്ടം. ചുട്ടുപൊള്ളുന്ന വേനലിൽ ട്രെയിനിൽ സ്ലീപ്പർ ക്ലാസിലെ യാത്ര. അടിയന്തരാവസ്ഥ കഴിഞ്ഞതിനു ശേഷമുള്ള പാർട്ടി കോൺഗ്രസ് ആയിരുന്നു അത്. കോടിയേരി ബാലകൃഷ്ണൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും ഞാൻ സംസ്ഥാന ജോയിന്‍റ് സെക്രട്ടറിയും കോഴിക്കോട് ജില്ലാ പ്രസിഡണ്ടുമായിരുന്നു. കോഴിക്കോട്ടെ പാർട്ടി നേതാവായിരുന്ന അന്തരിച്ച സഖാവ് കേളുവേട്ടന്റെ ഇടപെടൽ മൂലമാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചത്. എൽഎൽബി അവസാനവർഷ പരീക്ഷയുടെ ഘട്ടമായതിനാൽ മനസ്സൊന്നു പിന്നോട്ടടിച്ചിരുന്നു. പക്ഷേ ആദ്യമായി പാർട്ടി കോൺഗ്രസിൽ പ്രതിനിധി ആവാനുള്ള അവസരം നഷ്ടപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാനും വയ്യ.

പശ്ചിമബംഗാൾ മുഖ്യമന്ത്രിയായ ജ്യോതിബസു പാർട്ടി കോൺഗ്രസിൽ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്നു. അദ്ദേഹത്തിൻറെ ഒപ്പം നിന്ന് ഫോട്ടോ എടുത്തു. സഖാവ് പി കെ കുഞ്ഞച്ചൻ പ്രസീഡിയത്തിൽ ഉണ്ടായിരുന്നു. കോഴിക്കോട് നിന്ന് എ കണാരൻ, വി ദക്ഷിണാമൂർത്തി, ടി പി ദാസൻ, യു കുഞ്ഞിരാമൻ തുടങ്ങിയ നേതാക്കളും പാർട്ടി കോൺഗ്രസിന് ഉണ്ടായിരുന്നു. രാഷ്ട്രീയവും സംഘടനാപരവുമായ കാരണങ്ങളാൽ സഖാവ് പി സുന്ദരയ്യ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിന്ന ഘട്ടം. ഇതിൻറെ പ്രാധാന്യം അന്ന് അത്ര മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് നടന്ന ഓരോ പാർട്ടി കോൺഗ്രസും ഓരോ അനുഭവമായിരുന്നു. പ്രത്യേകിച്ച് ബംഗാൾ പ്രതിനിധികളെ കാണുന്നത് വല്ലാത്തൊരു ആവേശമായിരുന്നു. വെള്ള വസ്ത്രം ഭംഗിയായി ധരിച്ച് ആകർഷകമായിട്ടുള്ള അവരുടെ വരവ് കണ്ടാൽ കൊയ്ത്തു കഴിഞ്ഞ പാടത്തൂടെ താറാവുകൾ കുണുങ്ങിക്കുണുങ്ങി വരുന്നതു പോലെ തോന്നുമായിരുന്നു. അത് നല്ല കാഴ്ചയായിരുന്നു. പിന്നീട് രംഗം മാറി. പഴയതുപോലെ ഭംഗിയുള്ള വസ്ത്രങ്ങളോ ചൈതന്യം തുളുമ്പുന്ന മുഖങ്ങളോ കണ്ടില്ല. ഓരോ പാർട്ടി കോൺഗ്രസ് കഴിയുമ്പോഴും അവരുടെ പഴയ പൊലിമ കുറഞ്ഞു കുറഞ്ഞുവന്നു. എന്നാൽ കേരളത്തിലെ പ്രതിനിധികളിൽ ഈ മാറ്റം ഉണ്ടായിട്ടില്ല.

മൂന്നു സംസ്ഥാനം ഭരിച്ച പാർട്ടി. രാജ്യത്തിൻറെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് സിപിഐഎം നേതാവ് ജ്യോതിബസുവിനെ ക്ഷണിച്ച ഘട്ടം വരെ ഉണ്ടായി. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ഒന്നാം യുപിഎ സർക്കാർ അധികാരത്തിൽ വരുന്നതിന് നിർണായക പങ്കുവഹിച്ച പാർട്ടി. പതിനാലാം പാർട്ടി കോൺഗ്രസിനു ശേഷമാണ് പിന്നോട്ടടി ഉണ്ടായത്. സാർവദേശീയ രംഗത്ത് സോവിയറ്റ് യൂണിയന്‍റെ തകർച്ച പ്രധാനപ്പെട്ട ഒരു ഘടകമായിരുന്നു. ബംഗാളിലും ത്രിപുരയിലും ഗവൺമെൻറ് നഷ്ടപ്പെടാൻ മറ്റു കാരണങ്ങളും ഉണ്ടായി. 1980 നു ശേഷം കേരളത്തിൽ മാർക്സിസ്റ്റ് വിരുദ്ധ മുന്നണിയെ തകർത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒന്നിടവിട്ട അവസരങ്ങളിൽ അധികാരത്തിൽ വന്നു. ഇപ്പോൾ ചരിത്രത്തിൽ ആദ്യമായി സഖാവ് പിണറായി നേതൃത്വം കൊടുക്കുന്ന രണ്ടാം പിണറായി ഗവൺമെൻറ് അധികാരത്തിൽ വന്നു. ആകെ പ്രതീക്ഷയുടെ ഒരു ചെറിയ തുരുത്ത്.

ഈ ഘട്ടത്തിലാണ് സഖാവ് എം എ ബേബി പാർട്ടി ജനറൽ സെക്രട്ടറിയായി വന്നത്. 85 അംഗ പാർട്ടി കേന്ദ്ര കമ്മിറ്റിയെയും മധുരയിൽ നടന്ന പാർട്ടി കോൺഗ്രസ് തിരഞ്ഞെടുത്തു. സഖാവ് എം എ ബേബി എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ടും ഞാൻ സെക്രട്ടറിയുമായി കുറച്ചുകാലം ഉണ്ടായിരുന്നു. 1977 -78 കാലം. എസ്എഫ്ഐ ഏഴാം സംസ്ഥാന സമ്മേളനത്തിലാണ് ഞാൻ സെക്രട്ടറിയാവുന്നത്. എം എ ബേബി അഖിലേന്ത്യാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ശേഷമാണ് സംസ്ഥാന പ്രസിഡണ്ടായി തോമസ് ഐസക് ചുമതലയേറ്റത്.

നിലവിലുള്ള സിസിയിൽ നിന്നാണ് ഞാൻ മാറുന്നത്. ചില ഓർമ്മകൾ എത്ര മറക്കാൻ ശ്രമിച്ചാലും മനസ്സിൽ നിന്ന് പോവില്ല. പല അപ്രിയ സത്യങ്ങളും പുറത്തുപറയാൻ പറ്റില്ല. ഇത്തരമൊരു മാനസികാവസ്ഥയിൽ ഇരിക്കുമ്പോഴാണ് പല സഖാക്കളും സ്നേഹപൂർവ്വം എന്നെ വിളിക്കുന്നത്. ചില കാര്യങ്ങൾ സമൂഹമാധ്യമത്തിൽ ഓർമ്മകളായി പങ്കുവെക്കുന്നു.

ഇന്നലെ രാത്രിയാണ് തലശ്ശേരിയിൽ നിന്ന് ബഹുമാനപ്പെട്ട സ്പീക്കർ എ എൻ ഷംസീർ എന്നെ വിളിച്ചത്. "ബാലേട്ടൻ ഇപ്പോൾ എവിടെയാണ്? 60 വർഷത്തിലധികം നീണ്ട പൊതുജീവിതത്തിൽ തലശ്ശേരി മറക്കാൻ പറ്റില്ലല്ലോ. ഇടയ്ക്ക് വിളിക്കാൻ തോന്നി....... ". ഞാൻ മൂളിക്കേട്ടു. അന്ന് ഉറങ്ങിയത് വളരെ വൈകിയാണ്.

തലശ്ശേരിയുമായുള്ള എൻറെ ബന്ധം എന്നെ ഓർക്കുന്നവർക്ക് മറക്കാൻ കഴിയില്ല. തിരിച്ച് എനിക്കും കഴിയില്ല. അക്ഷരാർത്ഥത്തിൽ സംഭവബഹുലമായ ബ്രണ്ണൻ കാലം. തലനാരിഴയ്ക്ക് ജീവൻ തിരിച്ചുകിട്ടിയ സന്ദർഭങ്ങൾ, സഖാവ് അഷ്റഫിന്റെ രക്തസാക്ഷിത്വം, ആദ്യമായി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളും എസ്എഫ്ഐ പിടിച്ചെടുത്ത ഘട്ടം, സഖാവ് ഇഎംഎസ് കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്യാൻ വന്ന ഘട്ടം. ഇഎംഎസിന്റെ പരിപാടിയുമായി ബന്ധപ്പെട്ട് സഖാവ് പിണറായി വിജയൻറെ സംരക്ഷണം. സഖാവ് ഇഎംഎസ് ഇരിക്കുന്ന വേദിയിൽ കോളേജ് യൂണിയൻ ചെയർമാൻ എന്ന നിലയിൽ എൻറെ ആദ്യത്തെ പ്രസംഗം. കെ സുധാകരനുമായി പിണറായിയുടെ നേരിട്ടുള്ള വെല്ലുവിളി, കെ സുധാകരന്റെ പിന്മാറ്റം, പിണറായി പരീക്ഷ എഴുതാതെ തിരിച്ചുപോയത്. കെ സുധാകരനെ ഒരിക്കൽ പാന്റ് ഊരിച്ച് കോളേജിലൂടെ നടത്തിയ ഘട്ടം. പ്രിൻസിപ്പാളിന്റെ റൂമിൽ അഭയം തേടിയ സുധാകരനെ ഒരിക്കൽ ഇടപെട്ട് ഞാൻ രക്ഷിച്ചത്. ഇതിനൊക്കെ സാക്ഷിയാവാൻ കഴിഞ്ഞ കുറെ ആളുകൾ ജീവിച്ചിരിപ്പുണ്ട്. പലരും കാലയവനികക്കുള്ളിൽ മറഞ്ഞു.

1968- 69 കാലം. തലശ്ശേരി കോടതി ഉപരോധിച്ച കെ എസ് എഫ് പ്രവർത്തകരെ പോലീസ് മൃഗീയമായി ലാത്തിച്ചാർജ് ചെയ്തു. ജീവരക്ഷാർത്ഥം കടലിലേക്ക് ചാടിയ വിദ്യാർഥികളെ പിണറായി കടലിൽ ഇറങ്ങി രക്ഷപ്പെടുത്തിയത്. ഇതിനുശേഷം തലശ്ശേരി സ്റ്റേഡിയം കോർണറിൽ നടത്തിയ പ്രതിഷേധയോഗം. അതിൽ പിണറായി പോലീസിനെതിരെ നടത്തിയ അത്യുജ്ജ്വലമായ പ്രസംഗം.

ഇതേ കാലഘട്ടത്തിൽ തന്നെ (1967-69) ഇഎംഎസ് മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി എച്ച് മുഹമ്മദ് കോയ, ബ്രണ്ണൻ കോളേജിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് വന്ന ഘട്ടത്തിൽ കെ സുധാകരൻ കാട്ടിയ പ്രതിഷേധം. അതിൽ നിന്ന് സി എച്ചിനെ സംരക്ഷിച്ചത്. പ്രതിഷേധം അവഗണിച്ച് സി എച്ച് നടത്തിയ അതിമനോഹരമായ പ്രസംഗം. അതിൽ ആവേശം കൊണ്ട് "സി എച്ച് എം കോയാ സിന്ദാബാദ് " എന്ന് ഞാൻ വിളിച്ച മുദ്രാവാക്യം ആവേശം പൂണ്ട വിദ്യാർത്ഥികൾ ഏറ്റുവിളിച്ചത്. പ്രസംഗം കഴിഞ്ഞ് സി എച്ച് എൻറെ അടുത്തുവന്ന് അഭിനന്ദിച്ചത്. ഇതിനു സാക്ഷിയായി നിന്ന എം എൻ വിജയൻ മാഷിൻറെ മുഖഭാവം.

1969ലെ കെഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തലശ്ശേരി മുകുന്ദ് ടാക്കീസിന്റെ അടുത്ത് ഞാൻ അടക്കമുള്ള കുറച്ച് വിദ്യാർത്ഥികൾ പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയപ്പോൾ ആക്രമിക്കാൻ വന്ന ഗുണ്ടകളെ പിണറായിയുടെ നേതൃത്വത്തിൽ ചെറുത്ത് തിരിച്ചോടിച്ചത്. ഓർമ്മകളുടെ തിരമാലകളിൽ രാവിൻറെ പകുതി പോയത് അറിഞ്ഞില്ല. പിന്നീട് ഉറക്കം വന്നില്ല.

ബ്രണ്ണൻ കോളേജ് പരിസരത്ത് എത്രയോ തവണ എൻറെ ചോര തെറിച്ചു വീണിട്ടുണ്ട്. വലതുകാലിന്റെ സ്വാധീനം കുറഞ്ഞു. മുറിവേറ്റു ആശുപത്രിയിലായ എൻറെ തല തുന്നി കെട്ടാൻ, പിടയുന്ന എൻറെ കൈപിടിച്ചുകൊണ്ട് ഡോക്ടറെ സഹായിച്ച പിണറായി വിജയൻറെ മുഖം മറക്കാനാവില്ല. ഒരു കള്ളക്കേസിൽ അകപ്പെട്ട പിണറായിയുടെ കേസ് നടത്തിപ്പിനു വേണ്ടി മേലൂർ ചിറക്കുനി മുതൽ പാറാൽ ചൊക്ലി വരെയുള്ള ബീഡി കമ്പനികളിൽ കയറി തൊഴിലാളികളിൽ നിന്ന് ഫണ്ട് ശേഖരിച്ചത്.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഉപകേന്ദ്രം തലശ്ശേരിയിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന രണ്ടുമാസം നീണ്ടുനിന്ന ഐതിഹാസികമായ വിദ്യാർത്ഥി സമരം. ബ്രണ്ണൻ കോളേജ് വിദ്യാർത്ഥികൾ നേതൃത്വം നൽകിയ ആ സമരത്തിൻറെ വിജയ സ്മാരകമാണ് ഇന്ന് പാലയാട് കാണുന്ന യൂണിവേഴ്സിറ്റി സെൻറർ. സമരസമിതി കൺവീനർ എന്ന നിലയിൽ എന്‍റെ പ്രവർത്തനത്തിന് വിദ്യാർത്ഥികൾ നൽകിയ അംഗീകാരമായിരുന്നു അത്. ഇതിൽ സജീവമായി പങ്കുവഹിച്ച ഒരാളായിരുന്നു മമ്പറം ദിവാകരൻ.

ബ്രണ്ണൻ കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ ആദ്യത്തെ വിജയത്തിന് പിന്നിൽ ഒരു പിണറായി ടച്ച് ഉണ്ടായിരുന്നു. ബ്രണ്ണൻ കോളേജ് ഹോസ്റ്റൽ എസ്എഫ്ഐ വിദ്യാർത്ഥികളുടെ ഒരു ആശ്വാസ കേന്ദ്രമായിരുന്നു. എൻറെ ഭക്ഷണത്തിൻറെ ഒരു ഭാഗം ഹോസ്റ്റലിലേക്ക് വരുന്ന കോടിയേരിക്ക് വേണ്ടി നീക്കിവെക്കുമായിരുന്നു. ബാലകൃഷ്ണന്റെ അമ്മ എന്നെ മകനെ പോലെയാണ് കണ്ടതും സ്നേഹിച്ചതും. ഞാനും ബാലകൃഷ്ണനും പരസ്പരം നിഴൽ പറ്റി ജീവിച്ചു.

യൂണിവേഴ്സിറ്റി സെൻറർ സ്ഥാപിക്കാൻ ആവശ്യപ്പെട്ട് നടത്തിയ സമരത്തിനിടെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് യോഗം അലങ്കോലപ്പെടുത്തിയ രംഗം കൺമുന്നിൽ നിന്ന് പോകുന്നില്ല. 12 - 8 -2022 ൽ കോടിയേരി ബാലകൃഷ്ണന്റെ അവസാനത്തെ പത്രസമ്മേളനത്തിന് എന്നെ കൂടെ ഇരുത്തണമെന്ന് നിർദ്ദേശിച്ചത് സഖാവ് പിണറായി ആയിരുന്നു.

നല്ല ജോലി ലഭിക്കാനുള്ള അവസരങ്ങൾ പാർട്ടിക്കുവേണ്ടി ഞാൻ ഉപേക്ഷിച്ചു. പാർട്ടി അതിനേക്കാൾ വലുത് എനിക്ക് തിരിച്ചു തന്നു. പ്രതീക്ഷിക്കാത്ത പദവികളും വാഗ്ദാനം ചെയ്തു. വിനയത്തോടെ അവ നിരസിച്ചു.

ബഹു. സ്പീക്കർ ഷംസീറിന്റെ ചോദ്യം മറ്റൊരു രൂപത്തിൽ എൻറെ അമ്മ ചോദിച്ചതാണ്. അമ്മയുടെ അവസാന നാളുകളിൽ കുറച്ചുദിവസം ഞാൻ ആശുപത്രിയിൽ തന്നെയായിരുന്നു. തലോടിക്കൊണ്ട് അമ്മ പറഞ്ഞു, "മോനേ നീ ഇവിടെത്തന്നെ ഇരുന്നാൽ പാർട്ടിക്കാർ മറന്നു പോകും". മനസ്സിനുള്ളിൽ അപ്പോൾ ഇടിയും മിന്നലും അനുഭവപ്പെട്ടു. പാർട്ടിക്കാർ മറന്നു പോകാതിരിക്കാൻ ജനങ്ങളുടെ ഇടയിലേക്ക് പോകണമെന്ന അമ്മയുടെ ഉപദേശം മറക്കാൻ കഴിയില്ല. എഴുത്തും വായനയും അറിയാത്ത അമ്മയുടെ വർഗ്ഗബോധം മനസ്സിലാക്കാൻ എത്ര ക്ലാസിക്കുകൾ ഇനിയും വായിക്കണം.

എൻ പ്രഭാകരന്റെ "ബ്രണ്ണൻ" കാലഘട്ടത്തിലെ ഒരു കഥാപാത്രമാണ് ഞാൻ. എന്നെ വിദ്യാർഥി രാഷ്ട്രീയത്തിലേക്ക് ആകർഷിച്ച പ്രധാനപ്പെട്ട ഒരാളാണ് സഖാവ് സി പി അബൂബക്കർ. അദ്ദേഹത്തിൻറെ "വാക്കുകൾ " എന്ന ആത്മകഥയിൽ എന്നെപ്പറ്റി പരാമർശിച്ചിട്ടുണ്ട്.

ഇപ്പോൾ ഞാനൊരു കുടിയിറക്കലിന്റെ വക്കിലാണ്. എകെജി ഫ്ലാറ്റിൽ നിന്ന് അടുത്തുതന്നെ കുടിയിറങ്ങേണ്ടിവരും. ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ആവർത്തനമാണ്. കുട്ടിക്കാലത്ത് നാല് കുടിയിറക്കലിന് വിധേയമായതാണ് എൻറെ കുടുംബം. അതും കാർഷികബന്ധ നിയമവും ഭൂപരിഷ്കരണ നിയമവും പാസാക്കുന്ന ഘട്ടത്തിൽ. കുടികിടപ്പ് അവകാശം സ്ഥാപിക്കാൻ കഴിയാതിരുന്നത് കാഡർ സ്വഭാവമുള്ള ഒരു പാർട്ടി ആ ഘട്ടത്തിൽ നാട്ടിൽ ഇല്ലാതിരുന്നത് കൊണ്ടാണ്. ജീവിതത്തിൽ പിന്നീട് നടന്ന കുടിയിറക്കലുകൾ മറ്റൊരു സ്വഭാവത്തിലുള്ളതാണ്. പഠിക്കുന്ന സമയത്ത് ബ്രണ്ണൻ കോളേജ് ഹോസ്റ്റൽ, പിന്നീട് കോഴിക്കോട് ലോ കോളേജ് ഹോസ്റ്റൽ. ഇതും എന്നെ സംബന്ധിച്ചിടത്തോളം ഫലത്തിൽ കുടിയിറക്കലിന് സമാനമായിരുന്നു. മറ്റു കുടിയിറക്കലുകൾ സമൂഹത്തിൽ നല്ലൊരു മേൽവിലാസം കിട്ടിയതിന്റെ ഭാഗമായിട്ടായിരുന്നു. ഡൽഹിയിലെ എംപി ഫ്ലാറ്റ്, തിരുവനന്തപുരം എംഎൽഎ ഹോസ്റ്റൽ, മന്ത്രിമന്ദിരങ്ങൾ. ഇതിൽ നിന്നും കുടിയിറങ്ങി. കണ്ണൂരിലെ അഴീക്കോടൻ മന്ദിരം, കോഴിക്കോട് സി എച്ച് മന്ദിരം, പാലക്കാട് കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക മന്ദിരം ഇവിടങ്ങളിൽ നിന്ന് സ്വമേധയാ കുടിയിറങ്ങി. അവസാനം എകെജി ഫ്ലാറ്റിൽ നിന്നും കുടിയിറങ്ങാൻ പോകുന്നു. അടുത്ത കുടിയിരിപ്പ് എവിടെ? ഈ കുറിപ്പ് അവസാനിക്കുന്നില്ല. മറ്റൊരു രൂപത്തിൽ തുടരും.

Tags:    
News Summary - ‘K. Sudhakaran was led through the college with his pants removed, Pinarayi saved those who jumped into the sea’; AK Balan FB Post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.