എരുമപ്പെട്ടി: സംസ്ഥാനത്തെ തന്നെ വിസ്തൃതിയേറിയ കരിങ്കൽ ഖനന മേഖലയായ കടങ്ങോട്ട് നാല് പഞ്ചായത്തുകളിലായുള്ളത് 43 ക്വാറികൾ. ഇതിൽ നാലെണ്ണമൊഴിച്ച് ബാക്കിയുള്ളവ പ്രവർത്തനം അവസാനിപ്പിച്ചവയാണ്. കടങ്ങോട്, കടവല്ലൂർ, നാഗലശേരി, തിരുമിറ്റക്കോട്, എരുമപ്പെട്ടി പഞ്ചായത്തുകളുടെ അതിർത്തിപ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് ഈ മേഖല. ഇവിടെ പരിസ്ഥിതി ആഘാതപഠനം നടത്തണമെന്ന് കടങ്ങോട് ഇടം സാംസ്കാരികവേദി ആവശ്യപ്പെട്ടു.
ക്വാറികൾ പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ അവ നികത്തണമെന്ന നിബന്ധന നടപ്പാക്കാൻ ക്വാറി ഉടമകൾ തയാറായിട്ടില്ല. നിബന്ധനകൾ മറികടന്ന് വളരെയധികം ആഴത്തിലാണ് മേഖലയിലെ വലിയ ക്വാറികൾ പ്രവർത്തിച്ചിരുന്നത്. ചെറിയ കുന്നിൻ പ്രദേശങ്ങളിലെ ക്വാറികളിൽ രൂപപ്പെട്ട അഗാധഗർത്തങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. ഭൂകമ്പ ബാധിത മേഖല കൂടിയാണ് ഈ പ്രദേശം. ക്വാറി ഉടമകൾ നികത്താൻ തയാറാകാത്തതിനാൽ കലക്ടർക്ക് ഇവ നികത്താനും അതിന്റെ തുക ഉടമകളിൽ നിന്ന് ഈടാക്കാനുമുള്ള അധികാരം ഉപയോഗപ്പെടുത്താനാകുമെന്ന് ഇടം സാംസ്കാരികവേദി ഭാരവാഹികൾ പറഞ്ഞു.
കടങ്ങോട് മേഖലയിലെ ക്വാറികൾ മറ്റൊരു ക്വാറിയിലേക്ക്വേണ്ട ദൂരപരിധി പാലിക്കുന്നില്ല. കൾസ്റ്റർ മൈനിങ് നടക്കുന്ന പ്രദേശമായതിനാൽ ക്വാറികൾക്കിടയിലുള്ള ഭിത്തികൾ സ്ഫോടനത്തിൽ തകർന്ന പാറകളുടെ തുടർച്ചയാണ്. അവയുടെ ശേഷിക്കുറവും വൻ ജലശേഖരവും ദുരന്തങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ട്.
അപകടം പതിയിരിക്കുന്ന ഇത്തരം വെള്ളക്കെട്ടുകളിൽ കുളിക്കാൻ കുട്ടികളും യുവാക്കളും പതിവായി എത്തുന്നുണ്ട്. എരുമപ്പെട്ടി, വേലൂർ, പോർക്കുളം, കടവല്ലൂർ പഞ്ചായത്തുകളിലായി 27 ലധികം ക്വാറികളും പാലക്കാട് ജില്ലയിലെ നാഗലശേരി, തിരുമിറ്റക്കോട് പഞ്ചായത്തുകളിൽ 15 ലധികം ക്വാറികളും കടങ്ങോട് പഞ്ചായത്തിൽ 40ലധികം ക്വാറികളുമാണുള്ളത്. ഇവയിൽ ഭൂരിഭാഗവും പ്രവർത്തനം നിർത്തിയവയാണ്. ഈ ഗർത്തങ്ങളും ഇവിടെയുണ്ടായിരുന്ന ജല ഉറവകളിലും ക്വാറികളുടെ പ്രവർത്തനം മൂലമുണ്ടായ പരിസ്ഥിതി ആഘാതം പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാൻ സംസ്ഥാന സർക്കാർ തയാറാകണം.
സമ്മർദ്ദം ചെലുത്താൻ മേഖലയിലെ പഞ്ചായത്തുകൾ, എം.എൽ.എമാർ, എം.പിമാർ, ജിയോളജി - റവന്യൂ ഉദ്യോഗസ്ഥർ, ജില്ലാ കലക്ടർ എന്നിവർ ഇടപെടണമെന്നും ഇടം സാംസ്കാരികവേദി പ്രമേത്തിൽ ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡൻറ് പ്രീതി രാജേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി. ജയൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഷൗക്കത്ത് കടങ്ങോട്, ഇ.കെ. മിനി, സുധീഷ് പറമ്പിൽ, നാരായണൻ കോടനാട്, എൻ.എസ്. സത്യൻ, കെ. വിജയൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.