റിബേഷ് രാമകൃഷ്ണൻ, വ്യാജ കാഫിർ സ്ക്രീൻഷോട്ട്
കണ്ണൂർ: കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ റിബേഷിനെ പിന്തുണച്ച് ഡി.വൈ.എഫ്.ഐ. ഡി.വൈ.എഫ്.ഐ നേതാവ് റിബേഷിനെതിരെ നടക്കുന്നത് വിദ്വേഷ പ്രചാരണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വം. അന്വേഷണം പൂർത്തിയാകുമ്പോൾ ലീഗും കോൺഗ്രസും പ്രതിസ്ഥാനത്ത് വരുമെന്ന് സംസ്ഥാന പ്രസിഡന്റ് വി. വസീഫും ജനറൽ സെക്രട്ടറി വി.കെ സനോജും പറഞ്ഞു. സ്ക്രീൻഷോട്ട് നിർമിച്ചത് റിബേഷാണെന്ന് തെളിഞ്ഞാൽ 25 ലക്ഷം നൽകുമെന്ന് ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി അറിയിച്ചു.
സ്‌ക്രീൻഷോട്ട് ആദ്യം പങ്കുവെച്ചത് റിബേഷ് ആണെന്നാണ് പൊലീസ് റിപ്പോർട്ട്. റിബേഷിന്‍റെ ഫോൺ വിശദമായ പരിശോധനക്കായി പൊലീസിന് കൈമാറിയിട്ടുണ്ട്. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന വിഷയത്തിൽ മാധ്യമങ്ങളും ലീഗ്, കോൺഗ്രസ് നേതൃത്വവും അനാവശ്യമായി റിബേഷിനെ പ്രതിയാക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ നേതൃത്വം അവകാശപ്പെട്ടു. റിബേഷിന് മേൽ സംഘടനക്ക് ഉത്തരവാദിത്വമുണ്ട്. ക്രൂശിക്കാൻ അനുവദിക്കില്ലെന്നും ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.
‘കാഫിർ’ സ്ക്രീൻഷോട്ടിന് പിന്നിൽ യു.ഡി.എഫ് ആണെന്ന ആരോപണം ആവർത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. വ്യാജ സ്ക്രീൻ ഷോട്ട് വിഷയത്തിൽ സി.പി.എമ്മിന് ഒറ്റ നിലപാടാണുള്ളത്. വ്യാജ നിർമിതിക്ക് ബി.ജെ.പിയുടെ സഹായം ലഭിച്ചെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
വടകര ലോക്സഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പു കാലത്ത് പ്രചരിച്ച ‘കാഫിർ’ സ്ക്രീൻ ഷോട്ടിന്റെ ഉറവിടം സംബന്ധിച്ച് കേരളാ പൊലീസ് ആണ് ഹൈകോടതിയിൽ റിപ്പോർട്ട് നൽകിയത്. വിവാദ ‘കാഫിർ’ സ്ക്രീൻ ഷോട്ടിന്റെ ഉറവിടം റെഡ് ബറ്റാലിയൻ, റെഡ് എൻകൗണ്ടേഴ്സ് എന്നീ വാട്സ്ആപ് ഗ്രൂപ്പുകളെന്നാണ് റിപ്പോർട്ടിൽ പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.