കാഫിർ സ്ക്രീൻ ഷോട്ട്: പൊലീസ് അന്വേഷണ പുരോഗതി 13നകം കോടതിയിൽ സമർപ്പിക്കണം

വടകര: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച കേസിലെ അന്വേഷണ പുരോഗതി ഡിസംബർ 13നകം വീണ്ടും സമർപ്പിക്കണമെന്ന് വടകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. കേസ് അന്വേഷണത്തിൽ പൊലീസ് ഗുരുതരമായ അലംഭാവം കാണിക്കുന്നു എന്നാരോപിച്ച് എം.എസ്.എഫ് നേതാവ് മുഹമ്മദ്‌ കാസിം നൽകിയ ഹരജിയിൽ വടകര പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചിരുന്നു.

വെള്ളിയാഴ്ച കേസ് പരിഗണനക്കെടുത്ത കോടതി അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച് വീണ്ടും റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു. കേസിൽ മാധ്യമങ്ങൾ അനാവശ്യ ഇടപെടലുകൾ നടത്തുകയാണെന്ന് പ്രോസിക്യൂഷൻ ബോധിപ്പിച്ചു. ഈ വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അരമണിക്കൂറോളമാണ് കേസിൽ വാദപ്രതിവാദങ്ങൾ നടന്നത്.

കേസന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് സർക്കാറിനുവേണ്ടി പ്രോസിക്യൂട്ടർ വാദിച്ചു. എന്നാൽ, കേസിൽ ഹൈകോടതി വിധി വന്ന സെപ്റ്റംബർ ഒമ്പതിനുശേഷം അന്വേഷണം മുന്നോട്ട് പോയിട്ടില്ലെന്ന് മുഹമ്മദ്‌ കാസിമിന്റെ അഭിഭാഷകൻ അഡ്വ. മുഹമ്മദ്‌ ഷാ കോടതിയെ ധരിപ്പിച്ചു. വ്യാജ സ്ക്രീൻഷോട്ട് നിർമിച്ച് പ്രചരിപ്പിക്കുകയും അതുവഴി മതസ്പർധ വളർത്താൻ ശ്രമിച്ചതിനും ഐ.പി.സി 153 എ വകുപ്പ് കേസിൽ ഉൾപ്പെടുത്താൻ പൊലീസ് വിസമ്മതിക്കുകയാണെന്നും സംഭവം നടന്ന് ആറ് മാസം കഴിഞ്ഞിട്ടും കേസിൽ ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ലെന്നും കാസിമിന്റെ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചു.

അമ്പാടിമുക്ക് സഖാക്കൾ, പോരാളി ഷാജി തുടങ്ങിയ ഫേസ്ബുക്ക് പേജുകളും റെഡ് എൻകൗണ്ടർ, റെഡ് ബറ്റാലിയൻ എന്നീ വാട്സ്ആപ് ഗ്രൂപ്പുകളും വഴിയാണ് പോസ്റ്റ്‌ ആദ്യമായി പ്രചരിപ്പിച്ചത് എന്ന് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും അത് മാസങ്ങൾക്ക് മുമ്പ് ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ ആവർത്തനം മാത്രമാണ്. പോസ്റ്റുകൾ ആദ്യമായി പ്രചരിപ്പിച്ച ആളുകളെ കണ്ടെത്തിയിട്ടും അവരെ ആരെയും കേസിൽ പ്രതിചേർക്കാത്തതും വിചിത്രമാണ്. അതുകൊണ്ടുതന്നെ അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന സർക്കാർ വാദം മുഖവിലക്കെടുക്കാൻ സാധിക്കില്ലെന്നും അഡ്വ. മുഹമ്മദ്‌ ഷാ വാദിച്ചു. ഈ വാദം മുഖവിലക്കെടുത്താണ് കോടതി വീണ്ടും റിപ്പോർട്ട് ആവശ്യപ്പെട്ടത്.

Tags:    
News Summary - Kafir screenshot: The progress of the police investigation should be submitted to the court by 13

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.