കൊച്ചി: ‘കക്കുകളി’ പ്രമേയമാക്കിയ തൊട്ടപ്പൻ എന്ന പുസ്തകത്തിന് അവാർഡ് നൽകിയ കെ.സി.ബി.സി നാടകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നതിന് പിന്നിൽ വേറെ താൽപര്യമുണ്ടെന്ന് സംശയിക്കുന്നതായി സംവിധായകൻ ജോബ് മഠത്തിൽ. ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുന്നപ്ര പറവൂർ പബ്ലിക് ലൈബ്രറി നെയ്തൽ നാടകസംഘമൊരുക്കിയ നാടകം തട്ടിൽക്കയറി ഒരുവർഷം പിന്നിടുമ്പോഴാണ് കേരള കത്തോലിക്ക മെത്രാൻ സമിതി (കെ.സി.ബി.സി) അടക്കമുള്ള ക്രൈസ്തവ സംഘടനകളിൽനിന്ന് പ്രതിഷേധം ഉയരുന്നത്. ഫ്രാൻസിസ് നൊറോണയുടെ കഥയെ വക്രീകരിച്ചു കമ്യൂണിസ്റ്റ് പ്രചാരണം നടത്തുന്നുവെന്നാണ് ആരോപണം.
നാടകത്തിൽ ‘നീ കന്യാസ്ത്രീയോ അതോ കമ്യൂണിസ്റ്റോ’ എന്ന് കഥാപാത്രങ്ങളുടെ സംഭാഷണം ചൂണ്ടിക്കാട്ടിയാണ് ആരോപണം ഉയർത്തുന്നത്. ഈ സംഭാഷണം പുസ്തകത്തിലുള്ളതാണ്. കെ.സി.ബി.സി അവാർഡ് കൊടുക്കുമ്പോൾ അത് കണ്ടില്ലേ. നിങ്ങൾ എന്തുകൊണ്ട് മുസ്ലിംകൾക്കെതിരെ സംസാരിക്കുന്നില്ല എന്നാണ് കാസയടക്കമുള്ള സംഘടനകൾ ചോദിക്കുന്നത്. ഇങ്ങനെയൊക്കെ ചർച്ച പോകുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. സർക്കാറിനെതിരെയുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് ഈ വിവാദ ലക്ഷ്യത്തിന് പിന്നിലെന്നാണ് സംശയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവായൂരിൽ അവതരിപ്പിപ്പിക്കുമ്പോഴാണ് പ്രതിഷേധമുയരുന്നത്. അതിന് പിന്നിൽ വേറെ എന്തെങ്കിലും ലക്ഷ്യങ്ങളായിരിക്കും. സർക്കാർ മറുപടി പറയണമെന്നൊക്കെ പറയുന്നത് സമ്മർദത്തിനാകും. സർക്കാറിന്റെ രണ്ട് ലക്ഷം രൂപ സഹായം ലഭിച്ച 25 അമേച്വർ നാടകങ്ങളിലൊന്നാണിത്. ഇത് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഫണ്ട് ഉപയോഗിച്ച് തങ്ങൾക്കെതിരെ പറയുന്നുവെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത്. വളരെ കഷ്ടപ്പെട്ട് ഒരുക്കിയ നാടകമാണ്.നാട്ടിൻപുറത്തുകാരും വീട്ടമ്മമാരുമായ ആറോ-ഏഴോ സ്ത്രീകളാണ് ഇതിൽ അഭിനയിക്കുന്നത്. അവരൊക്കെ വല്ലാത്ത സമ്മർദമാണ് അനുഭവിക്കുന്നത്. നാടകം കാണാത്തവരാണ് വിമർശനവുമായി രംഗത്ത് വന്നത്. ഒരിക്കലെങ്കിലും നാടകം കാണണം, എന്നിട്ട് സംവാദം നടത്താമെന്ന് പറഞ്ഞെങ്കിലും വിമർശകരാരും അതിന് തയാറാകുന്നില്ല. പലവിഷയങ്ങളിലും ഇടയലേഖനം വായിക്കാത്ത കെ.സി.ബി.സി ഈ കുഞ്ഞു നാടകത്തിനെതിരെ രംഗത്തുവരുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. നാടകം കണ്ട വിശ്വാസികളും പൊതുജനവും അതിന് മറുപടി പറയട്ടെ- അദ്ദേഹം കൂട്ടിച്ചേർത്തു.
തലയോലപ്പറമ്പ്: ‘കക്കുകളി’ നാടകത്തിനെതിരായ കെ.സി.ബി.സി പ്രതിഷേധം തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. . അതിനെ വിശകലനം ചെയ്യാം. കലാകാരന്മാരെയും കലാരൂപങ്ങളെയും വിമർശിക്കാം. എന്നാൽ, നാടകം അവതരിപ്പിക്കാനുള്ള അവകാശം അവർക്കുമുണ്ട്. ഇതിനെ ചോദ്യം ചെയ്യുവാനുള്ള ജനാധിപത്യ അവകാശവുമുണ്ട്- എം.വി. ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി തലയോലപ്പറമ്പിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം നാടകത്തിന്റെ ഉള്ളടക്കം ക്രൈസ്തവവിരുദ്ധമാണെന്നും പ്രദര്‍ശനം നിരോധിക്കണമെന്നും കെ.സി.ബി.സി ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.