കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ മലയാള വിഭാഗത്തിനു പിന്നാലെ സംസ്കൃത വിഭാഗത്തിലും യു.ജി.സി ചട്ടങ്ങൾ മറികടന്ന് അനധികൃത നിയമനം നടത്തിയതായി ആരോപണം. അസി. പ്രഫസർ നിയമനത്തിലാണ് ചട്ടവിരുദ്ധ നിയമനം. ഈ ഒഴിവിലേക്ക് കാലിക്കറ്റ് സർവകലാശാല നടത്തിയ പരീക്ഷയിൽ റാങ്ക് ലിസ്റ്റിൽ പിന്നിലായവരിൽ പലരും സംസ്കൃത സർവകലാശാലയുടെ പരീക്ഷയിൽ മുൻനിരയിൽ എത്തി.
ഒരാഴ്ചക്കുള്ളിലാണ് ഇരുസർവകലാശാലയിലും പരീക്ഷകൾ നടന്നത്. വൈസ് ചാൻസലർ എല്ലാ ചട്ടങ്ങളും ലംഘിച്ച് അനധികൃത ഇടപെടൽ നടത്തിയതായി സർവകലാശാല സംരക്ഷണ സമിതി ആരോപിച്ചു. സർവകലാശാലയുടെ റാങ്ക് ലിസ്റ്റിൽ രണ്ടാം സ്ഥാനക്കാരി കാലിക്കറ്റ് സർവകലാശാലയുടെ റാങ്ക് ലിസ്റ്റിൽ 36ാം സ്ഥാനത്താണ്.
ഒ.ബി.സി സംവരണത്തിൽ ഒന്നാം സ്ഥാനക്കാരനായ ഉദ്യോഗാർഥി കാലിക്കറ്റിൽ 24ാം റാങ്കിലും. ഒരേ ബോർഡാണ് രണ്ട് സർവകലാശാലയിലേക്കും ഇൻറർവ്യൂ നടത്തിയത്. ഒരേ അക്കാദമിക യോഗ്യതയുള്ളവർ രണ്ട് യൂനിവേഴ്സിറ്റിയിൽ പല റാങ്കിൽ എത്തിയതാണ് ക്രമക്കേടിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. സംസ്കൃത സർവകലാശാലയുടെ അസി.പ്രഫസർ നിയമനത്തിൽ മൂന്നാം റാങ്ക് നേടിയ ഉദ്യോഗാർഥി വൈസ് ചാൻസലറുടെ മേൽനോട്ടത്തിലാണ് ഗവേഷണം പൂർത്തിയാക്കിയത്. ഇദ്ദേഹം കാലിക്കറ്റ് സർവകലാശാലയിൽ ഇതേ തസ്ഥികയിലേക്ക് നടന്ന ഇൻറർവ്യൂവിൽ 14ാം റാങ്കാണ് നേടിയത്.
ഒ.ബി.സി സംവരണത്തിൽ ഒന്നാം സ്ഥാനക്കാരനായ ഉദ്യോഗാർഥി ഒരു ഇൻറർവ്യൂ ബോർഡ് അംഗത്തിെൻറ മേൽനോട്ടത്തിലാണ് ഗവേഷണം നടത്തിയത്. സംസ്കൃതം സാഹിത്യത്തിൽ യോഗ്യതയുള്ള 32 ഉദ്യോഗാർഥികളെ ഒഴിവാക്കിയാണ് സംസ്കൃതം സ്പെഷൽ യോഗ്യതയുള്ളവരെ നിയമിച്ചത്. സംസ്കൃതം ജനറൽ വിഭാഗത്തിൽ അസി. പ്രഫസർ തസ്തികയിൽ നിയമിച്ച മൂന്നുപേർ സംസ്കൃതം സ്പെഷൽ വിഭാഗക്കാരാണ്. ചട്ടവിരുദ്ധമായ നിയമനങ്ങളിൽ ഹൈകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഉദ്യോഗാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.