കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടന പരമ്പരയിലെ പ്രതിയായ ഡൊമിനിക് മാർട്ടിന്‍റെ വൈദ്യപരിശോധന പൂർത്തിയാക്കി. ഇന്ന് പുലർച്ചെയാണ് എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയത്. തുടർന്ന് എ.ആർ ക്യാംപിലേക്ക് തിരികെ കൊണ്ടുവന്നു. ഇയാളെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.
കേരള പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘത്തിനൊപ്പം എൻ.എസ്.ജിയുടെ പ്രത്യേക സംഘവും പ്രതിയെ ചോദ്യം ചെയ്യും. ഇന്നലെ കളമശ്ശേരി ക്യാംപിൽവെച്ച് എൻ.ഐ.എ സംഘം ചോദ്യം ചെയ്തിരുന്നു.
അതേസമയം, സ്ഫോടനം നടന്ന കളമശ്ശേരി സംറ കൺവെൻഷൻ സെന്‍ററും പരിക്കേറ്റവരെ പ്രവേശിപ്പിച്ച മെഡിക്കൽ കോളജ് ആശുപത്രിയുംമുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സന്ദർശിക്കും. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേരുന്ന അടിയന്തര സർവകക്ഷിയോഗത്തിന് ശേഷമാകും മുഖ്യമന്ത്രി കളമശ്ശേരിയിൽ എത്തുക.
അവധിയിലുള്ള മുഴുവന്‍ പേരെയും തിരിച്ചു വിളിക്കാൻ ജില്ല പൊലീസ് മേധാവിമാർക്ക് ആഭ്യന്തരവകുപ്പ് നിർദേശം നല്‍കിയിട്ടുണ്ട്. ഓരോ പൊലീസ് സ്റ്റേഷന് പരിധിയിലെയും ആളുകൂടുന്ന ഇടങ്ങളും പൊതുസ്ഥലങ്ങളും പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഇവിടങ്ങളിൽ നിരീക്ഷണ കാമറ പ്രവര്‍ത്തനക്ഷമമാണോ എന്ന് ഉറപ്പുവരുത്തും. റെയില്‍വേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡ്, വിമാനത്താവളം, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം പരിശോധന കര്‍ശനമാക്കി.
ഷോപ്പിങ് മാളുകള്‍, പ്രാർഥനാ കേന്ദ്രങ്ങള്‍, ഹോട്ടലുകൾ, ലോഡ്ജുകള്‍ ഉള്‍പ്പടെ നിരീക്ഷിക്കാനും പൊലീസിന് നിർദേശമുണ്ട്. തലസ്ഥാനത്ത് യഹോവാസാക്ഷികളുടെ ആരാധനാലയം സ്ഥിതി ചെയ്യുന്ന കുന്നുകുഴിയില്‍ പൊലീസ് സംഘം വാഹന പരിശോധന നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.