കൊച്ചി: ആറുപേരുടെ മരണത്തിനിടയാക്കിയ കളമശ്ശേരി ഭീകരാക്രമണ കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനെ ഡിസംബർ 26 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്ന് വിഡിയോ കോൺഫറൻസിങ് വഴി ഹാജരാക്കിയപ്പോഴാണ് പ്രതിയെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി റിമാൻഡ് ചെയ്തത്.
ആക്രമണം നടന്ന് ഒരുമാസം പിന്നിടുമ്പോഴും മാർട്ടിൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മാർട്ടിനെ മാത്രം പ്രതിയാക്കിയാണ് അന്വേഷണം നടത്തുന്നത്. വൈകാതെ കേസിൽ കുറ്റപത്രം സമർപ്പിക്കുമെന്നാണ് സൂചന.
കുറ്റകൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് അന്വേഷണസംഘം നൽകുന്ന വിവരം. ഒക്ടോബർ 29ന് രാവിലെയാണ് യഹോവയുടെ സാക്ഷികളുടെ സമ്മേളനം നടന്ന കളമശ്ശേരിയിലെ കൺവെൻഷൻ സെൻററിൽ സ്ഫോടനം നടത്തിയത്. ബോംബുകൾ സ്ഥാപിച്ചശേഷം റിമോട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തുകയായിരുന്നുവെന്നാണ് പ്രതിതന്നെ നൽകിയ മൊഴി.
സംഭവ ദിവസംതന്നെ ഒരാളും പിന്നീടുള്ള ദിവസങ്ങളിൽ അഞ്ചുപേരും കൊല്ലപ്പെട്ടിരുന്നു. തനിക്ക് അഭിഭാഷകനെ വേണ്ടെന്നും സ്വന്തമായാണ് കേസ് നടത്തുന്നതെന്നുമുള്ള നിലപാടിലാണ് പ്രതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.