പോളിടെക്നിക്കിലെ കഞ്ചാവ്: നിരപരാധിയെന്ന് പറഞ്ഞ അഭിരാജിനെ പുറത്താക്കി എസ്.എഫ്.ഐ

കൊച്ചി: കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ അറസ്റ്റിലായ കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി തൊ​ടി​യൂ​ർ നോ​ർ​ത്ത്​ പ​നം​ത​റ​യി​ൽ വീ​ട്ടി​ൽ ആ​ർ. അ​ഭി​രാ​ജിനെ (21) എസ്.എഫ്.ഐ പുറത്താക്കി. എസ്.എഫ്.ഐ നേതാവായ അഭിരാജ് കോ​ള​ജ് യൂനിയൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റിയായിരുന്നു അഭിരാജ്. കേസിൽ സ്റ്റേ​ഷ​ൻ ജാ​മ്യത്തിലാണ് അഭിരാജ്.

അഭിരാജ് നിരപരാധിയാണെന്നായിരുന്നു നേരത്തെ എസ്.എഫ്.ഐ നേതാക്കൾ പറഞ്ഞിരുന്നത്. റെയ്ഡ് നടന്ന സമയത്ത് അഭിരാജ് ഹോസ്റ്റലില്‍ ഉണ്ടായിരുന്നില്ലെന്നും എസ്.എഫ്‌.ഐ യൂണിറ്റ് സമ്മേളനത്തിന്റെ അലങ്കാരജോലികളുമായി ബന്ധപ്പെട്ട് കാമ്പസിനുള്ളിലായിരുന്നെന്നുമാണ് എസ്.എഫ്‌.ഐ കളമശ്ശേരി ഏരിയ പ്രസിഡന്റ് ദേവരാജ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

ക​ള​മ​ശ്ശേ​രി ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ ആ​ൺ​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ലി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രിയിലാണ് പൊലീസ് കഞ്ചാവ് വേട്ട നടത്തിയത്. ഏ​ഴ്​ മ​ണി​ക്കൂ​ർ നീ​ണ്ട മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ടു​കി​​ലോ ക​ഞ്ചാ​വ്​ പി​ടി​കൂ​ടിയിരുന്നു. അ​ഭി​രാ​ജിനൊപ്പം മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളാ​യ കൊ​ല്ലം വി​ല്ലു​മ​ല പു​ത്ത​ൻ​വീ​ട്​ അ​ട​വി​ക്കോ​ണ​ത്ത്​ എം. ​ആ​കാ​ശ്​ (21), ആ​ല​പ്പു​ഴ ഹ​രി​പ്പാ​ട്​ കാ​ട്ടു​കൊ​യ്ക്ക​ൽ വീ​ട്ടി​ൽ ആ​ദി​ത്യ​ൻ (20) എന്നിവരും അറസ്റ്റിലായിരുന്നു. ആ​കാ​ശ് താ​മ​സി​ക്കു​ന്ന എ​ഫ് 39 മു​റി​യി​ൽ നി​ന്ന്​ 1.909 കി​ലോ ക​ഞ്ചാ​വും ആ​ദി​ത്യ​നും അ​ഭി​രാ​ജും താ​മ​സി​ക്കു​ന്ന ജി 11 ​മു​റി​യി​ൽ​നി​ന്ന്​ 9.70 ഗ്രാം ​ക​ഞ്ചാ​വുമാണ് പി​ടി​​ച്ചെ​ടു​ത്തത്. ക​ഞ്ചാ​വ് ആ​വ​ശ്യ​ക്കാ​ർ​ക്ക്​ തൂ​ക്കി​ക്കൊ​ടു​ക്കാ​ൻ ത്രാ​സും മ​ദ്യം അ​ള​ക്കു​ന്ന​തി​നു​ള്ള ഗ്ലാ​സും പി​ടി​​​ച്ചെ​ടു​ത്തിരുന്നു.

പോളിടെക്നിക് കോളജിൽ കഞ്ചാവ് എത്തിച്ച പൂർവ വിദ്യാർഥികളായ ആഷിഖ്, ഷാരിൽ എന്നിവർ ഇന്ന് അറസ്റ്റിലായിരുന്നു. വെള്ളി‍യാഴ്ച അർധരാത്രി എറണാകുളത്തുനിന്ന് ഇരുവരെയും കളമശ്ശേരി പൊലീസിന്‍റെ പ്രത്യേക സംഘവും ഡാൻഫാസ് സംഘവും ചേർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ചത് പൂർവ വിദ്യാർഥികളാണെന്ന് നേരത്തെ അറസ്റ്റിലായ വിദ്യാർഥി മൊഴി നൽകിയിരുന്നു.

കഞ്ചാവ് ആവശ്യമുള്ളവർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം കാമ്പസിൽ ഉണ്ടായിരുന്നെന്ന വിവരം ഇന്ന് പുറത്തുവന്നിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് വിൽപനക്കാർ ഡിസ്കൗണ്ടും നൽകിയിരുന്നു. ഒരു പൊതി കഞ്ചാവിന് 500 രൂപ നിരക്കിലാണ് കാമ്പസിൽ വിൽപന നടന്നിരുന്നത്.

Tags:    
News Summary - Kalamassery Polytechnic College ganja case - Abhiraj expelled from SFI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.