കുട്ടനാട്: ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച എം.ബി.ബി.എസ് വിദ്യാർഥി ആയുഷ് ഷാജിക്ക് കണ്ണീരോടെ നാട് വിടനൽകി. കാവാലം കൃഷ്ണപുരം നെല്ലൂരിലെ കുടുംബവീട്ടിലാണ് ബുധനാഴ്ച രാവിലെ പത്തിന് സംസ്കാര ചടങ്ങുകൾ നടന്നത്. അന്ത്യാഞ്ജലി അർപ്പിക്കാൻ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരും ഒഴുകിയെത്തി.
കുട്ടനാട്ടിലെ സാധാരണ കുടുംബത്തിൽ ജനിച്ച ആയുഷ്, എം.ബി.ബി.എസ് പൂർത്തിയാക്കി കേരളത്തിൽ ജോലി ചെയ്യാനാണ് ആഗ്രഹിച്ചിരുന്നത്. കോട്ടയം, തൃശൂർ മെഡിക്കൽ കോളജുകളിൽ പ്രവേശനം ലഭിച്ചെങ്കിലും കാവാലത്തെ കുടുംബവീട്ടിൽ ആഴ്ചതോറും പോകാമെന്നതിനാൽ ആലപ്പുഴ തെരഞ്ഞെടുക്കുകയായിരുന്നു. ഹോസ്റ്റലിൽനിന്നാണ് കോളജിൽ പോകുന്നത്. അവധി ദിവസങ്ങളിൽ കാവാലത്തെത്തും. ഒരാഴ്ചമുമ്പും ഇവിടെ വന്നിരുന്നു. ഇനി ക്രിസ്മസ് അവധിക്ക് വരാമെന്ന് പറഞ്ഞാണ് മടങ്ങിയത്. പറഞ്ഞതിന് മുമ്പേയെത്തി, ചേതനയറ്റ്.
മധ്യപ്രദേശിലെ ഇൻഡോറിൽ ജോലിനോക്കുന്ന ആയുഷിന്റെ അച്ഛൻ ഷാജിയും അമ്മ ഉഷയും സഹോദരി ജിഷയും ചൊവ്വാഴ്ച വൈകീട്ട് വീട്ടിലെത്തി. മകൻ അപകടത്തിൽപെട്ടെന്നറിഞ്ഞാണ് അവർ നാട്ടിലേക്ക് തിരിച്ചത്. വീട്ടിലെത്തിയപ്പോഴാണ് മരണവാർത്തയറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.