തിരുവനന്തപുരം: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ഡിസംബർ ഒമ്പതിന്. വിമാനത്താവളത്തിനുള്ള എയ്റോേഡ്രാം ലൈസൻസ് വ്യാഴാഴ്ച ഡി.ജി.സി.എ അനുവദിച്ചതിനെ തുടർന്നാണ് ഉദ്ഘാടനതീയതി നിശ്ചയിച്ചത്.
3050 മീറ്റർ റൺവേയാണ് ഇപ്പോഴുള്ളത്. അത് 4000 മീറ്ററായി നീട്ടാൻ നടപടി ആരംഭിച്ചു. 2300 ഏക്കറിലാണ് ആധുനിക സൗകര്യങ്ങളോടെ വിമാനത്താവളം ഒരുക്കിയിട്ടുള്ളത്. യാത്രക്കാർക്കുള്ള ടെർമിനൽ ബിൽഡിങ്ങിെൻറ വിസ്തീർണം 97,000 ചതുരശ്രമീറ്ററാണ്. 1.05 ലക്ഷം ചതുരശ്രയടിയുള്ള അന്താരാഷ്ട്ര കാർഗോ കോംപ്ലക്സ് നിർമാണം നടക്കുന്നു. വിമാനത്താവളത്തിനകത്തുതന്നെ ഹോട്ടലും ഒരുക്കിയിട്ടുണ്ട്.
24 ചെക് ഇൻ കൗണ്ടറുകളും സെൽഫ് ബാഗേജ് േഡ്രാപ് കൗണ്ടറുകളും സെൽഫ് ചെക്കിങ് മെഷീനുകളും സജ്ജമായി. 32 എമിേഗ്രഷൻ കൗണ്ടറുകൾ ഉണ്ടാകും. ഇതിനുപുറമെ നാല് ഇ-വിസ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. 16 കസ്റ്റംസ് കൗണ്ടറുകളും പ്രവർത്തിക്കും.
ആറ് എയ്റോ ബ്രിഡ്ജുകളാണ് ഇപ്പോൾ പൂർത്തിയായിട്ടുള്ളത്. ബോയിങ് 777 പോലുള്ള വലിയ വിമാനങ്ങൾ ഇറങ്ങുന്നതിനുള്ള എല്ലാ സജീകരണങ്ങളും വിമാനത്താവളത്തിലുണ്ട്. 20 വിമാനങ്ങൾക്ക് ഒരേസമയം പാർക്ക് ചെയ്യാം. വാഹനപാർക്കിങ്ങിന് വിശാലമായ സൗകര്യമുണ്ട്. 700 കാറുകളും 200 ടാക്സികളും 25 ബസുകളും ഒരേസമയം പാർക്ക് ചെയ്യാം.
കരട് ഷെഡ്യൂൾ ഒരുങ്ങി; ഡിസംബറിൽ ആഭ്യന്തര സർവിസുകൾക്ക് കൂടുതൽ പരിഗണന
കണ്ണൂർ: ഉദ്ഘാടനം ഡിസംബർ ഒമ്പതിന് തീരുമാനിച്ചതോടെ കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള സർവിസിെൻറ കരട് ഷെഡ്യൂൾ വിമാനകമ്പനികൾ തയാറാക്കി. എയർട്രാഫിക് കൺട്രോൾ റൂട്ട് മാപ് നിർണയവുമായി ബന്ധപ്പെട്ട് എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യ പരീക്ഷണപ്പറക്കലിന് ശേഷമുള്ള ഇൻസ്ട്രുമെൻറ് അപ്രോച്ച് ചാർട്ടും വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ചുതന്നെ വിമാന സർവിസ് എല്ലാ സെക്ടറിലേക്കും ആരംഭിക്കാനാണ് ശ്രമിക്കുന്നതെന്ന് കിയാൽ വൃത്തങ്ങൾ ‘മാധ്യമ’ത്തോട് പറഞ്ഞു.
11 അന്താരാഷ്ട്ര കമ്പനികളും ആറ് ആഭ്യന്തര കമ്പനികളും കണ്ണൂരിൽനിന്ന് സർവിസിന് സന്നദ്ധമാണെങ്കിലും വിദേശ കമ്പനികളുടെ അനുമതി ലഭിക്കാത്തതിനാൽ ആഭ്യന്തര കമ്പനികളുടെ കരട് റൂട്ടാണ് തയാറായിട്ടുള്ളത്. എയർഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ഗോ എയർ എന്നിവയുടെ ഷെഡ്യൂളാണ് രൂപപ്പെടുത്തിയിട്ടുള്ളത്. ഷെഡ്യൂൾ അനുസരിച്ച് സർവിസിന് സന്നദ്ധമാണോ എന്ന അറിയിപ്പ് ഡി.ജി.സി.എയിൽനിന്ന് കിട്ടിയാലുടൻ നടപടി പൂർത്തീകരിക്കും.
ആഭ്യന്തര കമ്പനികളുടെ വിദേശ റൂട്ടുകളിലേക്കുള്ള സർവിസാണ് പുതുക്കിയ ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ, വിദേശ സർവിസ് തുടങ്ങുന്നതിന് ഉപാധിയായി അംഗീകരിച്ച ഉഡാൻ സർവിസ് ഉദ്ഘാടനത്തോടനുബന്ധിച്ച് സജീവമായി തുടങ്ങാനുള്ള നീക്കത്തിലാണ് വ്യോമയാന വകുപ്പ്. കുറഞ്ഞ ചെലവിൽ യാത്രചെയ്യാവുന്ന ഉഡാൻ പദ്ധതിയിൽപെടുത്തി കണ്ണൂരിൽനിന്ന് രാജ്യത്തെ എട്ടു നഗരങ്ങളിലേക്കുള്ള സർവിസാണ് തയാറായിട്ടുള്ളത്. രണ്ടു തവണ കണ്ണൂരിൽ പരീക്ഷണപ്പറക്കൽ നടത്തിയ 78 സീറ്റുള്ള ഇൻഡിഗോ ആണ് ഇതിൽ കൂടുതൽ സർവിസ് നടത്തുക. ചെന്നൈ, ബംഗളൂരു, കൊച്ചി, തിരുവനന്തപുരം, മുബൈ, ഡൽഹി എന്നിവിടങ്ങളിലേക്കുള്ള ഉഡാൻ ഷെഡ്യൂളിെൻറ ബുക്കിങ് സോഫ്റ്റ്വെയർ കമ്പനികൾ ഇതിനകം ഒരുക്കിക്കഴിഞ്ഞു.
പച്ചപ്പിന് നടുവിലൊരു വിമാനത്താവളം
മട്ടന്നൂര്‍: പ്രകൃതിരമണീയത നെഞ്ചിലേറ്റിയതാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം. അതുകൊണ്ടുതന്നെ കണ്ണൂര്‍ വിമാനത്താവളം എന്‍.ആര്‍.ഐകളെ മാത്രം ലക്ഷ്യമിട്ടുള്ളതല്ല. ടൂറിസത്തിലൂടെയും വ്യവസായ സംരംഭങ്ങളിലൂടെയും മലബാറിെൻറ വികസനമാണ് കണ്ണൂര്‍ ഇൻറര്‍നാഷനല്‍ വിമാനത്താവളത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
മലബാറിെൻറ ടൂറിസംമേഖലയെ പരിചയപ്പെടുത്തുന്നതിന് ടൂറിസം വിഭാഗത്തിെൻറ പ്രത്യേക ടീം കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രകൃതിരമണീയത നെഞ്ചേറ്റുന്ന ഏക വിമാനത്താവളമാണ് കണ്ണൂരിലേതെന്ന് വിമാനത്താവളത്തിലെത്തിയ ചെറുതും വലുതുമായ 18 വിമാനങ്ങളുടെയും പൈലറ്റുമാര്‍ പറഞ്ഞിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തിെൻറ ആകാശദൃശ്യം അതിമനോഹരമാണെന്ന് കാണിച്ച് പൈലറ്റുമാര്‍ പകര്‍ത്തിയ ആകാശദൃശ്യവും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ടൂറിസം രംഗത്ത് പുരോഗതിയില്ലാത്ത പ്രദേശം കണ്ടെത്തി ഇവിടങ്ങളില്‍ക്കൂടി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.
ടൂറിസം രംഗത്ത് മലബാറിന് സ്‌പെഷല്‍ േപ്രാജക്ട് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. 325 കോടി രൂപയുടെ പദ്ധതി ആസൂത്രണം ചെയ്തുകഴിഞ്ഞു. ഇതില്‍ 100 കോടി കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. 12 സബ് േപ്രാജക്ടുകളിലൂടെ 37 കോടി ഈ വര്‍ഷം ചെലവഴിക്കും. കര്‍ണാടകയിലെ കുടക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലുള്ളവർ ഏറെ പ്രതീക്ഷയോടെയാണ് കണ്ണൂര്‍ വിമാനത്താവളത്തെ കാണുന്നത്. ടൂറിസ്റ്റുകള്‍ക്ക് ആവശ്യമായ ഹോട്ടലുകളും മറ്റ് അനുബന്ധസംരംഭങ്ങളും ഉണ്ടാകുന്നതോടെ മാത്രമേ കണ്ണൂരില്‍ വിമാന സര്‍വിസിലൂടെ ലാഭമുണ്ടാകുകയുള്ളൂവെന്നാണ് വ്യവസായികളുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.