കണ്ണൂർ: ആറ് ഗൾഫ് റൂട്ടുകളിലേക്ക് ഡി.ജി.സി.എ കണ്ണൂരിൽനിന്ന് അനുമതി നൽകിയതനുസരിച്ച് സർവിസ് നടത്താൻ വിമാനമില്ലാത്തതുകാരണം അവസാന മണിക്കൂറിൽ ഷെഡ്യൂളിൽ മാറ്റം വരുത്തി. ഉദ്ഘാടന ദിവസം കണ്ണൂരിൽനിന്ന് അബൂദബിയിലേക്കും റിയാദിലേക്കും തിരിച്ചും സർവിസ് ഉണ്ടാവും. ഡിസംബർ പത്ത് മുതൽ ദോഹ സർവിസും ആരംഭിക്കും.
ആഴ്ചയിൽ എല്ലാ ദിവസവും സർവിസ് നിശ്ചയിച്ചിരുന്ന ദുൈബ, ഷാർജ റൂട്ടിൽ യഥാക്രമം ജനുവരി, ഫെബ്രുവരി മാസങ്ങളിലേ വിമാനം ലഭ്യമാവുകയുള്ളൂവെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വൃത്തങ്ങൾ കിയാലിനെ അറിയിച്ചു. ഉദ്ഘാടനത്തിെൻറ പിറ്റേന്ന് മുതൽ തുടങ്ങേണ്ട മസ്കത്ത് സർവിസ് അനിശ്ചിതമായി നീട്ടി. പകരം മസ്കത്ത് സർവിസിന് അനുവദിച്ചുകിട്ടിയ നാല് ദിവസം (തിങ്കൾ,ബുധൻ, വെള്ളി,ശനി) ഷാർജ റൂട്ടിൽ സർവിസ് തുടങ്ങാനുള്ള നീക്കമുണ്ട്. പുതുക്കിയ സ്ലോട്ട് അനുമതി ഡി.ജി.സി.എയിൽനിന്ന് വീണ്ടും നേടേണ്ടിവരും. തിങ്കളാഴ്ച രാത്രി വൈകി ഒാൺലൈൻ ബുക്കിങ് ലിങ്ക് തുറന്നെങ്കിലും ചൊവ്വാഴ്ച പുലർച്ചയോടെയാണ് യാത്രക്കാർക്ക് ടിക്കറ്റ് ലഭ്യമായത്.
9998 രൂപയിൽ തുടങ്ങിയിരുന്ന അബൂദബി റൂട്ടിലെ നിരക്ക് മണിക്കൂറിനകം ബുക്കിങ് തിരക്ക് കാരണം 23,349 രൂപയിലേക്ക് ഉയർന്നു. ഉദ്ഘാടന ദിവസത്തെ റിയാദ് സർവിസിന് 16,405 ആയിരുന്നു നിരക്ക്. ഉദ്ഘാടന ദിവസം രാവിലെ പത്തിന് ആദ്യവിമാനം അബൂദബിയിലേക്ക് പുറപ്പെടും. 11ന് പുറപ്പെടാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. അബൂദബി സമയം 12.30ന് അവിടെയെത്തും. അബൂദബിയിൽനിന്ന് ഡിസംബർ ഒമ്പതിന് 13.30ന് പുറപ്പെടുന്ന കണ്ണൂരിലേക്കുള്ള ആദ്യ യാത്രക്കാരുടെ വിമാനം രാത്രി ഏഴിന് കണ്ണൂരിലെത്തും.
കണ്ണൂരിൽനിന്ന് റിയാദിലേക്കുള്ള ആദ്യവിമാനം ഉദ്ഘാടന ദിവസം രാത്രി 9.05ന് പുറപ്പെട്ട് റിയാദിൽ 23.30ന് എത്തും. റിയാദിൽനിന്ന് കണ്ണൂരിലേക്കുള്ള ആദ്യവിമാനം രാത്രി 12.35ന് പുറപ്പെട്ട് രാവിലെ എട്ടിന് കണ്ണൂരിലെത്തും. ഉദ്ഘാടനത്തിെൻറ പിറ്റേന്ന് രണ്ട് സർവീസേ ഉണ്ടാവുകയുള്ളു. കണ്ണൂരിൽനിന്ന് ദോഹയിലേക്ക് രാത്രി 8.30നും ദോഹയിൽനിന്ന് കണ്ണൂരിലേക്ക് രാത്രി 11നും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.