പാനൂർ: നടുക്കിയ വാർത്തയുമായാണ് മുളിയാത്തോട് മാവുള്ളചാലിൽ പ്രദേശം ഇന്നലെ ഉണർന്നത്. നിർമാണത്തിലിരിക്കുന്ന വീട്ടിൽ ബോംബ് പൊട്ടിത്തെറിച്ചെന്ന വിവരമാണ് പുറത്തുവന്നത്. ഉച്ചക്കുമുമ്പ്, പരിക്കേറ്റവരിൽ ഒരാൾ മരിച്ചെന്ന വിവരവും വന്നു. ഇതോടെ, മുളിയാത്തോടായി ശ്രദ്ധാകേന്ദ്രം.
ഏറെക്കാലമായി ഈ പ്രദേശവും പരിസരങ്ങളും ശാന്തതയിലാണ്. രാത്രി ഒരു മണിയോടെ സ്ഫോടനം നടന്നയുടൻ എത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. മണിക്കൂറുകൾക്കു ശേഷമാണ് പൊലീസ് എത്തിയത്. ബോംബ് നിർമിക്കുന്ന സംഘത്തിൽ പത്തിലധികം പേരുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. നാലു പേർക്ക് പരിക്കേറ്റതായാണ് വിവരം. സ്ഥലത്ത് സംഘടിച്ചവരെക്കുറിച്ച് പൊലീസ് രഹസ്യമായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നവരാണെന്ന് ബോധ്യപ്പെടുത്താൻ സി.പി.എമ്മിന്റെ നിരവധി നേതാക്കളുടെ കൂടെനിന്ന് ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണ്.
പാർട്ടിയുടെ പൂർണ നിയന്ത്രണം ഇവർക്കുമേൽ ഏർപ്പെടുത്താൻ സാധിക്കാത്തത് നേതൃത്വങ്ങളെ കൂടുതൽ പ്രതിരോധത്തിലാക്കുകയാണ്. സാമ്പത്തിക ഇടപാടുകളിലെ തർക്കങ്ങളിലും വ്യക്തികൾ തമ്മിലുള്ള തർക്കങ്ങളിലും മധ്യസ്ഥത വഹിക്കൽ, ബ്ലേഡ് പണം പിരിക്കൽ തുടങ്ങിയ വിഷയങ്ങളിൽ ഇടപെട്ട് പണമുണ്ടാക്കുന്നവരാണ് മുളിയാത്തോട് സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച സംഘമെന്നാണ് വിവരം. ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് സി.പി.എം പ്രവർത്തകരെയടക്കം ആക്രമിക്കുന്ന സംഭവമുണ്ടായത്. കൂടാതെ പാർട്ടി എതിരാളികളുമായി ഇവർ കൂട്ടുകൂടുന്നതും പാർട്ടിക്ക് ഷറിലിനെയും ബിനീഷിനെയും അനഭിമതരാക്കി. ബോംബ് എന്തിന്, ആർക്കുവേണ്ടി നിർമിച്ചുവെന്ന കാര്യത്തിൽ ദുരൂഹതയുണ്ട്.
അതിനിടെ, പരിക്കേറ്റ മൂന്നാമത്തെയാളും ഗുരുതരാവസ്ഥയിലായതിനാൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് വൈകീട്ടോടെ മാറ്റി. സ്ഫോടനത്തിൽ മരണപ്പെട്ട ഷറിലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചക്കുശേഷം മൂന്നിന് മുളിയാത്തോട്ടെ വീട്ടിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.