കണ്ണൂർ: സമാധാനത്തിന്റെ നേരിയ ഇടവേളക്കുശേഷം കണ്ണൂരിൽ വീണ്ടും ജീവനെടുത്ത് ബോംബ്. ഇത്തവണ ചിന്നിച്ചിതറിയത് ജീവിതസായാഹ്നത്തിലേക്ക് കടന്ന വയോധികൻ. തലശ്ശേരി എരഞ്ഞോളി കുടക്കളത്ത് ആളൊഴിഞ്ഞ പറമ്പില്‍ തേങ്ങയെടുക്കാന്‍ പോയ 75കാരൻ വേലായുധനാണ് ബോംബിന്റെ ഒടുവിലത്തെ ഇര. ചൊവ്വാഴ്ച ഉച്ചയോടെ പറമ്പിൽനിന്ന് കിട്ടിയ വസ്തു ബോംബ് ആണെന്നറിയാതെ തുറന്നപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു.
എതിരാളിയുടെയും, ബോംബ് നിർമിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നയാളുടെതന്നെയും ജീവനെടുത്ത വാർത്തകൾക്കുപിന്നാലെയാണ് നിരപരാധികളെയും ഇല്ലായ്മ ചെയ്യുന്നത്.
സംഭവം നടന്ന കുടക്കളത്തുനിന്ന് ഒന്നര കിലോമീറ്റർ മാത്രം അകലെ എരഞ്ഞോളി പാലത്തിനടുത്ത് ബോംബ് നിർമാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയിൽ ആർ.എസ്.എസ് പ്രവർത്തകന്റെ കൈപ്പത്തി ചിതറിയത് കഴിഞ്ഞവർഷമാണ്. കച്ചുമ്പ്രത്ത്താഴെ ശ്രുതിനിലയത്തിൽ വിഷ്ണുവിനാണ് (20) അന്ന് ഗുരുതര പരിക്കേറ്റത്.
തെരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിച്ചിരിക്കെ ഏപ്രിൽ അഞ്ചിന് പുലർച്ചെ പാനൂരിൽ ബോംബ് നിർമിക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി കേരളത്തെയാകെ ഞെട്ടിച്ചിരുന്നു. സംഭവത്തിൽ സി.പി.എം പ്രവർത്തകൻ ഷെറിൽ കൊല്ലപ്പെടുകയും മൂന്നു പ്രവർത്തകർക്കു പരിക്കേൽക്കുകയും ചെയ്തു. കുയിമ്പിൽ ക്ഷേത്രപരിസരത്ത് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷമാണ് ബോംബ് നിർമിക്കാനുള്ള കാരണമെന്ന് പറയുന്നു. രാഷ്ട്രീയ എതിർപ്പും തെരഞ്ഞെടുപ്പു സാഹചര്യവുമാണ് ബോംബ് നിർമാണത്തിന് കാരണമെന്ന് ആദ്യം പൊലീസ് പറഞ്ഞെങ്കിലും പിന്നീട് അന്വേഷണ റിപ്പോർട്ടിൽ ഇത് ഉൾപ്പെടുത്താത്തത് വിവാദമായിരുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏറെ ചർച്ചയായ സംഭവം ഇടതുപക്ഷത്തിന് രാഷ്ട്രീയപ്രഹരമേൽപിക്കുകയും ചെയ്തു. ബോംബ് നിർമിക്കുന്നത് എന്തിനാണെന്ന് പൊലീസിനും ഭരണാധികാരികൾക്കും അറിയാമെങ്കിലും ഒരു സ്ഫോടനവും മരണവും ഉണ്ടാകുമ്പോൾ മാത്രം നടക്കുന്ന പതിവ് ബോംബ് തപ്പൽ പരിശോധനകൾക്കപ്പുറം നടപടിയുണ്ടാകുന്നില്ല. ഒരുകാലത്ത് കണ്ണൂരിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾക്കെല്ലാം പിന്നിൽ ജീവൻ കവരുന്ന ആയുധമായി ബോംബുണ്ടായിരുന്നു. ജില്ലയിൽ ബോംബ് നിർമാണത്തിൽ വിദഗ്ധരായവർ അയൽജില്ലകളിലടക്കം പോയി പരിശീലനം നടത്തുന്ന സംഭവങ്ങൾ വരെയുണ്ടാകുമ്പോഴും അന്വേഷണവും നടപടികളും പേരിന് മാത്രമാണ്.
വിവാഹാഘോഷത്തിനിടയിൽപോലും സംഘർഷങ്ങളും ബോംബേറും നടക്കുന്നു. കണ്ണൂർ തോട്ടടയിൽ നടന്ന വിവാഹ ചടങ്ങിനിടെ സ്റ്റീൽ ബോംബ് ചെറുപ്പക്കാരന്റെ ജീവനെടുത്തത് 2022 ഫെബ്രുവരിയിലാണ്.
രാഷ്ട്രീയ എതിരാളികൾ പരസ്പരം ഭയപ്പെടുത്താനും പ്രകോപിപ്പിക്കാനും നടത്തുന്ന ബോംബ് സ്ഫോടനങ്ങൾ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ സാധാരണ സംഭവം മാത്രമാണ്. ചക്കരക്കല്ല് ബാവോഡ് പരിവാരത്ത് രണ്ട് ഐസ്ക്രീം ബോംബുകൾ പൊട്ടിയത് കഴിഞ്ഞമാസം. ബാവോഡ് പൊട്ടൻകാവ് തിറമഹോത്സവ പരിപാടിയുമായി ബന്ധപ്പെട്ട് സി.പി.എം -ബി.ജെ.പി പ്രവർത്തകർ തമ്മിലെ സംഘർഷത്തിന് പിന്നാലെയാണ് സ്ഫോടനം. പുന്നാട് കോട്ടത്തെകുന്നില്‍ വീട്ടിലുണ്ടായ സ്ഫോടനത്തില്‍ ഭാര്യക്കും ഭര്‍ത്താവിനും പരിക്കേറ്റത് ഈ വർഷം ആദ്യം. കോട്ടത്തെക്കുന്ന് കല്ലിക്കണ്ടി സുഭാഷ് (43), ഭാര്യ പാര്‍വതി (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാടന്‍ബോംബ് നിര്‍മാണത്തിനിടയിലോ കൈകാര്യം ചെയ്യുമ്പോഴോ ഉണ്ടായതായാണ് പൊലീസ് പറഞ്ഞത്. കാക്കയങ്ങാട് ആയിച്ചോത്ത് അമ്പലമുക്ക് പന്നിയോട് മുക്കോലപറമ്പത്ത് വീട്ടിൽ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറിച്ച് ആർ.എസ്.എസ് പ്രവർത്തകൻ എ.കെ. സന്തോഷ് (35), ഭാര്യ ലസിത എന്നിവർക്ക് പരിക്കേറ്റതും കഴിഞ്ഞവർഷം തന്നെ. എതിരാളികളെ നേരിടാൻ ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു മരിക്കുന്നവരുടെയും പരിക്കേൽക്കുന്നവരുടെയും എണ്ണം ജില്ലയിൽ വർധിക്കുകയാണ്. സ്വന്തമായി ഭക്ഷണം കഴിക്കാൻപോലുമാകാതെ തകർന്ന കൈപ്പത്തികളുമായും കാഴ്ച നഷ്ടപ്പെട്ടും ജീവിക്കുന്നവർ ഏറെയാണ്. കക്ഷി രാഷ്ട്രീയഭേദമില്ലാതെയാണ് അവരവരുടെ ശക്തികേന്ദ്രങ്ങൾ ബോംബ് നിർമിക്കുന്നത്.
ആക്രി സാധനങ്ങളാണെന്ന് കരുതി സ്റ്റീല്‍ ബോംബ് അഴിക്കാന്‍ ശ്രമിക്കുന്നതിനിടെ മട്ടന്നൂരില്‍ അസം സ്വദേശികളായ അച്ഛനും മകനും സ്ഫോടനത്തില്‍ മരിച്ച ദാരുണസംഭവത്തിന് രണ്ടുവർഷം പൂർത്തിയാകുന്നതേയുള്ളൂ. മട്ടന്നൂരുകാർക്ക് പതിവുകാഴ്ചയായി ടൗണ്‍ പരിസരത്ത് സൈക്കിളില്‍ ആക്രി സാധനങ്ങള്‍ വെച്ചുകെട്ടി പോകുന്ന ഫസല്‍ ഹഖും മകന് സെയ്ദുലുമാണ് ഒരു പൊട്ടിത്തെറിയിൽ ഇല്ലാതായത്. സ്റ്റീല്‍ ആവരണത്തിലുള്ള സാധനം ചുറ്റിക കൊണ്ട് അടിച്ച് പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ താമസിച്ച ഇരുനില ഓടിട്ട വീട് അടക്കം ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു.
മാസങ്ങൾക്കുമുമ്പ് പാനൂരിൽ വഴിയരികിൽനിന്ന് കിട്ടിയ വസ്തു ബോംബ് ആണെന്ന് അറിയാതെ തുറന്ന ആക്രി ശേഖരിക്കുന്നയാൾക്കും സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. 1998 ഒക്ടോബറിൽ വഴിയരികിൽനിന്ന് ലഭിച്ച സ്റ്റീൽ ഡപ്പിയിൽ ഭക്ഷണമാകുമെന്നുകരുതി പൊട്ടിച്ചെടുക്കാൻ നോക്കിയ നാടോടി ബാലൻ അമാവാസിയുടെ വലതുകണ്ണും ഇടതുകൈയും തകർന്നത് നാടിന്റെ നോവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.