പയ്യന്നൂർ: പരിയാരെത്ത കണ്ണൂർ ഗവ. മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫിസ് ഇനി മുതൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് പോസ്റ്റ് ഓഫിസ് എന്ന പേരിലേക്ക് മാറും. നേരത്തെ പരിയാരം മെഡിക്കൽ കോളജ് പോസ്റ്റ് ഓഫിസ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പുനർനാമകരണം ചെയ്തുള്ള ഉത്തരവ് കേരള പോസ്റ്റ് മാസ്റ്റർ ജനറൽ പുറത്തിറക്കി. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ കടന്നപ്പള്ളി വില്ലേജിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളജും അനുബന്ധ സ്ഥാപനങ്ങളും പരിയാരത്തിന്റെ പേരിൽ അറിയപ്പെടുന്നത് ജനങ്ങളിൽ ഉണ്ടാക്കുന്ന ആശയക്കുഴപ്പങ്ങൾ സംബന്ധിച്ച് റിട്ട. അക്കൗണ്ടന്റ് ജനറൽ വകുപ്പ് ഉദ്യോഗസ്ഥനായ കടന്നപ്പള്ളിയിലെ പി.പി. ചന്തുക്കുട്ടി നമ്പ്യാർ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. വിഷയം നിവേദന രൂപത്തിൽ പോസ്റ്റൽ വകുപ്പിന്റെകൂടി ശ്രദ്ധയിൽപെട്ടതോടെയാണ് പേര് മാറ്റിയത്.
പേര് മാറ്റുന്നത് സംബന്ധിച്ച് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പലിൽ നിന്ന് റിപ്പോർട്ട് തേടുകയും പരാതിക്കാരൻ ഉന്നയിച്ച വിഷയങ്ങൾ ശരിയാണെന്ന് പ്രിൻസിപ്പൽ മറുപടി നൽകുകയും ചെയ്തിരുന്നു. കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രമേയത്തിലൂടെയും ആവശ്യം ഉന്നയിച്ചു. മെഡിക്കൽ കോളജും അനുബന്ധ സ്ഥാപനങ്ങളും കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തിൽപെട്ട കടന്നപ്പള്ളി വില്ലേജിന്റെ പരിധിയിൽ ഉൾപ്പെടുന്നതാണെന്ന് കടന്നപ്പള്ളി വില്ലേജ് ഓഫിസറും രേഖാമൂലം അറിയിച്ചിരുന്നു. കോളജിലെ ജീവനക്കാരുടെ തൊഴിൽ നികുതി, കെട്ടിടങ്ങളുടെ നികുതി എന്നിവ ഒടുക്കുന്നതും കോളജുമായി ബന്ധപ്പെട്ട ജനന-മരണങ്ങൾ രജിസ്റ്റർ ചെയ്യുന്നതും സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതും കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്താണ്. എന്നാൽ ഈ സ്ഥാപനങ്ങളുടെ നിലവിലുള്ള വിലാസം പരിയാരം മെഡിക്കൽ കോളജ് പി.ഒ -670503 എന്നാണ്. കടന്നപ്പള്ളി എന്ന ശരിയായ സ്ഥലപ്പേരിലല്ല പോസ്റ്റോഫിസ് നാമകരണം ചെയ്തിരുന്നത്. ഇതോടെ പരിയാരം എന്ന സ്ഥലപ്പേര് കടുത്ത ആശയക്കുഴപ്പത്തിനു കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.