പഴയങ്ങാടി: കണ്ണൂരിൽനിന്ന് അബൂദബി, റിയാദ്, ദോഹ വിമാനത്താവളങ്ങളിലേക്കും തിരിച്ചും ടിക്കറ്റ് റിസർവേഷൻ ആരംഭിച്ച എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ നാലുവീതം സർവിസുകളോടെ ഷാർജയിലേക്കും തിരിച്ചുമുള്ള സർവിസുകളുടെ ഷെഡ്യൂൾ പുറത്തിറക്കി. ഷെഡ്യൂൾ പുറത്തിറക്കിയ ബുധനാഴ്ചതന്നെ എയർ ഇന്ത്യ എക്സ്പ്രസ് തങ്ങളുടെ വെബ്സൈറ്റ് വഴിയും ട്രാവൽ ഏജൻസികളുടെ അനുബന്ധ ലിങ്ക് വഴിയും റിസർവേഷൻ ആരംഭിച്ചു.
ഡിസംബർ 10 മുതൽ തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിലാണ് കണ്ണൂരിൽനിന്ന് ഷാർജയിലേക്കും തിരിച്ചും വിമാന സർവിസ് ഏർപ്പെടുത്തിയിട്ടുള്ളത്. എയർ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ്. 743, ഐ.എക്സ്. 744 വിമാനങ്ങളാണ് യഥാക്രമം കണ്ണൂർ-ഷാർജ, ഷാർജ-കണ്ണൂർ ആകാശപാതകളിൽ പറത്തുന്നത്.
കണ്ണൂരിൽനിന്ന് പ്രാദേശികസമയം രാവിലെ ഒമ്പതിന് പുറപ്പെടുന്ന വിമാനം ഷാർജ വിമാനത്താവളത്തിൽ പ്രാദേശികസമയം 11.30ന് എത്തിച്ചേരും. ഷാർജയിൽനിന്ന് പ്രാദേശികസമയം ഉച്ചക്ക് 12.30ന് തിരിച്ച് പറക്കുന്ന വിമാനം കണ്ണൂരിൽ വൈകീട്ട് 5.40ന് എത്തിച്ചേരും. പുറപ്പെടുന്നതിലും എത്തിച്ചേരുന്നതിലും എല്ലാ ദിവസങ്ങളിലും സമയത്തിൽ വ്യത്യാസമില്ല.
ഷെഡ്യൂൾ പ്രസിദ്ധീകരിച്ച് ബുക്കിങ് ആരംഭിച്ച ബുധനാഴ്ച കണ്ണൂർ-ഷാർജ റൂട്ടിനെ അപേക്ഷിച്ച് ഷാർജ-കണ്ണൂർ റൂട്ടിലേക്കായിരുന്നു യാത്രക്കാരുടെ തിരക്കനുഭവെപ്പട്ടത്. 9559 രൂപയുടെ നിരക്കിൽ ഡിസംബർ 10ന് കണ്ണൂരിൽനിന്ന് ഷാർജയിലേക്ക് ബുധനാഴ്ച രാത്രി വൈകിയും റിസർവേഷൻ നൽകുമ്പോൾ ഷാർജ-കണ്ണൂർ റൂട്ടിൽ ഡിസംബർ 10ന് 27,601 രൂപക്കാണ് ടിക്കറ്റ് വിൽപന തുടരുന്നത്.
ഫ്ലക്സി കാറ്റഗറിയിൽ 46,003 രൂപയാണ് ഷാർജ-കണ്ണൂർ ടിക്കറ്റ് നിരക്ക്. ഡിസംബർ 12, 14, 15 തീയതികളിൽ 24,601 രൂപ മുതൽ 31,002 രൂപവരെയായി ഷാർജ-കണ്ണൂർ റൂട്ടിൽ ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നിട്ടുണ്ട്. കണ്ണൂർ-ഷാർജ റൂട്ടിലാകട്ടെ ഈ ദിവസങ്ങളിൽ 7984 രൂപ മുതൽ 8509 രൂപവരെയുള്ള നിരക്കിലാണ് ടിക്കറ്റ് വിൽപന തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.