കണ്ണൂർ: സർവകലാശാല ബിരുദ പരീക്ഷ മൂന്നാം സെമസ്റ്റർ ചോദ്യപേപ്പറുകൾ ആവർത്തിച്ച സംഭവത്തിൽ രണ്ടംഗ സമിതി അന്വേഷണ റിപ്പോർട്ട് വൈസ് ചാൻസലർക്ക് കൈമാറി. സർവകലാശാല ഫിനാൻസ് ഓഫിസർ പി. ശിവപ്പു, സിൻഡിക്കേറ്റ് അംഗം ഡോ. പി. മഹേഷ് കുമാർ എന്നിവരാണ് റിപ്പോർട്ട് നൽകിയത്. കഴിഞ്ഞ വർഷത്തെ അതേ ചോദ്യപേപ്പർ ഉപയോഗിച്ച് പരീക്ഷ നടത്തിയ സംഭവത്തിലാണ് വി.സി അന്വേഷണത്തിന് രണ്ടംഗ സമിതിയെ നിയോഗിച്ചത്. ചോദ്യങ്ങൾ തയാറാക്കാൻ ചുമതലപ്പെടുത്തിയ അധ്യാപകർ കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പർ അതേപടി പുതിയ കവറിലിട്ട് നൽകുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
സർവകലാശാല പഠന ബോർഡ് ചെയർമാന്മാർ നൽകുന്ന പാനലിൽനിന്നാണ് പരീക്ഷാ കൺട്രോളർ ചോദ്യപേപ്പർ തയാറാക്കാൻ അധ്യാപകരെ നിയമിക്കുന്നത്. ചോദ്യകർത്താക്കൾ തയാറാക്കുന്ന മൂന്ന് സെറ്റ് ചോദ്യ പേപ്പർ, ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനും അംഗങ്ങളും പരിശോധിച്ച് വീഴ്ചകൾ ഇല്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷം അതിൽ ഒരു ചോദ്യപേപ്പർ ആണ് പരീക്ഷ കൺട്രോളർ പരീക്ഷക്ക് ഉപയോഗിക്കുന്നത്.
ഉത്തരവാദിത്തം പരീക്ഷാ കൺട്രോളർക്കു മാത്രമല്ല, ചോദ്യപേപ്പർ തയാറാക്കിയ അധ്യാപകർക്കുമുണ്ട്. അവരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും ജാഗ്രതക്കുറവും പരീക്ഷാ കൺട്രോളർ ഗൗരവത്തോടെ കണ്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ ചോദ്യങ്ങൾ തയാറാക്കി നൽകിയ അധ്യാപകരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും. മേയ് അഞ്ചിന് ചേരുന്ന സിൻഡിക്കേറ്റ് യോഗം റിപ്പോർട്ടിൽ തുടർ നടപടി സ്വീകരിക്കും.
ഏപ്രിൽ 21, 22 തീയതികളിൽ നടന്ന സൈക്കോളജി മൂന്നാം സെമസ്റ്റർ പരീക്ഷകൾ, 21ന് നടന്ന ബോട്ടണി പരീക്ഷ, ഫിലോസഫി കോംപ്ലിമെന്ററി പേപ്പർ ഇവയുടെയെല്ലാം ചോദ്യങ്ങൾ കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പറിന് സമാനമെന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തൽ. വിവാദമായതോടെ സർവകലാശാല പരീക്ഷകൾ റദ്ദാക്കുകയായിരുന്നു. ചോദ്യപേപ്പർ തയാറാക്കുന്നതിൽ ഏകോപനം ഉറപ്പുവരുത്തി പരീക്ഷാ നടത്തിപ്പ് സുതാര്യമാക്കാനും പരീക്ഷാ വിഭാഗത്തിനു കഴിഞ്ഞിട്ടില്ല. വിദ്യാർഥികളുടെ ഭാവിക്ക് പുറമെ സർവകലാശാലയുടെ സൽപ്പേരു കളങ്കപ്പെടുത്താനും ഇവരുടെ പ്രവർത്തനങ്ങൾ കാരണമായതായി റിപ്പോർട്ടിൽ പരാമർശമുണ്ട്.
വിവാദവുമായി ബന്ധപ്പെട്ട് പരീക്ഷാ കൺട്രോളർ പി.ജെ. വിൻസന്റ് അവധിയിൽ പോയിരുന്നു. ഗുരുതര പിഴവിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് തീരുമാനം. തിങ്കളാഴ്ച രാജി സന്നദ്ധത അറിയിച്ചെങ്കിലും വി.സി ഇടപെട്ട് കൺട്രോളറെ പിന്തിരിപ്പിക്കുകയായിരുന്നു. അതേസമയം, സർവകലാശാല മൂന്നാം സെമസ്റ്റർ ചോദ്യപേപ്പർ ആവർത്തിച്ചതുമായി ബന്ധപ്പെട്ട് ഗവർണർ, വൈസ് ചാൻസലറോട് വിശദീകരണം തേടിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. ഇക്കാര്യത്തിൽ ഇതുവരെ ഗവർണറുടെ ഓഫിസിൽനിന്ന് തന്നോട് വിശദീകരണം തേടിയിട്ടില്ലെന്ന് വി.സി പ്രഫ. ഗോപിനാഥ് രവീന്ദ്രൻ അറിയിച്ചു.
തിരുവനന്തപുരം: പരീക്ഷ നടത്തിപ്പിലെ ഏതെങ്കിലും ഒരു പിഴവിനെ പർവതീകരിച്ച് അഖിലേന്ത്യ അടിസ്ഥാനത്തിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തെ അപകീർത്തിപ്പെടുത്തുന്നത് ശരിയല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. കേരള, കണ്ണൂർ സർവകലാശാല ചോദ്യപേപ്പറുകളിലുണ്ടായ പ്രശ്നം ഗൗരവമായാണ് കാണുന്നത്. ഇക്കാര്യത്തിൽ അന്വേഷിച്ച് നടപടിയെടുക്കും. ചോദ്യം തയാറാക്കി അയക്കുന്ന അധ്യാപകർ തന്നെയാണ് പിഴവിന് ഉത്തരവാദികൾ.
രഹസ്യസ്വഭാവം സൂക്ഷിക്കുന്നതിനാൽ ഉദ്യോഗസ്ഥർക്ക് പരിശോധിക്കാൻ കഴിയില്ല. കേരള സർവകലാശാലയിൽ ചോദ്യപേപ്പറിനു പകരം ഉത്തര സൂചിക അയച്ചുകൊടുത്ത സംഭവം ഗൗരവമുള്ളതാണ്. പതിനായിരക്കണക്കിന് വിദ്യാർഥികൾക്കായി നിരവധി പരീക്ഷകളാണ് സർവകലാശാലകൾ നടത്തുന്നത്. ഇതിൽ ഏതെങ്കിലും ഒന്നിലെ പിഴവ് പർവതീകരിക്കുന്നത് ശരിയല്ല. പരീക്ഷ നടത്തിപ്പിലെ പിഴവുകൾ തിരുത്താവുന്ന രീതിയിലുള്ള നിർദേശങ്ങൾ പരീക്ഷ പരിഷ്കരണം സംബന്ധിച്ച കമീഷൻ റിപ്പോർട്ടിലുണ്ട്. ഇവ നടപ്പാക്കും -മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.