പട്ടാമ്പി: കണ്ടാൽ മതി, കേറണ്ട. കാരക്കാട്ടുകാരോട് ഇന്ത്യൻ റെയിൽവേ പറയുന്നതിതാണ്. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള സ്റ്റേഷനിൽ പകൽ ഒരു ട്രെയിനിനും സ്റ്റോപ്പില്ല. സൗകര്യത്തിൽ പട്ടാമ്പിക്ക് മുന്നിലും വലുപ്പത്തിൽ പള്ളിപ്പുറത്തിനൊപ്പവുമാണ് കാരക്കാട് സ്റ്റേഷൻ. പട്ടാമ്പിക്കും പള്ളിപ്പുറത്തിനുമുള്ള പരിഗണനയുടെ പത്തിലൊരംശം പോലും കാരക്കാടിന് ലഭിക്കുന്നില്ല. 1927ലാണ് കാരക്കാട് സ്റ്റേഷൻ ആരംഭിച്ചത്. ഷൊർണൂരിനും പട്ടാമ്പിക്കുമിടയിലുള്ള ഈ സ്റ്റേഷനിൽ നാല് ട്രാക്കുകളുണ്ട്. ട്രാക്കിന്റെ കാര്യത്തിൽ പട്ടാമ്പിക്ക് മുന്നിലാണ് കാരക്കാട്. ഫലപ്രദമായി ഷണ്ടിങ് നടത്താൻ പര്യാപ്തമാണ് ഈ സൗകര്യം. എന്നാൽ, ഇതൊന്നും ഉപയോഗപ്പെടുത്താൻ റെയിൽവേക്ക് താൽപര്യമില്ല.
ദീർഘദൂര ട്രെയിനുകളുൾപ്പെടെ കാരക്കാടിന് പിടികൊടുക്കാതെ ഓടിക്കൊണ്ടിരിക്കുകയാണ്. നേരത്തേ നിർത്തിയിരുന്ന ട്രെയിനുകൾ പോലും കോവിഡാനന്തരം കാഴ്ച മാത്രമായി. 16323 മംഗളൂരു-കോയമ്പത്തൂർ, 16608 കോയമ്പത്തൂർ-കണ്ണൂർ എന്നിവയുടെ സ്റ്റോപ്പാണ് നഷ്ടമായത്. കോഴിക്കോട് ഭാഗത്തേക്കുള്ള 16609 തൃശൂർ-കണ്ണൂർ (07.39), 06455 ഷൊർണൂർ-കോഴിക്കോട് (17.56) എന്നിവയും ഷൊർണൂർ ഭാഗത്തേക്കുള്ള 06454 കോഴിക്കോട്-ഷൊർണ്ണൂർ (07.11), 06456 കണ്ണൂർ-ഷൊർണൂർ (19.06) എന്നിവയും മാത്രമാണ് നിലവിൽ കാരക്കാട് സ്റ്റേഷനിൽ നിർത്തുന്നത്. രാവിലെ 7.39ന് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിൻ പോയിക്കഴിഞ്ഞാൽ വൈകീട്ട് ആറുവരെ ഈ റൂട്ടിൽ ട്രെയിൻ യാത്ര നോക്കണ്ട.
രാവിലെ 7.11നുള്ള ഷൊർണൂർ ഭാഗത്തേക്കുള്ള ട്രെയിൻ പോയാൽ ഈ റൂട്ടിലും അതുതന്നെയാണ് അവസ്ഥ. പിന്നീട് വൈകീട്ട് ഏഴുവരെയും ഒരു ട്രെയിനിനും കാരക്കാട് സ്റ്റോപ്പില്ല. ഭൂരിഭാഗം ജനങ്ങളും യാത്ര ചെയ്യുന്ന പകൽ സമയത്ത് കാരക്കാട്ടുകാർക്ക് മറ്റു വാഹനങ്ങൾ തന്നെ ശരണം.
ഉൾപ്രദേശമായതിനാൽ നഷ്ടക്കണക്ക് പറഞ്ഞ് സ്വകാര്യ ബസ് സർവിസുകൾ എത്തിനോക്കുന്നില്ല. ടാക്സികളാണ് ജനങ്ങൾക്ക് ആശ്രയം. ഇത് വലിയ പണച്ചെലവുണ്ടാക്കുന്നതാണ്. വിദ്യാർഥികളും രോഗികളുമാണ് ഏറെ കഷ്ടപ്പെടുന്നത്. നേരത്തേ നിർത്തിയിരുന്ന 16323 മംഗളൂരു-കോയമ്പത്തൂർ, 16608 കോയമ്പത്തൂർ-കണ്ണൂർ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കാൻ എന്താണ് വൈമുഖ്യമെന്ന നാട്ടുകാരുടെ ചോദ്യത്തിന് ഉത്തരമില്ല.
ആക്രി വ്യാപാരത്തിൽ സംസ്ഥാനത്ത് മുന്നിട്ടുനിൽക്കുന്ന കേന്ദ്രമാണ് ഓങ്ങല്ലൂരിലെ കാരക്കാട്. ഇതുമായി ബന്ധപ്പെട്ട് നിരവധി കുടുംബങ്ങളാണ് ജീവിതം തള്ളി നീക്കുന്നത്. ജനസംഖ്യയിലും കാരക്കാട് പ്രദേശം മുന്നിലാണ്. പട്ടാമ്പി, കോഴിക്കോട്, ഷൊർണൂർ, തൃശൂർ എന്നിവിടങ്ങളിലേക്ക് നിത്യേന നൂറുകണക്കിനാളുകളാണ് കാരക്കാട്ടുനിന്ന് യാത്ര ചെയ്യുന്നത്. അടിസ്ഥാന സൗകര്യമുണ്ടായിട്ടും മാനുഷിക പരിഗണന ഇല്ലാത്തതുകൊണ്ട് മാത്രം കാരക്കാട്ടുകാർ ദുരിതയാത്ര തുടരുകയാണ്. പുറം ലോകത്തെത്താൻ പാടുപെടുന്ന ജനതയുടെ ദൈന്യത ഇനിയെങ്കിലും അധികൃതർ കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.