കുറ്റിപ്പുറം: മൂത്ത മകളുടെ കല്യാണത്തിനായി നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു കുറ്റിപ്പുറം മല്ലൂർകടവ് സ്വദേശി ചോഴിമഠത്തിൽ ഹംസ (51). 15 ദിവസത്തിന് ശേഷം ബോധം തെളിയുമ്പോൾ ആശുപത്രി കിടക്കയിലാണ്. പരിക്കേറ്റ യാത്രക്കാരെയെല്ലാം ആശുപത്രിയിലെത്തിച്ചപ്പോഴും വിമാനത്തിലെ ഏഴാം നമ്പർ സീറ്റിൽ യാത്ര ചെയ്തയാളെ മാത്രം കണ്ടെത്താനായിരുന്നില്ല. ഹംസയെ മാത്രം ദുരന്ത സ്ഥലത്ത് കണ്ടെത്താനാകാതെ വിഷമിച്ച ബന്ധുക്കൾക്കും കരിപ്പൂർ അപകടം വിങ്ങുന്ന ഓർമയാണ്. സഹോദരൻ സൈതലവിയും മരുമകനും ചേർന്ന് പല ആശുപത്രികളിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പിറ്റേ ദിവസം രാവിലെ 10 മണിയോടെ മലപ്പുറം കലക്ടർ ഇടപെട്ട് കോഴിക്കോട് മിംസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഹംസയെ കണ്ടെത്തുകയായിരുന്നു. അപകടത്തിൽ നട്ടെല്ലിനും കൈക്കും കാലിനും തോളിനും ഗുരുതര പരിക്കേറ്റു. ഇവിടങ്ങളിലെല്ലാം കമ്പിയിട്ടു. പരസഹായമില്ലാതെ നടക്കാൻ പോലും കഴിയില്ല. 13 വർഷത്തോളം ഗൾഫിൽ ജോലി ചെയ്ത ഹംസ അവസാനകാലത്ത് ദുബൈയിൽ ഗസൽ മദീനയിൽ ഹോട്ടൽ ജീവനക്കാരാനായിരുന്നു.
ഭാര്യയും നാല് പെൺമക്കളും അടങ്ങുന്നതാണ് കുടുംബം. മൂത്ത മകൾ വിവാഹിതയായി. മറ്റു മൂന്ന് മക്കളും വിദ്യാർഥികളാണ്. ഏക അത്താണിയായ ഹംസക്കിനിയൊരു ജോലിക്കും പോകാൻ കഴിയില്ല. ആദ്യഘട്ടത്തിൽ എയർ ഇന്ത്യ സൗജന്യ ചികിത്സ ചെലവ് വഹിച്ചെങ്കിലും പിന്നീട് ഒരു ആനുകുല്യവും ലഭ്യമായിട്ടില്ല.
ആധി മാറാതെ ശ്രീജിത്തും കുടുംബവും
പൊന്നാനി: വെള്ളീരി സ്വദേശി പുതുപറമ്പിൽ ശ്രീജിത്ത് യു.എ.ഇയിൽ അക്കൗണ്ടൻറായി ജോലി ചെയ്യുന്നതിനിടെ ഭാര്യക്കും മകൾക്കുമൊപ്പമാണ് അപകടമുണ്ടായ വിമാനത്തിൽ നാട്ടിലേക്ക് എത്തുന്നത്. അപകടത്തിൽ ശ്രീജിത്തിെൻറ നട്ടെല്ലിന് തകരാർ സംഭവിക്കുകയും മാസങ്ങളോളം കിടപ്പിലാവുകയും ചെയ്തു. ഭാര്യ രേഷ്മയുടെ കൈകാലുകൾ പൊട്ടുകയും മകളുടെ തുടയെല്ലിന് പരിക്കേൽക്കുകയും ചെയ്തു. ഇവരുടെയെല്ലാം ചികിത്സ ചെലവ് എയർ ഇന്ത്യയാണ് വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.