കൊണ്ടോട്ടി: ജനുവരി 22ന് കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം കവർച്ച ചെയ്ത അന്തർജില്ല സംഘത്തിലെ സൂത്രധാരനും മുഖ്യ പ്രതിയുമായയാളെ അന്വേഷണസംഘം പിടികൂടി.
താനൂർ സ്വദേശി ഇസ്ഹാക്കാണ് പിടിയിലായത്. ഈ കേസുമായി ബന്ധപ്പെട്ട് 15 പ്രതികളെ മലപ്പുറം, നിലമ്പൂർ, തിരൂർ, മണ്ണാർക്കാട്, മൈസൂരു എന്നിവിടങ്ങളിൽനിന്ന് പിടികൂടിയിരുന്നു. ഇവരെ പിടികൂടിയതറിഞ്ഞ് ഇസ്ഹാക്ക് തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽനിന്നാണ് പിടികൂടിയത്. കോട്ടക്കലിൽ രണ്ടുവർഷം മുമ്പ് ഓട്ടോയിൽ കടത്തുകയായിരുന്ന മൂന്നുകോടി കുഴൽപ്പണ കവർച്ച, കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് മംഗലാപുരം സ്വദേശിയെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം കവർച്ച ചെയ്ത കേസ് എന്നിവ ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. ഇതോടെ കേസുമായി ബന്ധപ്പെട്ട 16 പേരും അറസ്റ്റിലായി. ഇവർ കവർച്ചക്കായി വന്ന മൂന്ന് ആഡംബര വാഹനങ്ങളും പിടിച്ചെടുത്തു.
തുടർച്ചയായി സമാനരീതിയിൽ ഉള്ള കുറ്റകൃത്യത്തിൽ ഉൾപ്പെടുന്നതിനാൽ ഇവർക്കെതിരെ കാപ്പയുൾപ്പെടെ നിയമനടപടികൾ സ്വീകരിക്കും. മലപ്പുറം ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡിവൈ.എസ്.പി അഷറഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.