ദുബൈ: കരിപ്പൂർ വിമാനാപാകടത്തിൽ മരിച്ചവരുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും ബന്ധുക്കൾ നഷ്ടപരിഹാരം തേടി രാജ്യാന്തര കോടതികളെ സമീപിക്കാനൊരുങ്ങുന്നു. ദുബൈ കോടതിയിലും ചിക്കാഗോ കോടതിയിലുമാണ് കേസ് നൽകുന്നത്. ആദ്യപടിയായി അപകടത്തിൽ മരിച്ച മണ്ണാർക്കാട് സ്വദേശിയായ രണ്ട് വയസുകാരിയുടെയും ഗുരുതരമായി പരിക്കേറ്റ മാതാവിെൻറയും കേസാണ് നൽകുന്നത്.
എയർ ഇന്ത്യ എക്സ്പ്രസിനും ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിക്കും അപകടത്തിൽപെട്ട വിമാനത്തിെൻറ നിർമ്മാതാക്കളായ ബോയിങ്ങിനും ലീഗൽ നോട്ടീസ് അയച്ചു. അപകടത്തിെൻറ ഇരകൾ ബഹുഭൂരിഭാഗവും യു.എ.ഇയിലായതും വിമാനം പുറപ്പെട്ടത് ദുബൈയിൽ നിന്നായതിനാലും നിയമനടപടികൾക്ക് കാലതാമസമുണ്ടാവില്ലെന്നതും കണക്കിലാക്കിയാണ് ദുബൈ കോടതിയെ സമീപിക്കുന്നതെന്ന് ഇരകളുടെ കൂട്ടായ്മ അറിയിച്ചു.
വിമാനത്തിെൻറ നിർമ്മാതാക്കളായ ബോയിങും നഷ്ടപരിഹാരം നൽകാൻ ഉത്തരവാദിയായതിനാൽ അവരുടെ ആസ്ഥാനം നിലകൊള്ളുന്ന യു.എസിലെ ചിക്കാഗോ കോടതിയിലും കേസ് ഫയൽ ചെയ്യും. മംഗളൂരു വിമാനാപകട ദുരന്തവുമായി ബന്ധപ്പെട്ട കേസ് ഇന്ത്യയിലെ കോടതികളിൽ അനന്തമായി നീണ്ടു പോയതും ഇവരെ രാജ്യാന്തര കോടതികളെ സമീപിക്കാൻ പ്രേരിപ്പിച്ചു.
ആയിഷ ദുആക്കും ഗുരുതര പരിക്കേറ്റ മാതാവിനും കൂടി 70 ലക്ഷം ഡോളർ ആണ് നഷ്ടപരിഹാരമായി എയർ ഇന്ത്യാ എക്സ്പ്രസിനോടും ബോയിങ്ങ് വിമാന കമ്പനിയോടും ആവശ്യപ്പെടുന്നത്. യു.എ.ഇയിലെ നിയമ സ്ഥാപനമായ ബെസ്റ്റ്വിൻസ് ലോ കോർപറേഷൻ വഴിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റ് ഏഴിനുണ്ടായ അപകടത്തിൽ പൈലറ്റ് ഉൾപെടെ 21 പേർക്കാണ് ജീവൻ നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.