കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ റീകാർപറ്റിങ് പ്രവൃത്തിയുടെ ടെൻഡർ സമയപരിധി അവസാനിച്ചു. ഏറ്റവും കുറഞ്ഞ തുക ഡൽഹി ആസ്ഥാനമായ കമ്പനിയാണ് ക്വോട്ട് ചെയ്തത്. സാങ്കേതിക ബിഡ് ദിവസങ്ങൾക്ക് മുമ്പും ഫിനാൻസ് ബിഡ് 28 നുമാണ് പരിശോധിച്ചത്. 65 കോടിക്കായിരുന്നു വിമാനത്താവള അതോറിറ്റി ടെൻഡർ വിളിച്ചിരിക്കുന്നത്. ഡൽഹി ആസ്ഥാനമായ എൻ.എസ്.സി കമ്പനി 56 കോടിക്കാണ് കരാർ വിളിച്ചത്. ഇവരുമായുള്ള നടപടികൾ പൂർത്തിയായ ശേഷം കരാർ ഒപ്പിടും. രാജ്യാന്തര ടെൻഡറിൽ ആറ് കമ്പനികളാണ് പങ്കെടുത്തത്.
പ്രവൃത്തി ആരംഭിക്കുന്നതിന് മുന്നോടിയായി എൻ.എസ്.സി കമ്പനി പ്രതിനിധികൾ തിങ്കളാഴ്ച കരിപ്പൂരിലെത്തി പരിശോധനകൾ നടത്തി. ഉന്നതസംഘം വരുംദിവസങ്ങളിൽ കരിപ്പൂരിലെത്തും. ജനുവരി 15 മുതൽ 11 മാസമാണ് പ്രവൃത്തി പൂർത്തീകരിക്കാനുള്ള സമയം. പ്രവൃത്തിക്കായി രാവിലെ പത്ത് മുതൽ വൈകീട്ട് ആറ് വരെയാണ് റൺവേ അടക്കുക.
ഈ സമയത്ത് സർവിസുകളുണ്ടാകില്ല. റൺവേ റീകാർപറ്റിങ്ങും സെന്റർലൈൻ ലൈറ്റിങ് സംവിധാനം ഒരുക്കലുമാണ് പ്രധാന പ്രവൃത്തി.
സെന്റർ ലൈൻ ലൈറ്റിങ് സംവിധാനം ഒരുക്കാൻ വിമാനാപകടം അന്വേഷിച്ച സമിതി നിർദേശിച്ചിരുന്നു. മറ്റ് വിമാനത്താവളങ്ങളിലെല്ലാം റൺവേ റീകാർപറ്റിങ് പ്രവൃത്തി കുറഞ്ഞ മാസങ്ങൾക്കകം പൂർത്തീകരിച്ചിരുന്നു. കരിപ്പൂരിൽ മൺസൂണിലെ രണ്ട് മാസം ഉൾപ്പെടെ 11 മാസമാണ് അനുവദിച്ചത്. പ്രവൃത്തി വേഗത്തിൽ പൂർത്തീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.