മലപ്പുറം: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ നിരവധി പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. 149 പേരാണ് നിലവിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആശുപത്രികളിലുള്ളത്. 22 പേരുടെ നില ഗുരുതരമാണ്. 23 പേർ ശനിയാഴ്ച ആശുപത്രി വിട്ടു. മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ, കോട്ടക്കൽ, മഞ്ചേരി എന്നിവടങ്ങളിലെ ആശുപത്രികളിലാണ് കൂടുതൽപേർ ചികിത്സയിൽ. ജില്ലയിൽ ചികിത്സയിലുള്ളവരെല്ലാം അപകടനില തരണം ചെയ്തതായാണ് ബന്ധപ്പെട്ട ആശുപത്രി അധികൃതർ അറിയിച്ചത്.
കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ 16 പേരെ പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ അപകടനില തരണം ചെയ്തു. ഇതിൽ അഞ്ചുപേർ കുട്ടികളാണ്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് വിദഗ്ധ ഡോക്ടർമാർ ഇവരെ പരിശോധിച്ച് അടിയന്തര സർജറി അടക്കം ചികിത്സ നൽകി. മഞ്ചേരി പച്ചീരി വീട്ടിൽ ഫാത്തിമ റഹ്മ (24), പാലക്കാട് കുലുക്കല്ലൂർ കുണ്ടുളയിൽ വീട്ടിൽ മുർഷിദ ഷെറിൻ (21), ചന്തക്കുന്ന് കളത്തുംപടിക്കൽ അജ്മൽ റോഷൻ (27), തിരുവാലി ശ്രീവിഹാറിൽ അരവിന്ദാക്ഷൻ (68), ഭാര്യ തിരുവാലി ശ്രീവിഹാർ വീട്ടിൽ സതി (50), കോഴിക്കോട് കരുവാങ്കുഴി പടിപ്പട്ടച്ചാലിൽ വീട്ടിൽ ഫാത്തിമ സന (13) , മലപ്പുറം ചെട്ടിപ്പടി നടമ്മൽ പുതിയകത്ത് അബ്ദുറഹ്മാൻകുട്ടി (47), എടപ്പാൾ തടവിൽവളപ്പിൽ നദീറ (24), പെരുമ്പടപ്പ് അയിരൂരിൽ ഒസാർ വീട്ടിൽ മുഹമ്മദ് ഷരീഫ് (40), ഇരുമ്പുഴി കൂത്രാടൻ റിഷാന (25), കൂത്രാടൻ കെൻവാൾ ആയിശ (രണ്ട്), മലപ്പുറം മൊറയൂർ അത്തിപ്പറമ്പിൽ വീട്ടിൽ ജസീല (30), എടവണ്ണ വടക്കൻ വീട്ടിൽ ജസ (അഞ്ച്), മുഹമ്മദ് ഹസ്സൻ (ഒന്നര), ചന്തക്കുന്ന് ഷാദിയ നവാൽ (27), ചന്തക്കുന്ന് ചിട്ടങ്ങാടൻ ആദം ഫിർദൗസ് (നാല്) എന്നിവരാണ് പരിക്കുകളോടെ ചികിത്സയിൽ.
പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചങ്ങരംകുളം സ്വദേശി മൊയ്തുട്ടി (56), പട്ടാമ്പി മുതുതല സ്വദേശി രവിശങ്കർ (34), ഭാര്യ താര രവിശങ്കർ (28) എന്നിവരും മൗലാന ആശുപത്രിയിൽ എടവണ്ണ പത്തപ്പിരിയം വടക്കൻ സമീറിെൻറ മകൾ (10), നീലഗിരി പാടൻതറയിൽ കണ്ണൻതൊടി അബ്ദു കബീർ (40) എന്നിവരുമാണ് ചികിത്സയിലുണ്ട്. ഇവരും അപകടനില തരണം ചെയ്തിട്ടുണ്ട്.
കോഴിക്കോട് പലേരി സ്വദേശി അഷ്റഫ് (45), കൽപകഞ്ചേരി സ്വദേശി തുപ്പത്ത് ജാസിർ (29), ഒതുക്കുങ്ങൽ ചെറുകുന്ന് ആഷിഖ് (22) എന്നിവരാണ് കോട്ടക്കൽ ആസ്റ്റർ മിംസിൽ ചികിത്സയിലുള്ളത്. അഷ്റഫിന് കൈക്കും കാലിനുമാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ ചികിത്സയിലുള്ള ചെമ്മാട് കരീപ്പറമ്പ് മണ്ടായപ്പുറത്ത് നിഹ്മത്തുല്ലക്ക് (31) കാലിനാണ് പരിക്കേറ്റത്. ശസ്ത്രക്രിയ കഴിഞ്ഞു. കൽപകഞ്ചേരി മയ്യേരിച്ചിറ കുഴിക്കാട്ട് അബ്ദുൽ കരീമാണ് (33) മറ്റൊരു യാത്രക്കാരൻ.
വിമാനാപകടത്തിൽ പരിക്കേറ്റ് മലപ്പുറം ജില്ലക്കാർ കോഴിക്കോെട്ട വിവിധ ആശുപത്രികളിലും ചികിത്സയിലുണ്ട്. ഒരുകുടുംബത്തിലെ മൂന്നുപേരടക്കം പരപ്പനങ്ങാടി സ്വദേശികളായ നാലുപേർ കോഴിേക്കാട് ചികിത്സയിലാണ്. ചെട്ടിപ്പടിയിലെ തലാശ്ശേരി പറമ്പിൽ നടമ്മൽ പുതിയകത്ത് അബ്ദുറഹ്മാൻ, ഭാര്യ മുനീറ, മകൻ മുഹമ്മദ് സുഹൈൽ എന്നിവർ കോഴിക്കോട് ഇഖ്റ ആശുപത്രിയിലാണുള്ളത്.
കോഴിക്കോട്: കരിപ്പൂർ: വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. ഗുരുതര പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷവും നിസാര പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്നും അപകടസ്ഥലം സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു. മറ്റ് സഹായങ്ങൾക്ക് പുറമെയാണിത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പത്തുലക്ഷം രൂപ വീതം ആശ്വാസധനം അനുവദിക്കുമെന്നും പരിക്കേറ്റവരുടെ ചികിത്സാ ചെലവ് പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍ക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുകയാണ് ഇപ്പോള്‍ അടിയന്തര ചുമതല. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 16 ആശുപത്രികളിലായി ഇവരുടെ ചികിത്സ ജില്ല അതോറിറ്റി ഏകോപിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിമാനത്തിെൻറ അപകടകാരണം വിദഗ്ധ സംഘം പരിശോധിച്ച് വരികയാണെന്ന് വ്യോമയാന മന്ത്രി പറഞ്ഞു.അന്വേഷണം പൂർത്തിയായ ശേഷം അപകട കാരണങ്ങളടക്കം വ്യക്തമാക്കാം. കൃത്യമായ അന്വേഷണം നടത്തും. പ്രതികൂല കാലാവസ്ഥയിലും ഉടൻ രക്ഷാപ്രവർത്തനം ആരംഭിക്കാനായി. വിമാനത്തിെൻറ പൈലറ്റ് ഇൻ കമാൻഡൻറായിരുന്ന ദീപക് സാഥെ മികച്ച പ്രവർത്തനപരിചയമുള്ളയാളാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൊണ്ടോട്ടി: കോവിഡ് ഭീതി മറന്നും കോരിച്ചൊരിയുന്ന മഴയത്തും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ നാട്ടുകാർ ഒന്നാകെ ക്വാറൻറീലേക്ക്. ദുരന്തവുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ കോവിഡ് സാഹചര്യത്തിൽ സ്വയം നിരീക്ഷണത്തിൽ നിൽക്കണമെന്ന നിർദേശത്തെ തുടർന്നാണിത്. കണ്ടെയ്ൻമെൻറ് സോണായിട്ടും വൈറസ് പടരാനുള്ള സാഹചര്യം കൂടുതലായിട്ടും അതെല്ലാം അവഗണിച്ചായിരുന്നു നാട്ടുകാർ ദുരന്തസ്ഥലത്ത് കുതിച്ചെത്തിയത്.
ജീവനുവേണ്ടി പിടഞ്ഞവർക്ക് ആശ്വാസമേകിയവർ ഇനി സ്വന്തം ജീവനുവേണ്ടി 14 ദിവസം നിരീക്ഷണത്തിൽ കഴിയും. കൊട്ടുക്കര സ്കൂളിൽ അധികൃതർ സൗകര്യം ഒരുക്കിയിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിലേർപ്പെട്ട പരിസരവാസികൾക്കും ആരോഗ്യ പ്രവർത്തകർക്കും സന്നദ്ധ സേവകർക്കും മാധ്യമ പ്രവർത്തകർക്കും കോവിഡ് പരിശോധിക്കാനുള്ള കൂടുതൽ സൗകര്യങ്ങളോടെയുള്ള പരിശോധന ആരംഭിക്കണമെന്ന് ടി.വി. ഇബ്രാഹീം എം.എൽ.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.