കിളിമാനൂർ: മടവൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായിരുന്ന കാർത്തിക ആർ .എസ് 'പോരാട്ട വീഥിയിൽ' എന്ന കവിതയെഴുതുമ്പോൾ ഒരിക്കലും വിചാരിച്ചിരുന്നില്ല, അത് കേരള നിയമസഭക്കുള്ളിലും അലയടിക്കുമെന്ന്. വെള്ളിയാഴ്ച ധനമന്ത്രി തോമസ് ഐസക് ബജറ്റിനിടെ സഭയിൽ കവിത ചൊല്ലിയശേഷം കാർത്തികയുടെ ഫോണിലേക്ക് അഭിനന്ദനപ്രവാഹമായിരുന്നു.
'വെളിച്ചമേ നീ എവിടെയീ ലോകത്ത് കൂരിരുട്ടിൻ കൂരമ്പിൻ മുനയിലോ നാം' എന്ന കാർത്തികയുടെ കവിത കോവിഡ് പശ്ചാത്തലത്തിൽ എഴുതിയതാണ്. 40 ഓളം വരികളുള്ള കവിതയിലെ 22ാം വരിയായ 'യുദ്ധം ജയിച്ചിടും യുവ സൂര്യൻ ഉദിച്ചിടും', 33ാം വരിയായ 'മുന്നോട്ട് നടന്നിടും നാമിനിയും', 35ാം വരിയായ 'വിജയഗാഥകൾ ചരിത്രമായി വാഴ്ത്തിടും' എന്നിവയാണ് ധനമന്ത്രി തോമസ് ഐസക് വെള്ളിയാഴ്ച നിയമസഭയിൽ ബജറ്റ് അവതരണ വേളയിൽ ആലപിച്ചത്. 'കോവിഡിന് മുന്നിൽ പകച്ചുനിൽക്കാൻ നാം തയാറല്ല, നമ്മുടെ കുട്ടികളടക്കം അതിജീവനത്തിെൻറ പുതുവഴികളെക്കുറിച്ചാണ് സ്വപ്നം കാണുന്നത്' എന്ന് പറഞ്ഞുതുടങ്ങിയ ശേഷമാണ് മന്ത്രി കാർത്തികയുടെ കവിതയിലെ വരികൾ കടമെടുത്തത്.
ലോക്ഡൗൺ സമയത്ത് വിദ്യാഭ്യാസവകുപ്പ് ഒന്നു മുതൽ 12ാം ക്ലാസുവരെയുള്ള കുട്ടികൾക്കായി 'അക്ഷരവൃക്ഷം' എന്ന ഓൺലൈൻ പരിപാടി സംഘടിപ്പിച്ചിരുന്നു. മലയാളം അധ്യാപികയായ ലേഖയുടെ നിർദേശത്തെ തുടർന്നാണ് 'പോരാട്ട വീഥിയിൽ' എന്ന കവിത കാർത്തിക എഴുതിയത്. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിൽ നിന്നും ലഭിച്ച രചനകളിൽനിന്നും തെരഞ്ഞെടുത്തവ എസ്.ഇ.ആർ.ടി.സി തെരഞ്ഞെടുത്ത് 10 പതിപ്പുകളാക്കി പുസ്തകമിറക്കി. ഇതിലെ മൂന്നാം പതിപ്പിലാണ് കാർത്തികയുടെ കവിത.
ഇപ്പോൾ നിലമേൽ എൻ.എസ്.എസ് കോളജിൽ ഒന്നാം വർഷ ബി.എസ്സി വിദ്യാർഥിനിയാണ് കാർത്തിക. എസ്.എസ്.എൽ.സിക്കും, പ്ലസ് ടുവിനും മടവൂർ എൻ.എസ്.എസ് സ്കൂളിൽ നിന്നും എല്ലാ വിഷയങ്ങൾ ക്കും എ പ്ലസ് നേടിയാണ് വിജയിച്ചത്. മടവൂർ സ്കൂളിന് സമീപം ഗാലക്സി എന്ന പാരലൽ കോളേജ് നടത്തുന്ന ജി. സുനിൽകുമാറിെൻറയും ആർ. രാധാമണിയുടെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.