ആറാട്ടുപുഴ (ആലപ്പുഴ): കോവിഡിനെ തോൽപിക്കാൻതക്ക പ്രായമല്ലാതിരുന്നിട്ടും കാർത്യായനി മുത്തശ്ശി പൊരുതി ജയിച്ചു. ''102 അത്ര വലിയ പ്രായമൊന്നുമല്ല മക്കളേ'' എന്നാണ് മുത്തശ്ശിയുടെ പക്ഷം. കോവിഡിന് പ്രായത്തെയെങ്കിലും ബഹുമാനിച്ചു കൂടെയെന്ന് മക്കളും സരസമായി ചോദിക്കുന്നു.
ആറാട്ടുപുഴ കള്ളിക്കാട് കൊച്ചേംപറമ്പിൽ റിട്ട. അധ്യാപകൻ പരേതനായ ശങ്കരെൻറ ഭാര്യ കാർത്യായനിക്കും കുടുംബത്തിനും രണ്ടാഴ്ച മുമ്പാണ് കോവിഡ് പിടിപെട്ടത്. മകൾ ഗീതക്കും ഇവരുടെ മകൾ ബിബിതക്കുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.
തുടർന്ന് കാർത്യായനി അമ്മക്കും ഗീതയുടെ മകൻ ആദർശ്, ഭാര്യ സിനി, ചെറുമക്കളായ അമോദ്, അജിംക്യ, മൃദുൻ എന്നിവരെയും ബാധിച്ചു. എല്ലാവരെയും ഹരിപ്പാട് മാധവ ജങ്ഷനിലുള്ള സർക്കാറിെൻറ കോവിഡ് ട്രീറ്റ്മെൻറ് സെൻററിലേക്ക് മാറ്റി.
ശ്വാസംമുട്ടൽ, ഉയർന്ന ശരീരോഷ്മാവ്, വയറിളക്കം എന്നിവയായിരുന്നു എല്ലാവരിലും പൊതുവായുണ്ടായ ലക്ഷണം. ആരോഗ്യവതിയായിരുന്ന കാർത്യായനി ഇതോടെ അവശയായി. അമ്മയുടെ കാര്യത്തിലായിരുന്നു വീട്ടുകാർക്ക് ആശങ്ക. ഓർമ നഷ്ടപ്പെട്ട അവസ്ഥയിലേക്ക് കാർത്യായനിയെത്തി.
മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടർമാർ പറഞ്ഞതോടെ ചികിത്സ അവിടെത്തന്നെ തുടർന്നു. പുെണയിലുള്ള ഗീതയുടെ മകൻ ഡോ. ഗിരിധറും വേണ്ട നിർദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. ഒരാഴ്ചക്കുള്ളിൽതന്നെ അപകടനില തരണം ചെയ്തു. തുടർചികിത്സ വീട്ടിലായിരുന്നു.
നന്നായി സംസാരിക്കുകയും കവിത ചൊല്ലുകയും പത്രം വായിക്കുകയും ചെയ്തിരുന്ന അമ്മ ഇപ്പോൾ പഴയ അവസ്ഥയിലെത്തിയെന്ന് ഗീത പറഞ്ഞു. ഒരുനൂറ്റാണ്ട് കാലത്തെ ജീവിതത്തിനിടയിൽ പലതും കണ്ടിട്ടുണ്ട്. ഒടുവിൽ കോവിഡിനെയും കാണാൻ പറ്റിയെന്ന് കാർത്യായനി മുത്തശ്ശി പറയുന്നു. ജീവിതം പലത് കണ്ട കാർത്യായനിയോടാണ് ഇന്നലെ കുരുത്ത കോവിഡ് മുട്ടാൻ നോക്കിയതെന്ന് രോഗത്തെ അതിജീവിച്ച സന്തോഷം പങ്കുവെച്ച് ചെറുമകൾ ബിബിത തമാശയായി പറഞ്ഞു.
പേരമക്കളോടൊപ്പം പാട്ടുപാടിയും കഥകൾ പറഞ്ഞും മുത്തശ്ശി വീണ്ടും ലോകവില്ലൻ കോവിഡിനെ തറപറ്റിച്ച ആത്മവിശ്വാസത്തിൽ പുതുജീവിതത്തിലേക്ക് കടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.