2016 ൽ ജില്ലയിലെ മുഴുവൻ മണ്ഡലവും എൽ.ഡി.എഫ് നേടിയപ്പോൾ എറ്റവും കുറഞ്ഞ ഭൂരിപക്ഷം നൽകിയത് കരുനാഗപ്പള്ളിയാണ്. ഏറെയും ഘടകകക്ഷികൾ മത്സരിച്ചിരുന്ന മണ്ഡലത്തിൽ കാലങ്ങൾക്കുശേഷമാണ് കോൺഗ്രസ് സ്വന്തം ചിഹ്നത്തിൽ സ്ഥാനാർഥിയെ നിർത്തിയത്. കോൺഗ്രസിലെ സി.ആർ. മഹേഷ് കനത്ത വെല്ലുവിളി ഉയർത്തിയെങ്കിലും സി.പി.ഐയെ മണ്ഡലം കൈവിട്ടില്ല. ആർ. രാമചന്ദ്രൻ 1759 വോട്ടിെൻറ ഭൂരിപക്ഷത്തിൽ വിജയിച്ചു.
മണ്ഡലത്തിെൻറ ചരിത്രമെടുത്താൽ സംസ്ഥാന രാഷ്ട്രീയത്തിലെ അതികായർ പോരാട്ടത്തിനിറങ്ങി ജയിച്ചുകയറിയതായി കാണാം. ബേബി ജോൺ, ബി.എം. ഷെരീഫ്, പി.എസ്. ശ്രീനിവാസൻ, ഇ. ചന്ദ്രശേഖരൻ നായർ, സി. ദിവാകരൻ എന്നിവർ ഉൾപ്പടെ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയിട്ടുണ്ട്. പലരും മന്ത്രിമാരുമായി. കരുനാഗപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന കരുനാഗപ്പള്ളി നഗരസഭയും ആലപ്പാട്, ക്ലാപ്പന, കുലശേഖരപുരം, ഓച്ചിറ, തഴവ, തൊടിയൂർ എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മണ്ഡലം.
1957 മുതലുള്ള തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ ഏഴുതവണ സി.പി.ഐ സ്ഥാനാർഥികൾ വിജയിച്ചിട്ടുണ്ട്. കൂടുതലും ചുവപ്പിനൊപ്പം നിന്നിട്ടുള്ള മണ്ഡലത്തിൽ 1987 മുതൽ നടന്ന തെരഞ്ഞെടുപ്പിൽ ഒരു തവണ മാത്രമാണ് എൽ.ഡി.എഫ് പരാജയപ്പെട്ടത്.
ആദ്യ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസിനായിരുന്നു വിജയം. പി. കുഞ്ഞുകൃഷ്ണൻ പി.എസ്.പിയിലെ പി.കെ. കുഞ്ഞിനെയാണ് പരാജയപ്പെടുത്തിയത്. 1960 ൽ കുഞ്ഞുകൃഷ്ണനെ പരാജയപ്പടുത്തി ബേബിജോൺ വിജയക്കൊടി പാറിച്ചു. 1965 ൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയത്തോടെ കുഞ്ഞുകൃഷ്ണൻ തിരികെയെത്തി. 1967 ൽ സ്വതന്ത്ര സ്ഥാനാർഥിയായി വീണ്ടുമെത്തിയ കോൺഗ്രസിലെ കെ.വി.എസ്. പണിക്കരെ മറികടന്നു. 1970 ൽ ആർ.എസ്.പി സ്ഥാനാർഥിയായി ബേബി ജോൺ വിജയം തുടർന്നു. അന്ന് കാഥികൻ വി. സാംബശിവനെയാണ് പരാജയപ്പെടുത്തിയത്. 1977 ൽ സി.പി.എമ്മും സി.പി.ഐയും നേർക്കുനേർ വന്നപ്പോൾ വിജയം സി.പി.ഐയിലെ ബി.എം. ഷെരീഫിനായിരുന്നു. സി.പി.എമ്മിലെ സി.പി. കരുണാകരൻ പിള്ളയായിരുന്നു എതിരാളി. 1980 ലും ഷെരീഫ് വിജയം ആവർത്തിച്ചു.
1982 ൽ എസ്.ആർ.പിയിലെ ടി.വി. വിജയരാജൻ ഷെരീഫിെൻറ കുതിപ്പിനു തടയിട്ടു. 1987ൽ കോൺഗ്രസിലെ കെ.സി. രാജനെ തോൽപിച്ച് വിജയക്കൊടി നാട്ടിയ സി.പി.ഐയിലെ പി.എസ്. ശ്രീനിവാസൻ 1991 ലും വിജയം ആവർത്തിച്ചു. 1991 ൽ കോൺഗ്രസിലെ ജമീല ഇബ്രാഹിമായിരുന്നു എതിരാളി. 1996 ൽ സി.പി.ഐ വിജയം ആവർത്തിച്ചപ്പോൾ ഇ. ചന്ദ്രശേഖരൻ നായർ നിയമസഭയിലെത്തി. ജെ.എസ്.എസിലെ സത്യജിത്തായിരുന്നു എതിരാളി. 2001ൽ മണ്ഡലത്തിൽ യു.ഡി.എഫ് വിജയം നേടി. ജെ.എസ്.എസിലെ എ.എൻ. രാജൻ ബാബു 839 വോട്ടിെൻറ ഭൂരിപക്ഷത്തിൽ സി.പി.ഐയിലെ കെ.സി. പിള്ളയെ തോൽപിച്ചു.
2006ൽ രാജൻബാബുവിനെ 12,496 വോട്ടിെൻറ ഭൂരിപക്ഷത്തിൽ മറികടന്ന സി. ദിവാകരനിലൂടെ സി.പി.ഐ തിരികെയെത്തി. 2011ലും ഇരുവരും വീണ്ടും മത്സരരംഗത്തെത്തിയപ്പോഴും വിജയം ദിവാകരനൊപ്പമായിരുന്നു. ഭൂരിപക്ഷം 14,522 ആയി വർധിച്ചു. 2016ൽ പക്ഷേ, ഭൂരിപക്ഷ കണക്കിൽ ജില്ലയിലെ അവസാന സ്ഥാനത്തെത്തി കരുനാഗപ്പള്ളി ഇടതുപക്ഷ വിജയത്തിെൻറ മാറ്റ് കുറച്ചു. ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മണ്ഡലം കൂടിയാണ് കരുനാഗപ്പള്ളി.
1957 - പി. കുഞ്ഞുകൃഷ്ണൻ (ഐ.എൻ.സി)
1960 - ബേബിജോൺ (ആർ.എസ്.പി)
1965 - പി. കുഞ്ഞുകൃഷ്ണൻ (കോൺ)
1967 - ബേബിജോൺ (ആർ.എസ്.പി)
1970 - ബേബിജോൺ (ആർ.എസ്.പി)
1977 - ബി.എം. ഷെരീഫ് (സി.പി.ഐ)
1980 - ബി.എം. ഷെരീഫ് (സി.പി.ഐ)
1982 - ടി.വി. വിജയരാജൻ (എസ്.ആർ.പി)
1987 - പി.എസ്. ശ്രീനിവാസൻ (സി.പി.ഐ)
1991 - പി.എസ്. ശ്രീനിവാസൻ (സി.പി.ഐ)
1996 - ഇ. ചന്ദ്രശേഖരൻ നായർ (സി.പി.ഐ)
2001 - എ.എൻ. രാജൻ ബാബു (ജെ.എസ്.എസ്)
2006 - സി. ദിവാകരൻ (സി.പി.ഐ)
2011 - സി. ദിവാകരൻ (സി.പി.ഐ)
2016 - ആർ. രാമചന്ദ്രൻ (സി.പി.ഐ)
2016 നിയമസഭ
ആർ. രാമചന്ദ്രൻ (സി.പി.ഐ) - 69,902
സി.ആർ. മഹേഷ് (ഐ.എൻ.സി) - 68,143
വി. വാസുദേവൻ (ബി.ഡി.ജെ.എസ്) - 19,115
ഭൂരിപക്ഷം - 1759
യു.ഡി.എഫ് - 63,303 (ലീഡ് - 4780)
എൽ.ഡി.എഫ് - 58,523
എൻ.ഡി.എ - 34,111
എൽ.ഡി.എഫ് - 71,002 (ലീഡ് - 9776)
യു.ഡി.എഫ് - 61,226
എൻ.ഡി.എ - 35,671
ആകെ വോട്ടർമാർ - 2,07,775
പുരു. - 1,01,154
സ്ത്രീ - 1,06,620
ട്രാൻസ്ജെൻഡർ - 01
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.