കരുനാഗപ്പള്ളി സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു; വിഭാഗീയതയിൽ കടുത്ത നടപടി

കൊല്ലം: കരുനാഗപ്പള്ളിയിൽ സി.പി.എമ്മിനുള്ളിലെ വിഭാഗീയതയിൽ കടുത്ത നടപടിയുമായി സംസ്ഥാന നേതൃത്വം. നടപടിയുടെ ഭാഗമായി നിലവിലെ ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് പകരം ഏഴംഗ അഡ്ഹോക്ക് കമ്മിറ്റിയെ ചുമതലപ്പെടുത്തി. സംസ്ഥാന സമ്മേളനം കഴിഞ്ഞ ശേഷമായിരിക്കും ഏരിയ സമ്മേളനം നടക്കുക. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗങ്ങളിലാണ് തീരുമാനം. ലോക്കൽ കമ്മിറ്റികളിൽ പ്രശ്നങ്ങളുണ്ടായെന്നും തെറ്റായ ഒരു പ്രവണതയും അംഗീകരിക്കാൻ കഴിയില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.

വിഭാഗീയത ചർച്ച ചെയ്യാൻ സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തിൽ വിളിച്ചു ചേർത്ത സി.പി.എം കൊല്ലം ജില്ല സെക്രട്ടറിയേറ്റ് യോഗത്തിലും ഭിന്നാഭിപ്രായങ്ങളുണ്ടായി. അച്ചടക്ക നടപടി ഉടൻ വേണമെന്ന് ഒരുപക്ഷം നിലപാടെടുത്തപ്പോൾ വിമതർക്ക് പറയാനുള്ളത് കേൾക്കണം എന്നും ആവശ്യം ഉയർന്നു.

വിഭാഗീയതയെ തുടർന്ന് 'സേവ് സി.പി.എം' എന്ന പ്ലക്കാർഡുകളുമേന്തി കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫിസിലേക്ക് പ്രവർത്തകർ പ്രകടനം നടത്തിയതിനു പിന്നാലെയായിരുന്നു സംസ്ഥാന നേതൃത്വത്തിന്‍റെ ഇടപെടൽ. നേരത്തെ നേതൃത്വത്തിനെതിരെ 'സേവ് സി.പി.എം' എന്ന പോസ്റ്റർ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫിസിന് പുറത്തടക്കം പതിച്ചിരുന്നു. ജില്ല കമ്മിറ്റി അംഗം പി.ആർ. വസന്തനെതിരെയും ആരോപണമുണ്ട്.

കരുനാഗപ്പള്ളിയിലെ സി.പി.എം ലോക്കൽ സമ്മേളനങ്ങൾ കയ്യാങ്കളിയിൽ കലാശിച്ചിരുന്നു. ഈയിടെ നടന്ന കുലശേഖരപുരം നോർത്ത് സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഉൾപ്പെടെ പൂട്ടിയിട്ട സംഭവവുമുണ്ടായി. ഏകപക്ഷീയമായി ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരെ തീരുമാനിച്ചതിന് എതിരെയായിരുന്നു പ്രതിഷേധം.

Tags:    
News Summary - Karunagappally CPM area committee dissolved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.