തൃശൂർ: നിക്ഷേപം കിട്ടുന്നില്ലെന്ന പരാതികളുയരുന്നതിനിടെ കരുവന്നൂരിനെ രക്ഷിക്കാനുള്ള നടപടികളിലേക്ക് കടന്ന് സംസ്ഥാന സർക്കാർ. കരുവന്നൂര്‍ ബാങ്കിന് മാത്രമായി വായ്പ കുടിശ്ശിക നിവാരണത്തിന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ വലിയതോതിലാണ് പലിശ ഇളവ് ലഭിക്കുന്നതെന്ന് ബാങ്ക് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയര്മാന് പി.കെ. ചന്ദ്രശേഖരന് അറിയിച്ചു. ഒരുവര്‍ഷം വരെ കുടിശ്ശികയുള്ള വായ്പകൾക്ക് 10 ശതമാനവും അഞ്ചുവര്‍ഷം വരെ കുടിശ്ശികയുള്ളവക്ക് 50 ശതമാനം വരെയും പലിശയിളവും പുതിയ പാക്കേജിലൂടെ ലഭിക്കും.
മാരകരോഗമുള്ളവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, ആശ്രിതര്‍ക്ക് തുക തിരിച്ചടക്കേണ്ടിവരുന്ന സാഹചര്യമുള്ളവര്‍ എന്നിവരുടെ വായ്പകളില്‍ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് പലിശയില്‍ ഇളവ് അനുവദിക്കും. പലിശ ഇളവുകള്‍ ഡിസംബര്‍ 30 വരെ തുടരുമെന്നും അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി വ്യക്തമാക്കി. ബാങ്കില്‍ പുതുതായി ആരംഭിച്ച അഞ്ചുലക്ഷം വരെയുള്ള ഭൂപണയ വായ്പകളിലും അപേക്ഷകര്‍ എത്തിയിട്ടുണ്ടെന്നും സ്വർണപണയ വായ്പകള്‍ സജീവമായി തുടരുന്നതായും അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയര്മാന് പറഞ്ഞു.
നിക്ഷേപകർക്ക് തുക ലഭിക്കുന്നില്ലെന്ന പരാതികൾക്കും ഈയാഴ്ച തന്നെ പരിഹാരമുണ്ടായേക്കും. സർക്കാർ തയാറാക്കിയ പുനരുദ്ധാരണ നിധിയുടെ അന്തിമ നടപടിക്രമങ്ങൾ അടുത്തദിവസങ്ങളിൽതന്നെ പൂർത്തിയാക്കാൻ നിർദേശിച്ചിട്ടുണ്ട്. ഈ ആഴ്ച തന്നെ തുക കരുവന്നൂർ അടക്കമുള്ള ബാങ്കുകൾക്ക് നൽകാനാണ് ആലോചന. ഇതോടൊപ്പം റബ്കോ അടക്കം വിവിധയിടങ്ങളിലുള്ള കരുവന്നൂരിന്റെ നിക്ഷേപങ്ങൾ പിൻവലിക്കാനുള്ള നടപടികളിലേക്കും കടന്നു. കുടിശ്ശിക നിവാരണ പാക്കേജ് പ്രഖ്യാപിച്ചതോടെ ആളുകൾ വായ്പ തീർപ്പാക്കലിന് എത്തിത്തുടങ്ങിയിട്ടുണ്ട്. സ്വർണ പണയ വായ്പകളും ആരംഭിച്ചതോടെ ബാങ്ക് പ്രവർത്തനം സാധാരണ നിലയിലാണ്. അമ്പതിനായിരം വരെയുള്ള നിക്ഷേപങ്ങൾ ഈ ആഴ്ച കൊടുക്കാനാണ് നീക്കം. ഇതോടൊപ്പം ബാങ്ക് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ വീടുകളിൽ കയറിയുള്ള ബോധവത്കരണ കാമ്പയിനും വിജയകരമാണെന്നാണ് പറയുന്നത്. നിക്ഷേപങ്ങളുടെ വാഗ്ദാനങ്ങൾ ഇതിനകം ലഭിച്ചു. ഈ ആഴ്ചയിൽ ഇതിൽ പലതും ലഭിച്ചേക്കും.
കാലാവധി പൂർത്തിയായവയിൽതന്നെ പലരും നിക്ഷേപം പുതുക്കാനും സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി പറഞ്ഞു. കഴിഞ്ഞദിവസം ഇരിങ്ങാലക്കുട സ്വദേശിനിയായ വീട്ടമ്മ ഒരുലക്ഷം രൂപയുടെ സ്ഥിരനിക്ഷേപത്തിനായി ബാങ്കിലെത്തിയത് വീടുകളിൽ കയറിയുള്ള ബോധവത്കരണത്തിന്റെ ഫലമാണെന്നാണ് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയുടെ വിലയിരുത്തൽ. വാർത്തകൾ നിക്ഷേപകരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ടെങ്കിലും കാര്യങ്ങൾ വിശദീകരിച്ചതിലൂടെ ഏറെ പേർക്കും ബോധ്യപ്പെടുന്നുണ്ടെന്നാണ് കമ്മിറ്റി അഭിപ്രായപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.