കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ അറസ്റ്റിലായ വടക്കാഞ്ചേരി നഗരസഭയിലെ സി.പി.എം കൗൺസിലർ പി.ആർ. അരവിന്ദാക്ഷന്‍റെ അമ്മയുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ കൈമാറിയത് പെരിങ്ങണ്ടൂർ ബാങ്ക് തന്നെയാണെന്ന വെളിപ്പെടുത്തലുമായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി). ഇത് അമ്മയുടെ അക്കൗണ്ടാണെന്ന് അരവിന്ദാക്ഷൻ സമ്മതിച്ചതായും ഇ.ഡി കോടതിയിൽ പറഞ്ഞു.
ഈ അക്കൗണ്ട് വഴി 63 ലക്ഷത്തിന്‍റെ ഇടപാടാണ് നടന്നത്. ഇവിടെ അരവിന്ദാക്ഷന്‍റെ അമ്മക്ക് അക്കൗണ്ടുണ്ടെന്ന പ്രചാരണം ശരിയല്ലെന്ന് ബാങ്ക് തന്നെ നിലപാടെടുത്ത് രംഗത്തുവന്ന സാഹചര്യത്തിലാണ് ബാങ്കിനെത്തന്നെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തൽ സത്യവാങ്മൂലമായി സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ സമർപ്പിച്ചത്.
ഇ.ഡി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നതിങ്ങനെ: ചോദ്യം ചെയ്ത സമയത്ത് കുടുംബാംഗങ്ങളുടെ അക്കൗണ്ട് വിശദാംശങ്ങൾ ആവശ്യപ്പെട്ടപ്പോൾ അരവിന്ദാക്ഷൻ നൽകാൻ തയാറായില്ല. പിന്നീട് ഇ-മെയിൽ വഴി ബാങ്കിനോട് വിവരങ്ങൾ ആവശ്യപ്പെട്ടു. ബാങ്ക് സെക്രട്ടറി നൽകിയ രേഖയിൽ അരവിന്ദാക്ഷന്‍റെ 90കാരിയായ അമ്മ ചന്ദ്രമതിയുടെ പേരിൽ അക്കൗണ്ട് ഉണ്ടെന്നും 63 ലക്ഷം രൂപയുടെ ഇടപാട് നടന്നുവെന്നും വ്യക്തമായി. അമ്മയുടെ അക്കൗണ്ടാണിതെന്ന് അരവിന്ദാക്ഷൻ സമ്മതിച്ചിട്ടുമുണ്ട്.
ഈ അക്കൗണ്ടിൽ വിശദമായ അേന്വഷണം നടക്കുന്നുണ്ടെന്നും ഇ.ഡി വ്യക്തമാക്കി. ഇതിന്‍റെ ഭാഗമായാണ് കഴിഞ്ഞ ദിവസങ്ങളിൽ പെരിങ്ങണ്ടൂർ ബാങ്ക് സെക്രട്ടറി ടി.ആർ. രാജനെ ചോദ്യം ചെയ്തത്.
അരവിന്ദാക്ഷന്‍റെയും ഭാര്യയുടെയും മക്കളുടെയും പേരുകൾ മാത്രമാണ് ഇ.ഡി ബാങ്കിനോട് ആവശ്യപ്പെട്ടത്. എന്നാൽ, ബാങ്ക് സെക്രട്ടറി അരവിന്ദാക്ഷന്‍റെ അമ്മയുടെ അക്കൗണ്ട് നമ്പറും സ്റ്റേറ്റ്മെന്‍റും അടക്കം കൈമാറി. ഇത് ചന്ദ്രമതിയുടേതല്ലെന്ന് ബാങ്ക് പരസ്യമായി പറഞ്ഞതിന് മറുപടിയെന്ന നിലയിലാണ് അക്കൗണ്ട് വിശദാംശങ്ങൾ നൽകിയത് ബാങ്ക് തന്നെയാണെന്ന തെളിവ് ഇ.ഡി സമർപ്പിച്ചത്.
ചന്ദ്രമതിയുടെ അക്കൗണ്ടിന്‍റെ നോമിനി കേസിലെ ഒന്നാം പ്രതി സതീഷ് കുമാറിന്‍റെ സഹോദരൻ ശ്രീജിത്താണെന്ന ആരോപണവും നിലനിൽക്കുന്നു. അരവിന്ദാക്ഷനെയും കരുവന്നൂർ ബാങ്ക് ജീവനക്കാരനായിരുന്ന ജിൽസിനെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഇ.ഡി സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് കോടതി തിങ്കളാഴ്‌ചത്തേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.