കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായവരുടെ ജയിൽ മാറ്റം സംബന്ധിച്ച് ജയിൽ സൂപ്രണ്ട് വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി. എറണാകുളം സബ്ജയിലിലേക്ക് മാറ്റണമെന്നാണ് കലൂരിലെ പ്രത്യേക കോടതിയുടെ ഉത്തരവ്.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സി.പി.എം നേതാവ് പി.ആർ. അരവിന്ദാക്ഷന്റെ ജയിൽ മാറ്റം സംബന്ധിച്ച് എറണാകുളം പ്രത്യേക പി.എം.എൽ.എ കോടതി ജയിൽ വകുപ്പിനോട് വിശദീകരണം തേടിയിരുന്നു. എറണാകുളം സബ് ജയിലിൽ പാർപ്പിച്ചിരുന്ന അരവിന്ദാക്ഷനെ കാക്കനാട്ടെ ജില്ല ജയിലിലേക്കാണ് മാറ്റിയത്. മുൻകൂട്ടി അറിയിക്കാതെയുള്ള ജയിൽ മാറ്റത്തെപ്പറ്റി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരാതിപ്പെട്ടതോടെയാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടത്.
അരവിന്ദാക്ഷനെയും കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്റ് സി.കെ. ജിൽസിനെയും കൊച്ചിയിലെ പി.എം.എൽ.എ കോടതി കഴിഞ്ഞയാഴ്ച എറണാകുളം സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തിരുന്നു. എന്നാൽ, കോടതിയെയോ അന്വേഷണ ഏജൻസിയെയോ അറിയിക്കാതെ ഇരുവരെയും ജില്ല ജയിലിലേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച കേസ് പരിഗണിക്കുമ്പോഴാണ് ഇ.ഡി സ്പെഷൽ പ്രോസിക്യൂട്ടർ ഇക്കാര്യം കോടതിയിൽ ഉന്നയിച്ചത്.
അരവിന്ദാക്ഷനെ ഒന്നാം പ്രതി സതീഷ്കുമാറിനൊപ്പം പാർപ്പിച്ചതിൽ ആശങ്കയുണ്ടെന്ന് ഇ.ഡി ബോധിപ്പിച്ചു. സതീഷുമായി അരവിന്ദാക്ഷന് അടുത്ത ബന്ധമുള്ളതിനാൽ അന്വേഷണത്തെ ഇത് ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി. അതിനിടെ, അരവിന്ദാക്ഷനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഇ.ഡി കോടതിയിൽ അപേക്ഷ നൽകും. ഇയാളെ നേരത്തേ ഒരുദിവസത്തേക്ക് കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നു. മുഖ്യപ്രതികളായ സതീഷ്കുമാർ, പി.പി. കിരൺ എന്നിവരുടെ റിമാൻഡ് കാലാവധി ഒക്ടോബർ 17 വരെ കോടതി നീട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.