കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ടുപേരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. മുൻ മന്ത്രിയും സി.പി.എം നേതാവുമായ എ.സി. മൊയ്തീന്റെ ബിനാമികളെന്ന് ഇ.ഡി സംശയിക്കുന്ന പി. സതീഷ് കുമാർ, ഇടനിലക്കാരൻ പി.പി. കിരൺ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലു ദിവസമായി ഇവരെ ചോദ്യം ചെയ്തുവരുകയായിരുന്നു.
തിങ്കളാഴ്ച വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ ചൊവ്വാഴ്ച കൊച്ചിയിലെ പി.എം.എൽ.എ കോടതിയിൽ ഹാജരാക്കും. കേസിൽ ഇ.ഡിയുടെ ആദ്യ അറസ്റ്റാണിത്. സതീഷ് കുമാറാണ് തട്ടിപ്പിലെ പ്രധാന പ്രതിയെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. ഇയാൾ നിരവധി ബാങ്കുകളിൽ ബിനാമി ഇടപാടുകൾ നടത്തിയതായാണ് നിഗമനം. കിരൺ വിവിധ പേരുകളിൽ 14 കോടി തട്ടിയെടുത്തതായും കണ്ടെത്തിയിട്ടുണ്ട്. സി.പി.എം പ്രാദേശിക നേതാക്കളുടെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നും വ്യക്തമായി. സതീഷ് കുമാറിന് നിരവധി സി.പി.എം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. ബാങ്കുമായി നേരിട്ട് ബന്ധമില്ലെങ്കിലും തട്ടിയെടുത്ത വായ്പകൾ കൈകാര്യം ചെയ്തിരുന്നത് ഇയാളാണ്.
കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് ഇ.ഡി നൽകുന്ന വിവരം. നേരത്തേ എ.സി. മൊയ്തീന്റെ തൃശൂരിലെ വീട്ടിൽ റെയ്ഡ് നടത്തിയ ശേഷം അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. അതേസമയം, രണ്ടാമതും നോട്ടീസ് നൽകിയിട്ടും എ.സി. മൊയ്തീൻ തിങ്കളാഴ്ചയും ഹാജരാകാത്ത സാഹചര്യത്തിൽ കൂടുതൽ സാവകാശം നൽകേണ്ടെന്നാണ് ഇ.ഡിയുടെ തീരുമാനം എന്നറിയുന്നു. ഇതനുസരിച്ച് വീണ്ടും നോട്ടീസ് നൽകും. ഇക്കാര്യത്തിൽ ചൊവ്വാഴ്ച തീരുമാനമുണ്ടാകും.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ ഇ.ഡി നടപടിക്കെതിരെ ഹൈകോടതിയെ സമീപിക്കാൻ എ.സി. മൊയ്തീൻ എം.എൽ.എ. നേരേത്ത കിഫ്ബിയുമായി ബന്ധപ്പെട്ട കേസിൽ ഡോ. തോമസ് ഐസക് സ്വീകരിച്ച അതേ നിയമവഴി സ്വീകരിക്കാനാണ് തീരുമാനം. പാർട്ടി നിയോഗിച്ച അഭിഭാഷകരുടെ സംഘമാണ് നേതൃത്വത്തിന് നിയമോപദേശം നൽകിയത്. അടുത്ത ദിവസംതന്നെ ഹൈകോടതിയിൽ ഹരജി നൽകുമെന്നാണ് സൂചന.
സെപ്റ്റംബർ നാലിന് ഹാജരാകാൻ മൊയ്തീന് ഇ.ഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ, അസൗകര്യമറിയിച്ച മൊയ്തീൻ തിങ്കളാഴ്ച തിരുവനന്തപുരത്ത് പ്രവാസി ക്ഷേമം സംബന്ധിച്ച നിയമസഭ സമിതി യോഗത്തിൽ പങ്കെടുത്തു. സമിതി ചെയർമാൻകൂടിയായ മൊയ്തീൻ ചൊവ്വാഴ്ചയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ആഗസ്റ്റ് 31ന് ഹാജരാവാനാണ് ഇ.ഡി ആദ്യം നോട്ടീസ് നൽകിയത്. എന്നാൽ, അസൗകര്യമറിയിച്ചതോടെ സെപ്റ്റംബർ നാലിന് ഹാജരാവാൻ ആവശ്യപ്പെട്ടു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഹാജരാവുന്നത് തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഹാജരായാൽ മതിയെന്നാണ് സി.പി.എം നിർദേശിച്ചിട്ടുള്ളത്.
കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിൽ വ്യാജവായ്പ അനുവദിക്കാനുള്ള ബിനാമി ഇടപാടിൽ എ.സി. മൊയ്തീന് പങ്കുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ആഗസ്റ്റ് 22ന് മൊയ്തീന്റെ വടക്കാഞ്ചേരിയിലെ വീട്ടിലും കുന്നംകുളത്തെ ഓഫിസിലും പരിശോധന നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.