കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കുറ്റപത്രത്തിന്റെ പകര്‍പ്പ് പ്രതികള്‍ക്ക് ഡിജിറ്റലായി നല്കാന് അനുമതി തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയെ സമീപിച്ചു. 55 പ്രതികള്‍ക്ക് കുറ്റപത്രവും അനുബന്ധ രേഖകളും നല്കാന് 13ലക്ഷം പേപ്പര്‍ വേണം. രേഖകള്‍ ഡിജിറ്റലായി കൈമാറുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇതുവഴി നൂറിലേറെ മരങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും കോടതി ഇത് പ്രോത്സാഹിപ്പിക്കണമെന്നും ഇ.ഡി പറഞ്ഞു.
13,000ത്തിലേറെ പേജുകളുള്ള കുറ്റപത്രം പെട്ടി ഓട്ടോയില്‍ ആറ് വലിയ തകരപ്പെട്ടികളിലാക്കിയാണ് കോടതിയിലെത്തിച്ചത്. മൊഴികളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും ചേര്‍ന്നാണ് പേജുകൾ ഇത്രയുമായത്. വിചാരണ നടപടികളിലേക്ക് കടക്കുന്നതിന് മുന്നോടിയായി കുറ്റപത്രത്തിന്റെ പകര്‍പ്പ് എല്ലാ പ്രതികള്‍ക്കും കൈമാറണം. ഈ സാഹചര്യത്തിലാണ് ഡിജിറ്റല്‍ കുറ്റപത്രം നല്കാന് അനുമതി തേടിയത്. ഓരോ പ്രതിക്കും 26,000 പേജുകള്‍ വീതമാണ് നല്‍കേണ്ടത്. ഇത് പ്രായോഗികമല്ലെന്നും അച്ചടിക്ക് മാത്രം 12 ലക്ഷത്തിലേറെ രൂപ ചെലവാകുമെന്നും എല്ലാ പ്രതികൾക്കും പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകളുടെ ഓരോ പകർപ്പും ആവശ്യമില്ലെന്നും ഇ.ഡി പറഞ്ഞു.
കുറ്റപത്രത്തിന്റെ പകര്‍പ്പ് പ്രിന്റ് ചെയ്തും അനുബന്ധ രേഖകള്‍ 55 പെന്ഡ്രൈവുകളിലാക്കിയും കോടതിയില്‍ ഏല്പിച്ചു. ഡിജിറ്റല്‍ കുറ്റപത്രം സി.ആർ.പി.സി 207ാം വകുപ്പ് പ്രകാരമുള്ള പ്രതികളുടെ അവകാശത്തെ ഇല്ലാതാക്കുന്നില്ലെന്ന് ഇ.ഡി വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.