തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.എം സംസ്ഥാന സമിതി അംഗം എം.കെ. കണ്ണനിലേക്കും അന്വേഷണം നീളാൻ സാധ്യത. കണ്ണൻ പ്രസിഡന്റായ തൃശൂർ സർവീസ് സഹകരണ ബാങ്കിലും ഇ.ഡി അന്വേഷണം നടത്തുന്നുണ്ട്. കേരള ബാങ്ക് വൈസ് പ്രസിഡന്റ് കൂടിയാണ് കണ്ണൻ.
മുൻ മന്ത്രി എ.സി. മൊയ്തീനെ കൂടാതെ സി.പി.എമ്മിലെ രണ്ട് പ്രമുഖർ കൂടി ഇ.ഡി അന്വേഷണ വലയത്തിലുണ്ടെന്നും സൂചനയുണ്ട്. തട്ടിപ്പ് തുകയായ 300 കോടിയുടെ വിഹിതം ആരൊക്കെ കൈപ്പറ്റിയെന്ന് അറിയാനും അന്വേഷണം നടക്കുന്നുണ്ട്.
ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കരുവന്നൂരിൽ ഇടനില നിന്ന് കിരൺ 30 കോടി രൂപ തട്ടിയെന്ന് കണ്ടെത്തിയെങ്കിലും പണം കണ്ടെത്താനായിരുന്നില്ല. അഞ്ചരക്കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കൊച്ചിയിലെ ദീപക് എന്ന ബിസിനസുകാരന്റെ വീട്ടിലും ഇ.ഡി റെയ്ഡ് നടത്തുന്നുണ്ട്. കിരണിന്റെ അടുത്ത സുഹൃത്താണ് ഇയാൾ. കിരൺ തട്ടിയ പണം വെളുപ്പിച്ചത് ഇയാൾ വഴിയാണെന്നും ഇ.ഡി കരുതുന്നുണ്ട്.
നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ സി.പി.എം നേതാവും മുൻ മന്ത്രിയുമായ എ.സി മൊയ്തീനോട് ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. മൊയ്തീനെ ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്ന് റെയ്ഡ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.