തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ മൊഴിയിൽനിന്ന് പിന്തിരിയാൻ ആവശ്യപ്പെട്ട് സി.പി.എം കേന്ദ്രങ്ങൾ പണം വാഗ്ദാനം ചെയ്തെന്ന് കേസിലെ മുഖ്യസാക്ഷി ജിജോർ. മുഖ്യപ്രതി സതീഷ് കുമാറിന്റെ ഇടപാടുകളെല്ലാം അറിയാവുന്ന അടുത്ത സുഹൃത്തും സഹായിയുമായിരുന്ന ജിജോർ പാടൂക്കാട് വീട്ടിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
ജിജോറിനെതിരെ തട്ടിപ്പ് പരാതികൾ വന്നതും അന്വേഷണം തുടങ്ങിയതും പുറത്തുവന്നതോടെയാണ് പണം വാഗ്ദാനം ചെയ്ത് സി.പി.എം കേന്ദ്രങ്ങൾ സ്വാധീനിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് രംഗത്തുവന്നത്. മൂന്നു കോടിയോളം തനിക്ക് വാഗ്ദാനം ചെയ്തു. പാർട്ടിക്കാരുമായി ബന്ധപ്പെട്ട തന്റെ സുഹൃത്തുക്കളാണ് സമീപിച്ചത്.
എന്നാൽ, താൻ ഇത് വിശ്വസിക്കുന്നില്ല. കേസുമായി ബന്ധപ്പെട്ട് താൻ നൽകിയ 164 വകുപ്പ് പ്രകാരമുള്ള രഹസ്യമൊഴിയിൽനിന്ന് പിന്മാറാനാണ് സമ്മർദം. കരുവന്നൂരിൽ സതീഷ് കുമാറിന് തട്ടിപ്പിന് കളമൊരുക്കിയത് സി.പി.എം നേതാക്കളായ എ.സി. മൊയ്തീനും കൗണ്‍സിലര്‍മാരായ അനൂപ് ഡേവിസ് കാടയും അരവിന്ദാക്ഷനുമാണെന്ന് ജിജോർ ഇ.ഡിക്ക് നൽകിയ മൊഴിയിലുണ്ട്.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ജിജോറിനെതിരെ തട്ടിപ്പ് പരാതികളെത്തിയിട്ടുണ്ട്. ജിജോറും ഭാര്യയും ചേർന്ന് ഭൂമി തട്ടിയെടുത്തെന്ന പരാതിയാണ് കഴിഞ്ഞ ദിവസം എത്തിയത്. പുതുക്കാട് ആമ്പല്ലൂർ സ്വദേശിയാണ് ഇതു സംബന്ധിച്ച പരാതി ജില്ല റൂറൽ പൊലീസ് മേധാവിക്ക് നൽകിയത്.
ആമ്പല്ലൂരിലെ 50 സെന്റ് സ്ഥലം 90 ലക്ഷത്തിന് വാങ്ങാമെന്ന് വാഗ്ദാനം നടത്തി 45 ലക്ഷം മാത്രം നൽകി തീറുവാങ്ങി ബാക്കി പിന്നീട് തരാമെന്ന് പറഞ്ഞ് വഞ്ചിച്ചെന്നാണ് പരാതി. ഈ സ്ഥലം ഈട് നൽകി ജിജോർ ബാങ്കിൽനിന്ന് 70 ലക്ഷം വായ്പയെടുത്തു. ജില്ലയിൽ 35 തട്ടിപ്പ് കേസുകളുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.